അഡ്‌ലെയ്ഡ്:  ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ അവസാന ദിനം ഇംഗ്ലണ്ട് സമനിലക്കായി ആഞ്ഞുശ്രമിച്ചു. ജോസ് ബട്‌ലറിലായിരുന്നു ഇംഗ്ലണ്ടിന്റെ എല്ലാ പ്രതീക്ഷകളും. ഏഴാമനായി ഗ്രൗണ്ടിലെത്തി 258 മിനിറ്റുകള്‍ ക്രീസില്‍ ചിലവഴിച്ച ബട്‌ലര്‍ നേരിട്ടത് 207 പന്തുകളാണ്. 

To advertise here,

താരത്തിന്റെ ഈ പ്രതിരോധം കണ്ട് ഇംഗ്ലീഷ് ആരാധകര്‍ സമനില ഉറപ്പിച്ചു. എന്നാല്‍ 110-ാം ഓവറിലെ അവസാന പന്ത് എല്ലാം തകിടം മറിച്ചു. റിച്ചാര്‍ഡ്‌സണ്‍ന്റെ പന്തില്‍ ഹിറ്റ് വിക്കറ്റില്‍ ഔട്ടാകാനായിരുന്നു ബട്‌ലറുടെ വിധി. ഒമ്പതാമനായി പുറത്താകുമ്പോള്‍ ബട്‌ലറുടെ സമ്പാദ്യം 26 റണ്‍സായിരുന്നു.

റിച്ചാര്‍ഡ്‌സണ്‍ന്റെ പന്ത് നേരിടുന്നതിനിടെ ബട്‌ലറുടെ കാല് തട്ടി ബെയ്ല്‍സ് ഇളകി വീഴുകയായിരുന്നു. ഒരു നിമിഷത്തിന് ശേഷമാണ് ബട്‌ലറും ഓസീസ് താരങ്ങളും അതു വിക്കറ്റാണെന്ന് തിരിച്ചറിഞ്ഞത്. സിംഗിളെടുക്കാനുള്ള ശ്രമത്തിലായിരുന്ന ബട്‌ലര്‍ നേരെ ഡ്രസ്സിങ് റൂമിലേക്ക് തിരിച്ചു നടന്നു.

ഈ ഹിറ്റ് വിക്കറ്റില്‍ നിരാശ പ്രകടിപ്പിച്ച് നിരവധി ഇംഗ്ലീഷ് ആരാധകരാണ് ട്വീറ്റ് ചെയ്തത്. ഇത്ര കഷ്ടപ്പെട്ട് കളിച്ചത് ഇങ്ങനെ വിക്കറ്റ് കളയാന്‍ ആയിരുന്നോ എന്നാണ് അവരുടെ ചോദ്യം. മത്സരശേഷം ബട്‌ലറെ അഭിനന്ദിച്ച് ക്യാപ്റ്റന്‍ റൂട്ടും രംഗത്തെത്തി. 'ബട്‌ലര്‍ ഹിറ്റ് വിക്കറ്റിലൂടെ പുറത്തായത് ഹൃദയഭേദകമായിരുന്നു. അദ്ദേഹത്തിന്റെ മാനസികാവസ്ഥ പ്രശംസനീയമായിരുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ പ്രതിരോധിച്ച് ബാറ്റു ചെയ്തതില്‍ അഭിനന്ദിക്കാതെ വയ്യ.'  റൂട്ട് വ്യക്തമാക്കുന്നു.

Content Highlights: How Jos Buttler's 258 Minute Marathon Innings Ended In Hitwicket In England vs Australia 2nd Test