അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ടി20 യിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. 16 പന്തിൽ നിന്ന് അർധസെഞ്ചുറി തികച്ച പാണ്ഡ്യ 25 പന്തിൽ നിന്ന് 63 റൺസെടുത്താണ് പുറത്തായത്. ടി20 യിൽ ഇന്ത്യക്കായി ഏറ്റവും വേഗത്തിൽ അർധസെഞ്ചുറി തികച്ച രണ്ടാമത്തെ താരമായും പാണ്ഡ്യ മാറി.

To advertise here,

അഞ്ചാമനായി ഇറങ്ങിയ താരം നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സറടിച്ചാണ് തുടങ്ങിയത്. പിന്നാലെ തലങ്ങും വിലങ്ങും പ്രോട്ടീസ് ബൗളർമാരെ പ്രഹരിച്ചു. ജോർജ് ലിൻഡെ എറിഞ്ഞ 14-ാം ഓവറിൽ രണ്ട് വീതം ഫോറുകളും സിക്‌സറുകളും അടക്കം 20 റൺസാണ് പാണ്ഡ്യ അടിച്ചെടുത്തത്. കോർബിൻ ബോഷ് എറിഞ്ഞ 17-ാം ഓവറിൽ ഒരു ഫോറും രണ്ട് സിക്‌സറുമടിച്ച് താരം അർധസെഞ്ചുറി തികച്ചു. 16 പന്തിൽ നിന്നാണ് ഫിഫ്റ്റി.

അതോടെ ടി20 യിൽ ഇന്ത്യക്കായി ഏറ്റവും വേഗത്തിൽ അർധസെഞ്ചുറി തികച്ച രണ്ടാമത്തെ താരമായും പാണ്ഡ്യ മാറി. 12 പന്തിൽ ഫിഫ്റ്റിയടിച്ച യുവരാജ് സിങ്ങാണ് ടി20യിൽ ഇന്ത്യക്കായി അതിവേഗം അർധസെഞ്ചുറി നേടിയ താരം. 2007 ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേയാണ് യുവരാജിന്റെ പ്രകടനം. 17 പന്തിൽ അർധസെഞ്ചുറി തികച്ച അഭിഷേക് ശർമയാണ് പട്ടികയിലെ മൂന്നാമൻ. 18 പന്തിൽ നിന്ന് ഫിഫ്റ്റിയടിച്ച കെ.എൽ. രാഹുൽ പട്ടികയിൽ നാലാമതും സൂര്യകുമാർ യാദവ് അഞ്ചാമതുമാണ്.