അഹമ്മദാബാദ്: കിട്ടിയ അവസരം സഞ്ജു സാംസൺ ഫലപ്രദമായിത്തന്നെ വിനിയോഗിച്ചു. വെള്ളിയാഴ്ച നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ടി20 പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരത്തിൽ സഞ്ജു മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അഭിഷേക് ശർമയ്‌ക്കൊപ്പം ഓപ്പണറായിറങ്ങി, 22 പന്തിൽനിന്ന് നേടിയത് 37 റൺസ്. രണ്ട് സിക്‌സും നാല് ഫോറും ഇന്നിങ്‌സിലുണ്ട്. രണ്ടാം ഓവറിലെ അവസാന പന്തിൽ മാർക്കോ ജാൻസനെ സിക്‌സടിച്ച് തുടങ്ങിയ സഞ്ജു പിന്നീട്, ഒട്ട്‌നീൽ ബാർട്ട്മാന്റെ ഓവറിൽ മൂന്ന് ഫോറുകൾ പറത്തി 14 റൺസും നേടി. ഒൻപതാം ഓവറിൽ പുറത്താവുമ്പോൾ ടീം 95 റൺസിലെത്തിയിരുന്നു.
വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് പരിക്കേറ്റതുകൊണ്ട് മാത്രമാണ് സഞ്ജുവിന് പരമ്പരയിൽ ബാറ്റിങ്ങിന് അവസരം കിട്ടിയത്. ആദ്യ മൂന്ന് മത്സരങ്ങളിലും ഓപ്പണായിറങ്ങിയ ഗിൽ നേടിയത് വെറും 32 റൺസ് മാത്രം. പിന്നാലെ പരിക്കേറ്റതും ഗില്ലിന് തിരിച്ചടിയായി. ബാക്കി രണ്ട് മത്സരങ്ങളിൽ സഞ്ജുവിനാണ് അവസരം കൈവന്നത്. അതിൽ ഒന്ന് കനത്ത മഞ്ഞുവീഴ്ച കാരണം നടക്കാതെ പോയി. അഞ്ചാം മത്സരത്തിൽ കിട്ടിയ അവസരം മുതലെടുക്കുകതന്നെ ചെയ്തു. ഗിൽ മൂന്ന് മത്സരങ്ങളിൽ നേടിയതിനേക്കാൾ അഞ്ച് റൺസ് അധികം സഞ്ജുവിന് ഒറ്റ മത്സരത്തിൽ നേടാനായി. അടുത്തവർഷം നടക്കുന്ന ന്യൂസീലൻഡിനെതിരായ ടി20 പരമ്പരയ്ക്കും ടി20 ലോകകപ്പിനുമുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കേ, സഞ്ജുവിന്റെ പ്രകടനം നിർണായകമാകും.
വെള്ളിയാഴ്ചത്തെ തിരിച്ചുവരവിൽ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ 1,000 റൺസെന്ന കടമ്പ പിന്നിടാനും സഞ്ജുവിനായി. ടി20 ക്രിക്കറ്റിൽ 8,000 റൺസ് നേടുന്ന ഏഴാമത്തെ ഇന്ത്യൻ താരമാവാനും കഴിഞ്ഞു. 319 മത്സരങ്ങളിൽനിന്നാണ് സഞ്ജു 8,000 റൺസ് കുറിച്ചത്. 414 മത്സരങ്ങളിൽ 13,543 റൺസ് നേടിയ കോലിയാണ് ഒന്നാമത്. 463 മത്സരങ്ങളിൽ 12,248 റൺസ് നേടിയ രോഹിത് രണ്ടാമതും 9,797 റൺസ് നേടിയ ശിഖർ ധവാൻ മൂന്നാമതുമാണ്. സൂര്യകുമാർ യാദവ്, സുരേഷ് റെയ്‌ന, കെ.എൽ. രാഹുൽ എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
Content Highlights: Sanju Samson's Stellar Return: Two Major T20 Milestones Achieved
Published: 20 Dec 2025, 11:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented