സൗത്ത് വെയില്‍സ്: 2018-ല്‍ ഒരഭിമുഖത്തിനിടെ ഇതിഹാസ ക്രിക്കറ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ പറഞ്ഞിരുന്നു, വീരേന്ദര്‍ സെവാഗ് നേരിടാന്‍ ഇഷ്ടപ്പെടാത്ത ബൗളറാണ് ഓസ്‌ട്രേലിയയുടെ നഥാന്‍ ബ്രാക്കനെന്ന്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്, 2011-ല്‍ 1.3 കോടി രൂപയ്ക്ക് ലേലത്തില്‍ വാങ്ങിയിട്ടും ടീമിനായി കളിക്കാന്‍ വിസമ്മതിച്ച താരമാണ് ബ്രാക്കന്‍. അക്കാലത്ത് ഐ.സി.സി. ഏകദിന ബൗളിങ് റാങ്കിങ്ങില്‍ മികച്ച സ്ഥാനമുണ്ടായിരുന്ന പേസര്‍ പക്ഷേ, പിന്നീട് ക്രിക്കറ്റുമായി ബന്ധമില്ലാത്ത കരിയറാണ് തിരഞ്ഞെടുത്തത്. നാല്‍പ്പത്തേഴുകാരനായ ബ്രാക്കന്‍ ഇപ്പോള്‍ ഓസ്‌ട്രേലിയയിലെ സൗത്ത് വെയില്‍സില്‍ അക്കൗണ്ട് മാനേജരായി ജോലിചെയ്യുന്നു.

To advertise here,

2011-ലാണ് ബ്രാക്കന്‍ അന്താരഷ്ട്ര ക്രിക്കറ്റ് മതിയാക്കുന്നത്. 2008-ല്‍ ഏകദിനത്തിലെ മുന്‍നിര ബൗളറായിരുന്ന ബ്രാക്കന്‍ ഇടക്കാലത്ത് രാഷ്ട്രീയത്തിലും ഒരു കൈനോക്കിയിരുന്നു. ലിബറല്‍ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുപ്പിലും മത്സരിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനായി കളിക്കാന്‍ വിസമ്മതിച്ച ആ വര്‍ഷംതന്നെയായിരുന്നു വിരമിച്ചതും. 

വിരമിച്ചതിനു കാരണം ക്രിക്കറ്റ് ഓസ്‌ട്രേലിയയാണെന്ന് തുടര്‍ന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. 2012-ല്‍, 2007-ലെ ഒരു സംഭവം മുന്‍നിര്‍ത്തി ബ്രാക്കന്‍ ഒരു കേസ് ഫയല്‍ ചെയ്തിരുന്നു. അന്ന് ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിന്റെ തലേദിവസം തന്റെ വലതു കാല്‍മുട്ടിനേറ്റ പരിക്ക് രോഗനിര്‍ണയം നടത്തി ചികിത്സിക്കുന്നതിൽ ഗവേണിങ് ബോഡിയും അതിലെ മൂന്ന് മെഡിക്കല്‍ വിദഗ്ധരും പരാജയപ്പെട്ടെന്ന് കാണിച്ചായിരുന്നു കേസ്. എന്നാല്‍, ഈ ആരോപണം ക്രിക്കറ്റ് ഓസ്‌ട്രേലിയ നിഷേധിച്ചു. കേസ് ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.