ലണ്ടൻ: വിക്കറ്റിന് പിന്നിൽ നിന്ന് എപ്പോഴും ബൗളർക്കും ഫീൽഡർമാർക്കും ഹിന്ദിയിൽ നിർദേശം നൽകുന്ന ക്യാപ്റ്റനായിരുന്നു എം.എസ് ധോനി. എന്നാൽ ധോനിയുടെ ഈ നിർദേശങ്ങളും ഉപദേശങ്ങളുമെല്ലാം ഇംഗ്ലീഷ് ടീമിലെ ഒരു താരത്തിന് മനസ്സിലാകുമായിരുന്നു. മുൻ ഇംഗ്ലീഷ് സ്പിന്നറും ഇന്ത്യൻ വംശജനുമായ മോണ്ടി പനേസറാണ് ആ താരം. ഹിന്ദിയും പഞ്ചാബിയും നല്ലപോലെ സംസാരിക്കാൻ തനിക്ക് അറിയാമെന്നും എന്നാൽ ധോനിക്ക് അത് തിരിച്ചറിയാനായില്ലെന്നും പനേസർ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പനേസർ.

To advertise here,

ഗ്രൗണ്ടിൽ ധോനി ശാന്തനായ വ്യക്തിയാണ്. അധികമൊന്നും സംസാരിക്കില്ല. അദ്ദേഹത്തെ പ്രകോപിപ്പിക്കാൻ എന്തെങ്കിലും പറഞ്ഞാലും തിരിച്ചൊന്നും പറയില്ല. കളി വിലയിരുത്തുന്നതിലും അതിന് അനുസരിച്ച് തന്ത്രങ്ങൾ മെനയുന്നതിലും മിടുക്കനാണ്. എതിരാളികൾ ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ വീഴ്ത്താനുള്ള ഫീൽഡ് സെറ്റ് ചെയ്യാനും ധോനിക്ക് നന്നായി അറിയാം.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ധോനി വിക്കറ്റിന് പിന്നിൽ നിന്ന് വിളിച്ചുപറയുന്നതെല്ലാം എനിക്ക് മനസ്സിലാകും. അൽപം വൈഡായി പന്തെറിയൂ, അല്ലെങ്കിൽ നേരെ പന്തെറിയൂ എന്നൊക്കെയാണ് ധോനി ഹിന്ദിയിൽ ബൗളർമാരോട് പറയുക. പക്ഷേ എനിക്ക് ഇതെല്ലാം മനസിലാകുന്നുണ്ടെന്ന് ധോനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ടു ഒന്നും മനസ്സിലാകാത്തതുപോലെ ഞാനും അഭിനയിച്ചു. അദ്ദേഹത്തിനെതിരേ കളിക്കാൻ സാധിച്ചു എന്നതിൽ എനിക്ക് അഭിമാനമുണ്ട്-പനേസർ വ്യക്തമാക്കുന്നു.

പഞ്ചാബിൽ നിന്നുള്ള പനേസറിന്റെ കുടുംബം1979-ൽ ഇംഗ്ലണ്ടിലെ ലൂട്ടണിലേക്ക് കുടിയേറിയതാണ്. 2006-ലെ ഇന്ത്യൻ പര്യടനത്തിലായിരുന്നു പനേസർ ടെസ്റ്റിൽ അരങ്ങേറിയത്. ഇംഗ്ലണ്ടിനായി 50 ടെസ്റ്റും 26 ഏകദിനവും കളിച്ച താരമാണ് പനേസർ.

Content Highlights: England spinner Monty Panesar, MS Dhoni