കൊളംബോ: ശ്രീലങ്ക ഇലവനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യക്കായി സെഞ്ചുറി നേടി ദേവ്ദത്ത് പടിക്കൽ. ത്രിദിന മത്സരത്തിന്റെ രണ്ടാംദിനം പൂർത്തിയായപ്പോൾ ശ്രീലങ്കയുടെ ആദ്യ ഇന്നിങ്‌സിനൊപ്പമെത്താൻ ഇന്ത്യക്ക് ആറു റൺസ് കൂടി മതി. ആറ് വിക്കറ്റ് നഷ്ടത്തിൽ 357 റൺസെന്ന നിലയിലാണ് ഇന്ത്യ. 18 പന്തിൽ 36 റൺസോടെ ഗുർനൂർ ബ്രാറും 164 പന്തിൽ 142 റൺസുമായി ദേവ്ദത്ത് പടിക്കലുമാണ് ക്രീസിൽ.

To advertise here,

ഇന്ത്യയുടെ നാല് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായ മത്സരത്തിൽ ദേവ്ദത്തിന്റെ സെഞ്ചുറിയും ഗുർനൂറിന്റെ ഒരോവറിലെ ആറ് സിക്‌സറുമാണ് ഇന്ത്യൻ ആരാധകർക്ക് വിരുന്നൊരുക്കിയത്. തിലകരത്‌ന എറിഞ്ഞ രണ്ടാം ദിവസത്തെ അവസാന ഓവറിലായിരുന്നു ഗുർനൂറിന്റെ വെടിക്കെട്ട്.

164 പന്തിൽ 18 ഫോറിന്റെ അകമ്പടിയോടെ 142 റൺസ് അടിച്ച മികച്ച ബാറ്റിങ്ങാണ് മലയാളി താരം ദേവ്ദത്ത് പുറത്തെടുത്തത്. ക്യാപ്റ്റൻ കെ.എൽ. രാഹുൽ 40 റൺസും രവീന്ദ്ര ജഡേജ 63 റൺസും മാനസ് സുതർ 41 റൺസും നേടി പിന്തുണ നൽകി. എന്നാൽ, യശസ്വി ജയ്‌സ്വാൾ, ഋഷഭ് പന്ത്, ധ്രുവ് ജുറെൽ, മുഹമ്മദ് സിറാജ് എന്നിവർ നിരാശപ്പെടുത്തി.

117 പന്തിൽ 63 റൺസ് നേടിയ ജഡേജ, ഒരു റൺ അടിച്ച കുൽദീപ് യാദവ്, 22 റൺസ് നേടിയ സാരാംശ് ജെയ്ൻ എന്നിവർ റിട്ടയേർഡ് ഹർട്ട് ആകുകയായിരുന്നു. ശ്രീലങ്കയ്ക്കായി മെൻഡിസും മനോജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ലങ്ക ആദ്യ ഇന്നിങ്‌സ് എട്ട് വിക്കറ്റിന് 363 റൺസായപ്പോൾ ഡിക്ലയർ ചെയ്യുകയായിരുന്നു. അർധ സെഞ്ചുറി നേടിയ ഫെർണാണ്ടോ, രസന്ത, സോണൽ ദിനൂഷ എന്നിവരാണ് ആതിഥേയരെ മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യക്കായി ജഡേജ, കുൽദീപ് യാദവ്, മാനസ് സുതർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.