ലിങ്കൺ: ന്യൂസീലൻഡ് എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യ മികച്ച നിലയിൽ. മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 288 റൺസ് എന്ന നിലയിലാണ്. നിലവിൽ ഇന്ത്യ എക്ക് 284 റൺസ് ലീഡുണ്ട്. 51 റൺസോടെ വാഷിങ്ടൺ സുന്ദറും ഒരു പന്തുമാത്രം നേരിട്ട ആകാശ് ദീപുമാണ് ക്രീസിൽ.

To advertise here,

മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ സെഞ്ചുറിയും സായ് സുദർശൻ, യാഷ് റാത്തോഡ് എന്നിവരുടെ അർധ സെഞ്ചുറികളുമാണ് ഇന്ത്യ എക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. മൂന്നാം ദിനം 56 റൺസിൽ നിന്ന് തുടങ്ങിയ ദേവ്ദത്ത് കിവീസ് ബൗളർമാരെ കടന്നാക്രമിച്ചു. ഇരട്ട സെഞ്ചുറിക്ക് ഒരു റൺ അരികെ സാക്ക് ഗിബ്‌സണിന്റെ പന്തിൽ ഔട്ടായി. 248 പന്തിൽ 24 ഫോറും മൂന്ന് സിക്‌സും സഹിതമാണ് ദേവ്ദത്ത് 199 റൺസ് അടിച്ചെടുത്തത്.

സായ് സുദർശൻ 184 പന്തിൽ നിന്ന് 91 റൺസ് നേടി. 72 പന്തിൽ നിന്ന് 66 റൺസുമായി യാഷ് റാത്തോഡും പിന്തുണ നൽകി. രണ്ടാം ദിനം ആദ്യ അഞ്ച് ഓവറിനുള്ളിൽതന്നെ ഓപ്പണർമാരായ കെ.എൽ രാഹുലിനേയും യശസ്വി ജയ്‌സ്വാളിനേയും നഷ്ടപ്പെട്ട് തകർച്ചയിലായ ഇന്ത്യ എയെ ദേവ്ദത്തും സായ് സുദർശനും ചേർന്നാണ് കരകയറ്റിയത്. ഇരുവരും മൂന്നാം വിക്കറ്റിൽ 215 റൺസ് കൂട്ടുകെട്ടുണ്ടാക്കി.

നേരത്തെ ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ 113 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിൽ ന്യൂസീലൻഡ് എ 317 റൺസ് അടിച്ചെടുക്കുകയും ചെയ്തു.