ന്യൂഡൽഹി: ഇക്കഴിഞ്ഞ ശനിയാഴ്ച പഞ്ചാബ് കിങ്‌സിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിന്റെ ബാറ്റിങ് കണ്ട് സ്വന്തം ആരാധകർ പോലും ഞെട്ടിയിരുന്നു. അമ്മാതിരി അടിയായിരുന്നു പഞ്ചാബ് കിങ്‌സിനെതിരേ ഡൽഹി താരങ്ങൾ പുറത്തെടുത്തത്. കെ.എൽ രാഹുലിന്റെയും നിതീഷ് റാണയുടെയും വെടിക്കെട്ട് ബാറ്റിങ്ങിൽ ഡൽഹി അടിച്ചുകൂട്ടിയത് 264 റൺസായിരുന്നു. ആ സ്‌കോർ പ്രതിരോധിക്കാൻ സാധിക്കാതെ പരാജയപ്പെട്ടെങ്കിലും ഡൽഹി ടീമിന്റെ ബാറ്റിങ് കൈയടി നേടിയിരുന്നു.

To advertise here,

എന്നാൽ, ആ മത്സരത്തിനുശേഷം ഒരുദിവസം പിന്നിടുമ്പോൾ ബാറ്റിങ്ങിൽ ഒരിക്കൽ കൂടി കാണികളെ ഞെട്ടിച്ചിരിക്കുകയാണ് ഡൽഹി. പക്ഷേ, ഇത്തവണ ബാറ്റിങ് തകർച്ച കാരണമാണ് ടീം ആരാധകരെ പോലും ഞെട്ടിച്ചിരിക്കുന്നത്.

പഞ്ചാബിനെതിരേ 264 റൺസടിച്ചുകൂട്ടിയ അതേ അരുൺ ജെയ്റ്റിലി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ 3.5 ഓവറിൽ വെറും എട്ടു റൺസ് ചേർക്കുന്നതിനിടെ ആറു വിക്കറ്റുകളാണ് ഡൽഹി നിരയിൽ കടപുഴകിയത്. ഇന്നിങ്‌സിന്റെ രണ്ടാം പന്തിൽ തുടങ്ങിയ ബാറ്റിങ് തകർച്ച ഐപിഎൽ ചരിത്രത്തിൽ പവർപ്ലേയിലെ ഏറ്റവും മോശം സ്‌കോർ എന്ന നാണക്കേടും ഡൽഹിയുടെ തലയിൽ ചാർത്തിക്കൊടുത്തു. ആറ് ഓവർ പിന്നിടുമ്പോൾ 13 റൺസിന് ആറു വിക്കറ്റ് എന്ന നിലയിലായിരുന്നു ഡൽഹി.

ഭുവനേശ്വർ കുമാറിന്റെയും ജോഷ് ഹേസൽവുഡിന്റെയും മികച്ച ബൗളിങ്ങാണ് ഡൽഹിയെ തകർത്തത്. രണ്ടാം പന്തിൽത്തന്നെ ഓപ്പണർ സഹിൽ പരാഗിനെ മടക്കി ഭുവിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ കെ.എൽ രാഹുലിനെ ഹേസൽവുഡ് ഡഗ്ഔട്ടിലേക്കയച്ചു. തൊട്ടടുത്ത പന്തിൽ സമീർ റിസ്‌വിയും വീണു. മൂന്നാം ഓവറിലെ ആദ്യ പന്തിൽ ട്രിസ്റ്റൻ സ്റ്റബ്ബ്‌സിനെയും നാലാം പന്തിൽ ആക്ഷർ പട്ടേലിനെയും മടക്കി ഭുവി ഡൽഹിയെ ഞെട്ടിച്ചു. നാലാം ഓവറിൽ നിതീഷ് റാണയെ ഹേസൽവുഡും പുറത്താക്കിയതോടെ ഡൽഹിയുടെ പവർപ്ലേ ദുരന്തം പൂർണമായി.

പവർപ്ലേയിൽ ഭുവിക്കും ഹേസൽവുഡിനും മൂന്ന് ഓവറുകൾ വീതം നൽകിയ ക്യാപ്റ്റൻ രജപ് പാട്ടിദാറിന്റെ തന്ത്രവും ഫലംകണ്ടു.