പാകിസ്താനിലെ ജനങ്ങളില്‍നിന്ന് ലഭിച്ച സ്‌നേഹത്തിന് നന്ദിയുണ്ട്. എന്നാല്‍ ക്രിക്കറ്റ് കരിയറില്‍ കടുത്ത വിവേചനവും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള ശ്രമങ്ങളും നേരിടേണ്ടിവന്നു

ഡാനിഷ് കനേരിയ
കറാച്ചി: പാകിസ്താന്‍ ജന്മഭൂമിയും ഇന്ത്യ മാതൃഭൂമിയുമാണെന്ന് മുന്‍ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. പാകിസ്താനിലെ ജനങ്ങളില്‍നിന്ന് ലഭിച്ച സ്‌നേഹത്തിന് നന്ദിയുണ്ട്. എന്നാല്‍ ക്രിക്കറ്റ് കരിയറില്‍ കടുത്ത വിവേചനവും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള ശ്രമങ്ങളും നേരിടേണ്ടിവന്നു. ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിനുവേണ്ടി ശ്രമിക്കുകയാണെന്ന ആരോപണങ്ങളെയും അദ്ദേഹം തള്ളി. സാമൂഹിക മാധ്യമമായ എക്‌സിലെ ഒരു നീണ്ട പോസ്റ്റിലാണ് കനേരിയ ഇക്കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്.
പാകിസ്താനെക്കുറിച്ച് മിണ്ടാതിരിക്കുകയും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുകയും ചെയ്യുന്നതെന്തുകൊണ്ടെന്ന് ചോദിക്കുന്ന നിരവധി ആളുകളുണ്ട്. ഇന്ത്യന്‍ പൗരത്വം ലഭിക്കാനാണ് ഇത് ചെയ്യുന്നതെന്നാണ് ചിലരുടെ ആരോപണം. അതിനാല്‍ ഇക്കാര്യങ്ങളില്‍ ഒരു വിശദീകരണം ആവശ്യമായി തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് തുറന്നുപറച്ചിലെന്നും കനേരിയ പറയുന്നു. പാകിസ്താന്‍ തന്റെ ജന്മഭൂമിയും ഇന്ത്യ തന്റെ മാതൃഭൂമിയുമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, പൂര്‍വികരുടെ നാടായ ഇന്ത്യ തനിക്ക് ക്ഷേത്രംപോലെയാണെന്നും കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ പൗരത്വം നേടാന്‍ നിലവില്‍ പദ്ധതിയില്ലെന്നും കനേരിയ പറഞ്ഞു. ഇനി എപ്പോഴെങ്കിലും അങ്ങനെ തീരുമാനിക്കുകയാണെങ്കില്‍ അതിന് പൗരത്വഭേദഗതി നിയമം (സിഎഎ) നിലവിലുണ്ട്. ധര്‍മത്തിനുവേണ്ടി നിലകൊള്ളുന്നത് തുടരും. മൂല്യങ്ങളെ നശിപ്പിക്കുകയും ഭിന്നതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന രാജ്യവിരുദ്ധരെയും കപട മതേതരവാദികളെയും തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമന്റെ അനുഗ്രഹത്താല്‍ താന്‍ കുടുംബത്തോടൊപ്പം സുരക്ഷിതനും സന്തുഷ്ടനുമാണ്. തന്റെ വിധി ശ്രീരാമന്റെ കൈകളിലാണ്. ജയ്ശ്രീറാം എന്നെഴുതി അദ്ദേഹം പോസ്റ്റ് ഉപസംഹരിക്കുന്നു.
പാക് ദേശീയ ടീമിനെ പ്രതിനിധാനം ചെയ്ത ചുരുക്കം ചില ഹിന്ദുമത വിശ്വാസികളായ കളിക്കാരില്‍ ഒരാളാണ് ഡാനിഷ് കനേരിയ. ടീമില്‍ കളിച്ചിരുന്ന കാലത്ത് ഷാഹിദ് അഫ്രീദി അടക്കമുള്ള ആളുകളില്‍നിന്ന് മതപരമായ വിവേചനം നേരിട്ടതായി പലപ്പോഴും അദ്ദേഹം ആരോപിച്ചിരുന്നു. 2000-നും 2010-നുമിടയില്‍ പാകിസ്താനുവേണ്ടി 61 ടെസ്റ്റുകളും 18 ഏകദിനങ്ങളും കളിച്ചു. പിന്നീട് ഒത്തുകളി കേസില്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) അദ്ദേഹത്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി.
Content Highlights: Danish Kaneria Clarifies Stance on India, Pakistan Citizenship Amidst Controversy
Published: 04 Oct 2025, 08:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented