ന്യൂഡൽഹി: തന്റെ അനുമതിയോ അറിവോ കൂടാതെ വേൾഡ് ട്വന്റി20 കോണ്ടിനെന്റ് കപ്പ് ടൂർണമെന്റിലെ കളിക്കാരുടെ പട്ടികയിൽ പേര് ഉൾപ്പെടുത്തിയ സംഘാടകർക്കെതിരേ നിയമനടപടിക്കൊരുങ്ങി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ.

To advertise here,

പാകിസ്താൻ താരങ്ങൾ കൂടി ഉൾപ്പെടുന്ന 'ഏഷ്യ വാരിയേഴ്സ്' ടീമിലാണ് ധവാന്റെ പേര് സംഘാടകർ ഉൾപ്പെടുത്തിയത്. എന്നാൽ ഈ ടൂർണമെന്റുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ടൂർണമെന്റിൽ നിന്ന് താൻ പൂർണമായും വിട്ടുനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ധവാൻ സംഘാടകർക്കെതിരേ രൂക്ഷമായി പ്രതികരിച്ചത്.

'വേൾഡ് ട്വന്റി20 കോണ്ടിനെന്റ് കപ്പിൽ പങ്കാളിയെന്ന നിലയിൽ എന്റെ പേര് വന്നിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടു. എന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് സംഘാടകർ എന്റെ പേര് ഉപയോഗിച്ചിരിക്കുന്നത്. ഇതിനെതിരേ ആവശ്യമായ നിയമനടപടികൾ എന്റെ ലീഗൽ ടീം സ്വീകരിക്കും. ഔദ്യോഗികമല്ലാത്ത പ്രഖ്യാപനങ്ങൾ റിപ്പോർട്ട് ചെയ്യുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്ന് മാധ്യമങ്ങളോടും ആരാധകരോടും അഭ്യർത്ഥിക്കുന്നു,' - ധവാൻ എക്സിൽ കുറിച്ചു.

ഏഷ്യ വാരിയേഴ്സ് ടീമിൽ ധവാനെ കൂടാതെ മറ്റ് മുൻ ഇന്ത്യൻ താരങ്ങളായ രാഹുൽ ശർമ, ഗുർകീരത് സിങ് മാൻ, അഭിമന്യു മിഥുൻ എന്നിവരുടെ പേരുകളും ഉൾപ്പെടുത്തിയിരുന്നു. കൂടാതെ പാക് കളിക്കാരായ സൊഹൈൽ തൻവീർ, ഇഫ്തിഖർ അഹമ്മദ്, മുഹമ്മദ് ഇമ്രാൻ ഖാൻ എന്നിവരടക്കം 24 അംഗ ടീമിലാണ് ധവാന്റെ പേര് വന്നത്.

പഹൽഗാം ഭീകരാക്രമണത്തിനും അതിനെത്തുടർന്നുണ്ടായ സംഘർഷങ്ങൾക്കും ശേഷം ഭീകരവാദത്തിനെതിരെയും പാകിസ്താനെതിരെയും മുൻപും ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള താരമാണ് ശിഖർ ധവാൻ.