അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ന്യൂസീലൻഡ് ടീമിന് മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കൻ മുൻ പേസ് ഇതിഹാസം ഡെയ്ൽ സ്റ്റെയ്ൻ. ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഇന്ത്യയോട് പരാജയപ്പെട്ടാൽ, ദക്ഷിണാഫ്രിക്കയുടെ പക്കലുള്ള 'ചോക്കേഴ്സ്' (നിർണായക ഘട്ടത്തിൽ പരാജയപ്പെടുന്നവർ) എന്ന വിളിപ്പേര് ഇനി ന്യൂസീലൻഡിന് സ്വന്തമാകുമെന്ന് സ്റ്റെയ്ൻ പരിഹസിച്ചു. മുൻ സഹതാരം എബി ഡി വില്ലിയേഴ്‌സിന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് സ്റ്റെയ്‌ന്റെ മുന്നറിയിപ്പ്.

To advertise here,

'നമുക്ക് സത്യസന്ധമായി കാര്യങ്ങൾ പറയാം. എല്ലാവരും ദക്ഷിണാഫ്രിക്കയെ 'ചോക്കേഴ്സ്' എന്ന് വിളിക്കാൻ ഇഷ്ടപ്പെടുന്നു. എന്നാൽ, ന്യൂസീലൻഡ് നമ്മളെക്കാൾ കൂടുതൽ തവണ ഫൈനലുകളിൽ എത്തിയിട്ടും കിരീടം നേടിയിട്ടില്ല. അതുകൊണ്ട് ന്യൂസീലൻഡിനോട് പറയുകയാണ്, ദയവായി ഈ കളി ജയിക്കുക. ഇല്ലെങ്കിൽ ആ 'ചോക്കേഴ്സ്' കാർഡ് ഞാൻ ഔദ്യോഗികമായി നിങ്ങൾക്ക് കൈമാറും. എനിക്ക് ന്യൂസീലൻഡിനെ ഇഷ്ടമാണ്. പക്ഷേ, അവർക്ക് ഇന്ത്യയെ തോൽപ്പിക്കാൻ കഴിയില്ല.'

സമീപകാലത്ത് നടന്ന ഒട്ടുമിക്ക ഐസിസി ടൂർണമെന്റുകളുടെയും ഫൈനലിൽ എത്തിയിട്ടും കിരീടം നേടാൻ കഴിയാത്ത ന്യൂസിലൻഡിന്റെ റെക്കോർഡിനെ സ്റ്റെയ്ൻ ചൂണ്ടിക്കാട്ടി. 2019 ക്രിക്കറ്റ് ലോകകപ്പ്, 2021 ഐസിസി പുരുഷ ടി20 ലോകകപ്പ്, 2025 ഐസിസി ചാമ്പ്യൻസ് ട്രോഫി എന്നിവയുടെ ഫൈനലുകളിൽ ന്യൂസിലാൻഡ് എത്തിയിരുന്നെങ്കിലും തോൽവിയായിരുന്നു ഫലം. 2000-ലെ ഐസിസി നോക്കൗട്ട് ട്രോഫിക്ക് ശേഷം കളിച്ച എട്ട് ഫൈനലുകളിൽ 2021-ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മാത്രമാണ് അവർക്ക് ജയിക്കാനായത്. ഇന്ത്യയെ പരാജയപ്പെടുത്തിയായിരുന്നു ആ കിരീടനേട്ടം.