ന്യൂഡല്‍ഹി: ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടെ(നാഡ) പരിധിയിലേക്ക് കൂടുതല്‍ ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. 2025 വര്‍ഷത്തേക്കുള്ള രജിസ്‌റ്റേഡ് ടെസ്റ്റിങ് പൂളിന്റെ ഭാഗമായി പുതിയ പേരുകളുടെ പട്ടിക നാഡ തയ്യാറാക്കിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മലയാളി താരം സഞ്ജു സാംസണ്‍, ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബൂമ്ര, ഏകദിന വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് തുടങ്ങി പുരുഷക്രിക്കറ്റില്‍ നിന്ന് 11 പേര്‍ പട്ടികയിലുണ്ടെന്നാണ് വിവരം. 

To advertise here,

ഓപ്പണര്‍ ഷഫാലി ശര്‍മ, ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ, മീഡിയം പേസര്‍ രേണുക സിങ് താക്കൂര്‍ തുടങ്ങിയവരാണ് വനിതാടീമില്‍ നിന്ന് പട്ടികയിലിടം പിടിച്ചവര്‍. ഹാര്‍ദിക് പാണ്ഡ്യ,  കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, യശസ്വി ജയ്സ്വാള്‍, അര്‍ഷ്ദീപ് സിങ്, തിലക് വര്‍മ തുടങ്ങിയവരാണ് പുരുഷടീമിൽ നിന്നുള്ള മറ്റുതാരങ്ങൾ. പട്ടികയിലുള്ള താരങ്ങളില്‍ ചിലരുടെ മൂത്രസാമ്പിളുകള്‍ വരാനിരിക്കുന്ന വൈറ്റ് ബാള്‍ പരമ്പരയ്ക്കിടയില്‍ നാഡ ശേഖരിക്കുമെന്നാണ് വിവരം. നാഡ ഉദ്യോഗസ്ഥര്‍ വിവിധ മാച്ചുകളുടെ വേദികള്‍ സന്ദര്‍ശിക്കും. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ബിസിസിഐയ്ക്ക് നല്‍കും. 

താമസസ്ഥലത്തെ വിലാസം, ഇമെയില്‍,മൊബൈല്‍ നമ്പര്‍ തുടങ്ങിയവ നാഡയ്ക്ക് കൈമാറണം. കൂടാതെ പരിശോധനയ്ക്കായി സഹകരിക്കുകയും വേണം. 

2020-ല്‍ രവീന്ദ്ര ജഡേജ,ചേതേശ്വര്‍ പൂജാര,സ്മൃതി മന്ദാന, ദീപ്തി ശര്‍മ തുടങ്ങിയവര്‍ ആര്‍ടിപി പട്ടികയിലുണ്ടായിരുന്നു.