സഞ്ജു സാംസൺ| ഹാർദിക് പാണ്ഡ്യ | Photo: ANI|PTI
മുംബൈ: ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പ് മുന്‍കൂട്ടി കണ്ടാണ് ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലേക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. സഞ്ജു സാംസണ് ആ ടീമിന്റെ ഭാഗമാകുമ്പോള്‍ ലോകകപ്പിനുള്ള സെലക്ടര്‍മാരുടെ പദ്ധതികളില്‍ മലയാളി താരത്തിനും ഇടമുണ്ടാകുമെന്ന് വ്യക്തം. ഇതു സൂചിപ്പിക്കുന്ന രീതിയിലാണ് ടീമിനെ പ്രഖ്യാപിച്ച ശേഷം സെലക്ഷന് കമ്മിറ്റി ചെയര്മാന് ചേതന്‍ ശര്‍മ സംസാരിച്ചത്.
ഇന്ത്യയുടെ പരിശീലകന് രാഹുല്‍ ദ്രാവിഡ് ആണെന്നതും സഞ്ജുവിന് കൂടുതല്‍ പ്രതീക്ഷ നല്കുന്നു. പരിക്കിന്റെ പിടിയിലായതിനെ തുടര്‍ന്ന് ഈ സീസണില്‍ രഞ്ജി ട്രോഫിയില്‍ മേഘാലയ്ക്കെതിരായ മത്സരത്തില്‍ കേരളത്തിനായി സഞ്ജു കളിച്ചിരുന്നില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്ന സഞ്ജു കഴിഞ്ഞ ദിവസം ഫിറ്റ്നസ് കടമ്പ കടക്കുകയും ചെയ്തു. ദേശീയ ടീമില്‍ ഇടം നേടിയതിനാല്‍ ഫെബ്രുവരി 24-ന് ഗുജറാത്തിനെതിരായ രഞ്ജി മത്സരത്തിലും സഞ്ജുവുണ്ടാകില്ല. ഫെബ്രുവരി 24-ന് തന്നെയാണ് ശ്രീലങ്കയ്ക്കെതിരായ ഒന്നാം ട്വന്റി-20 മത്സരവും.
പരിക്കേറ്റ് വിശ്രമിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയെ ടീം തിരഞ്ഞെടുപ്പില്‍ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് അറിയിപ്പൊന്നും ലഭിച്ചില്ലെന്നും ചേതന്‍ കൂട്ടിച്ചേര്‍ത്തു. ഫിറ്റ്നസ് ടെസ്റ്റ് പാസായ ശേഷം ഹാര്‍ദികിനെ ടീമിലേക്ക് തിരഞ്ഞെടുക്കുമെന്നും മാധ്യമങ്ങള്‍ അദ്ദേഹത്തിന് പിന്നാലെ പോകുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിനായി ഒരുപാട് സംഭാവനകള്‍ നല്കിയ താരത്തിന് പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണയാണ് നല്‍കേണ്ടതെന്നും ചേതന്‍ ഓര്‍മിപ്പിച്ചു.
അതേസമയം, ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന് വെറ്ററന്‍ താരങ്ങളായ അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, വൃദ്ധിമാന്‍ സാഹ, ഇഷാന്ത് ശര്‍മ എന്നിവരെ നേരത്തെ അറിയിച്ചിരുന്നതായും സെലക്ഷന് കമ്മിറ്റി ചെയര്മാന് വെളിപ്പെടുത്തി. പൂജാരയ്ക്കും രഹാനയ്ക്കും മുന്നില്‍ ഇന്ത്യന്‍ ടീമിന്റെ വാതിലുകള്‍ തുറന്നു കിടക്കുകയാണെന്നും രഞ്ജി ട്രോഫിയില്‍ കളിച്ച് മികവ് തെളിയിച്ച് തിരിച്ചെത്തുന്നതിനായാണ് എല്ലാവരും കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Chief selector Chetan Sharma makes big statement after announcing Indian team
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..