സിഡ്നി: സിഡ്‌നി ടെസ്റ്റിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയുമായി കോര്‍ത്ത് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ സാം കോണ്‍സ്റ്റാസ്. ഒന്നാം ദിനം ഓസീസ് ബാറ്റിങ്ങിനിടെയായിരുന്നു സംഭവം. മത്സരം അവസാനിക്കാന്‍ കുറഞ്ഞ സമയം മാത്രമുള്ളപ്പോഴാണ് ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചതും ഓസീസ് ബാറ്റിങ്ങിനിറങ്ങിയതും. അതിനാല്‍ തന്നെ പരമാവധി ഓവറുകള്‍ എറിയാനായിരുന്നു ബുംറയുടെ ശ്രമം. 

To advertise here,

എന്നാല്‍ ബുംറയെറിഞ്ഞ മൂന്നാം ഓവറിനിടെ ബാറ്റിങ്ങിന് തയ്യാറാകാന്‍ ഉസ്മാന്‍ ഖവാജ കൂടുതല്‍ സമയമെടുത്തു. ഇക്കാര്യം ബുംറ അമ്പയറെ ധരിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കോണ്‍സ്റ്റാസ് പ്രതികരിച്ചത്. ഇതോടെ ഇതില്‍ നിനക്കെന്ത് കാര്യമെന്ന് ബുംറ തിരിച്ചുചോദിച്ചതോടെ ഇരുവരും തമ്മില്‍ നേര്‍ക്കുനേര്‍ ഇടയുന്ന ഘട്ടംവരെയെത്തി കാര്യങ്ങള്‍. ഒടുവില്‍ അമ്പയര്‍ ഇടപെട്ടാണ് ഇരുവരെയും രണ്ടു വഴിക്കാക്കിയത്. 

എന്നാല്‍ ബുംറയുടെ അഗ്രഷനില്‍ പണികിട്ടിയത് ഖവാജയ്ക്കായിരുന്നു. തൊട്ടടുത്ത പന്തില്‍ തന്നെ ബുംറ ഖവാജയെ സ്ലിപ്പില്‍ കെ.എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. ഇതോടെ ബുംറയും ടീം ഒന്നടങ്കവും കോണ്‍സ്റ്റാസിന്റെ നേര്‍ക്ക് ഇരച്ചെത്തുകയായിരുന്നു. സ്ലിപ്പില്‍ നിന്ന് കോണ്‍സ്റ്റാസിന്റെ നേര്‍ക്ക് ഓടിയെത്തിയ വിരാട് കോലി താരത്തോട് ആക്രോശിക്കുന്നതും കാണാമായിരുന്നു.