
മെൽബൺ: 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഓസീസ് മണ്ണിൽ ഇംഗ്ലണ്ടിന് ടെസ്റ്റ് വിജയം. മെൽബണിൽ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയയെ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ബാറ്റർമാരുടെ ശവപ്പറമ്പായ പിച്ചിൽ രണ്ട് ദിവസത്തിനുള്ളിൽ വീണത് 36 വിക്കറ്റുകളാണ്.
175 റൺസ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. രണ്ടിന്നിങ്‌സിലുമായി ഏഴ് വിക്കറ്റ് വീഴ്ത്തിയ ജോഷ് ടങ്, അഞ്ച് വിക്കറ്റെടുത്ത ബ്രയ്ഡൻ കാഴ്‌സെ എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിന് വിജയമൊരുക്കിയത്.
രണ്ടാമിന്നിങ്‌സിൽ ഇംഗ്ലണ്ടിനായി ജേക്കബ് ബെതെൽ, ബെൻ ഡക്കറ്റ്, സാക് ക്രാവ്‌ലി എന്നിവർ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തു. ബെതെൽ 40 റൺസും ഡക്കറ്റ് 34 റൺസും ക്രാവ്‌ലി 37 റൺസും നേടി.
ആദ്യ ഇന്നിങ്‌സിൽ ഓസ്‌ട്രേലിയ 152 റൺസാണെടുത്തിരുന്നത്. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന്റെ പോരാട്ടം 110 റൺസിൽ അവസാനിച്ചു. നാല് വിക്കറ്റെടുത്ത മിച്ചൽ നെസെറിന്റേയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്‌കോട്ട് ബോളണ്ടിന്റേയും പ്രകടനമാണ് ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറിലൊതുക്കിയത്.
ഇതോടെ, 42 റൺസിന്റെ ലീഡുമായി രണ്ടാമിന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് അത് മുതലെടുക്കാനായില്ല. അവർ രണ്ടാമിന്നിങ്‌സിൽ 132 റൺസിന് പുറത്തായി. 46 റൺസെടുത്ത ട്രാവിസ് ഹെഡിന് മാത്രമാണ് തിളങ്ങാനായത്. ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 175 റൺസിലേക്ക് ചുരുങ്ങി. ശ്രദ്ധാപൂർവം ബാറ്റ് ചെയ്ത് അവർ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയും ചെയ്തു.
അഞ്ച് ടെസ്റ്റുകളടങ്ങിയ ആഷസ് പരമ്പര നേരത്തെ തന്നെ ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. ആദ്യ മൂന്ന് ടെസ്റ്റിലും അവർക്കായിരുന്നു വിജയം. അഞ്ചാം ടെസ്റ്റ് ജനുവരി നാലിന് മുറെ പാർക്കിൽ നടക്കും.
Content Highlights: boxind day test england vs australia match result
Published: 27 Dec 2025, 01:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented