ജീലോങ് (ഓസ്‌ട്രേലിയ): ബിഗ് ബാഷില്‍ ഞായറാഴ്ച പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സും മെല്‍ബണ്‍ റെനഗേഡ്സും തമ്മില്‍ നടന്ന മത്സരം പിച്ച് മോശമായതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഗീലോങ്ങിലെ സൈമണ്ട്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരമാണ് 6.5 ഓവറുകള്‍ക്ക് ശേഷം ഉപേക്ഷിച്ചത്. പിച്ചിലെ സാഹചര്യങ്ങള്‍ അപകടകരമായതോടെയാണിത്.

To advertise here,

പിച്ചിലെ മണ്ണ് ഇളകിപ്പോരുകയും പന്തിന് പ്രവചനാതീതമായ രീതിയില്‍ ബൗണ്‍സ് ഉണ്ടാകുകയും ചെയ്തതോടെ ഇരു ടീമിലെയും താരങ്ങള്‍ ഇക്കാര്യം ഫീല്‍ അമ്പയറുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് 20 മിനിറ്റുകള്‍ക്ക് ശേഷം മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു. ഗീലോങ്ങില്‍ മത്സരത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ മഴ പെയ്തിരുന്നു. പിച്ച് മൂടിയിരുന്നെങ്കിലും വെള്ളം അകത്തേക്ക് ഒലിച്ചിറങ്ങുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍. ഇത് പിച്ചിലെ ചില ഭാഗങ്ങള്‍ നനഞ്ഞിളകുന്നതിനും കാരണമായി.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ പെര്‍ത്ത് സ്‌കോച്ചേഴ്‌സ് 6.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മത്സരം നിര്‍ത്തിവെയ്ക്കുന്നത്. ആരോണ്‍ ഹാര്‍ഡിയാണ് ബാറ്റ് ചെയ്യുന്നതിലെ ബുദ്ധിമുട്ട് ആദ്യം അമ്പയര്‍മാരെ അറിയിക്കുന്നത്. കൂടെ ബാറ്റ് ചെയ്യുകയായിരുന്ന ജോഷ് ഇംഗ്ലിസും ഇതോടെ പരാതി അറിയിച്ചു. ഇതോടെ കളിനിര്‍ത്തിവെച്ച അമ്പയര്‍മാര്‍ ദീര്‍ഘ നേരത്തെ ചര്‍ച്ചയ്ക്ക് പിന്നാലെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.