മെല്‍ബണ്‍: ബിഗ് ബാഷ് ലീഗ് ടീമായ മെല്‍ബണ്‍ സ്റ്റാറിന്റെ വിക്കറ്റ് കീപ്പര്‍ സാം ഹാര്‍പ്പറിന് പരിശീലനത്തിനിടെ തലയ്ക്ക് പരിക്കേറ്റു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന താരത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് വിവരം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെള്ളിയാഴ്ച നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിനിടെയാണ് സംഭവം. ശനിയാഴ്ച സിഡ്‌നി സിക്‌സേഴ്‌സിനെതിരായ മത്സരത്തിനു മുന്നോടിയായാണ് പരിശീലനം നടത്തിയിരുന്നത്. 

To advertise here,

പരിശീലനത്തിനിടെ റാംപ് ഷോട്ടിന് ശ്രമിക്കവേ, പന്ത് ഹെല്‍മറ്റിനു താഴെയിടിച്ച് ഗ്രില്ലുകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നു. താടിയിലും കഴുത്തിലും മുറിവേറ്റ താരത്തെ ഉടന്‍തന്നെ മെല്‍ബണ്‍ സ്റ്റാറിന്റെ വൈദ്യസംഘം എത്തി പരിശോധന നടത്തി. തുടര്‍ന്ന് അടിയന്തരമായി ആംബുലന്‍സെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

ഹാര്‍പ്പറിന് ഇതാദ്യമായല്ല കളിക്കളത്തില്‍വെച്ച് പരിക്കേല്‍ക്കുന്നത്. 2020 ജനുവരിയില്‍ ബിഗ് ബാഷ് മത്സരത്തിനിടെ ഹൊബാര്‍ട്ട് ഹറികെയ്ന്‍സ് ടീമിന്റെ നഥാന്‍ എല്ലിസുമായി കൂട്ടിയിടിച്ച് പരിക്കേറ്റിരുന്നു. 2017-ല്‍ ജേക്ക് ലേമാന്‍ ബാറ്റ് ചെയ്യുന്നതിനിടെ കീപ്പിങ് ചെയ്യുകയായിരുന്ന ഹാപ്പറിന്റെ തലയ്ക്ക് അടിയേറ്റും പരിക്കേറ്റു. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ പറയുന്നതനുസരിച്ചാണെങ്കില്‍ ഇത് ഒന്‍പതാം തവണയാണ് ഹാര്‍പറിന് ഇത്തരത്തില്‍ പരിക്കേല്‍ക്കുന്നത്.