ഓക്‌ലൻഡ്: ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരിന്നിങ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സ് നേടുന്ന രണ്ടാമത്തെ താരമായി ന്യൂസീലൻഡ് ബാറ്റർ ബെവോൺ ജേക്കബ്‌സ്. ഫോർഡ് ട്രോഫി മത്സരത്തിൽ 137 പന്തിൽ നിന്ന് 202 റൺസ് നേടിയ താരം അടിച്ചുകൂട്ടിയത് 21 സിക്‌സും ഏഴ് ഫോറുമാണ്. 147.44 ആണ് സ്‌ട്രൈക്ക് റേറ്റ്. ഓക് ലൻഡ് എസ്സിനായി ഒട്ടാഗോയ്‌ക്കെതിരെയായിരുന്നു ബെവോണിന്റെ ഇരട്ട സെഞ്ചുറി ഇന്നിങ്‌സ്.

To advertise here,

ഏറ്റവും കൂടുതൽ സിക്‌സ് നേടിയ താരം ഓസ്‌ട്രേലിയയുടെ ഡിആർസി ഷോർട്ടാണ്. 2018-ൽ ക്വീൻസ്‌ലൻഡിനെതിരെ വെസ്‌റ്റേൺ ഓസ്‌ട്രേലിയക്കായി 148 പന്തിൽ 257 റൺസ് നേടിയപ്പോൾ 23 സിക്‌സറുകളാണ് ഓസീസ് താരം അടിച്ചെടുത്തത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം ന്യൂസിലൻഡ് താരം കൂടിയാണ് ബെവോൺ. ഇതിന് മുമ്പ് മാർട്ടിൻ ഗുപ്റ്റിൽ (237*), ജാമി ഹോവ് (222), ചാഡ് ബോവ്‌സ് (205) എന്നിവരാണ് ഇരട്ട സെഞ്ചുറി നേടിയിട്ടുള്ളത്.

എന്നാൽ ബെവോണിന്റെ ഇരട്ട സെഞ്ചുറി ഓക്‌ലൻഡ് എസ്സിനെ വിജയത്തിലേക്ക് നയിച്ചില്ല. മറ്റ് ബാറ്റർമാരെല്ലാം നിറം മങ്ങിയതോടെ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 334 റൺസാണ് ഓക്‌ലൻഡ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ഒട്ടാഗോ അഞ്ച് വിക്കറ്റും അഞ്ച് പന്തും ശേഷിക്കെ വിജയതീരത്തെത്തി. മാക്‌സ് ചു (55 പന്തിൽ പുറത്താകാതെ 75), ജാക്ക് ബോയ്ൽ (61 പന്തിൽ 62), തോൺ പാർക്ക്‌സ് (63 പന്തിൽ 55) എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് അവരുടെ വിജയത്തിന് അടിത്തറയിട്ടത്. ടോം ജോൺസ് (19 പന്തിൽ 31), ജമാൽ ടോഡ് (8 പന്തിൽ പുറത്താകാതെ 21) എന്നിവരുടെ അവസാന ഓവറുകളിലെ തകർപ്പൻ പ്രകടനം ഒട്ടാഗോയെ നാടകീയമായ വിജയത്തിലേക്ക് നയിച്ചു.