
നോട്ടിങ്ഹാം: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ന്യസീലൻഡിനെതിരായ നോട്ടിങ്ഹാം ടെസ്റ്റ് പുരോഗമിക്കവെയാണ് ഞെട്ടിക്കുന്ന പ്രഖ്യാപനം. ടീമിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിരമിക്കലിന്റെ കാരണങ്ങൾ പിന്നീട് വ്യക്തമാക്കാമെന്ന് അദ്ദേഹം പറഞ്ഞു. 2011-ൽ വൈറ്റ് ബോൾ ക്രിക്കറ്റിലൂടെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച 35-കാരനായ സ്റ്റോക്സ്, 2022 മുതൽ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ നയിച്ചു വരികയാണ്.
‘അടുത്ത രണ്ട് ദിവസങ്ങൾക്കുള്ളിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്കറിയാം. ഇംഗ്ലണ്ട് ക്യാപ്റ്റനെന്ന നിലയിലും രാജ്യത്തെ പ്രതിനിധീകരിക്കുന്ന താരമെന്ന നിലയിലുമുള്ള എന്റെ അവസാന രണ്ട് ദിവസങ്ങളാണിത്. ഇതിനുള്ള കാരണങ്ങൾ പിന്നീട് പറയാം. ഈ ടീമിന് വേണ്ടിയും നിങ്ങൾ ഓരോരുത്തർക്ക് വേണ്ടിയും മുൻഗാമികൾക്ക് വേണ്ടിയും ഞാൻ ഇതിനുമുമ്പും കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഇനി ഒരു തവണ കൂടി ആ പ്രകടനം പുറത്തെടുക്കാനുണ്ട്’-സ്റ്റോക്സ് വ്യക്തമാക്കി.
ന്യസീലൻഡിനെതിരായ നിലവിലെ മൂന്നാം ടെസ്റ്റ് മത്സരത്തിന് ശേഷമായിരിക്കും സ്റ്റോക്സ് അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുക. ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ഗതിമാറ്റിയ ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ബെൻ സ്റ്റോക്സ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേപോലെ മികവ് പുലർത്തുന്ന സ്റ്റോക്സ്, ക്രിക്കറ്റ് ചരിത്രത്തിൽ പല നിർണായകമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2019-ലെ ഏകദിന ലോകകപ്പ് ഫൈനലിൽ പുറത്താകാതെ നേടിയ 84 റൺസ് ഇംഗ്ലണ്ടിനെ ആദ്യമായി ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
ജോ റൂട്ട് ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്ന് 2022-ൽ സ്റ്റോക്സ് ചുമതലയേറ്റു. മുഖ്യ പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തിനൊപ്പം ചേർന്ന് ബാസ്ബോൾ എന്ന് പിന്നീട് അറിയപ്പെട്ട, ഭയമില്ലാത്ത ആക്രമണോത്സുക ക്രിക്കറ്റ് ശൈലി അദ്ദേഹം ടീമിൽ നടപ്പിലാക്കി. സ്റ്റോക്സിന്റെ നേതൃത്വത്തിൽ ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, പാകിസ്താൻ തുടങ്ങിയ ടീമുകൾക്കെതിരെ മികച്ച വിജയങ്ങൾ നേടാനും ടെസ്റ്റ് ക്രിക്കറ്റിലേക്ക് പുതിയൊരു ആവേശം തിരികെ കൊണ്ടുവരാനും ഇംഗ്ലണ്ടിനായി.
Published: 28 Jun 2026, 09:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented