ഹരാരെ: മുൻ ബംഗ്ലാദേശ് താരം തമീം ഇഖ്ബാലിനെ ഇന്ത്യൻ ഏജന്റെന്ന് വിളിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അംഗത്തെ പുറത്താക്കി ദിവസങ്ങൾക്കകം തിരിച്ചെടുത്ത നടപടി വിവാദത്തിൽ. തമീമിനെ അധിക്ഷേപിച്ച നജ്മുൾ ഇസ്ലാമിനെയാണ് ബിസിബി പുറത്താക്കിയിരുന്നത്. എന്നാൽ ദിവസങ്ങൾക്ക് ശേഷം നജ്മുളിനെ ബോർഡിലേക്ക് തിരിച്ചെടുത്തു. ബിസിബി ഫിനാൻസ് കമ്മിറ്റി ചെയർമാനായിരുന്നു നജ്മുൾ. വിഷയത്തിൽ കടുത്ത അതൃപ്തിയിലാണ് താരങ്ങൾ.
ദേശീയ ടീമിലെ ഒട്ടേറെ താരങ്ങൾ ബോർഡിന്റെ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി. ഇത് വളരെ നല്ല വാർത്തയാണെന്ന് ഒരു താരം പരിഹസിച്ചു. ഡെയ്‌ലി സ്റ്റാറിനോടാണ് താരം പ്രതികരിച്ചത്. ഇവിടെ ഇങ്ങനെയാണ് കാര്യങ്ങൾ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നജ്മുളിനെതിരേ ബംഗ്ലാദേശ് ക്രിക്കറ്റിൽ വൻ പ്രതിഷേധമുണ്ടായിരുന്നു. ബംഗ്ലാദേശ് പ്രീമിയർ ലീഗ് ബഹിഷ്ക്കരിക്കുമെന്ന് താരങ്ങൾ ഭീഷണി മുഴക്കി. ഈ പശ്ചാത്തലത്തിലാണ് ബോർഡ് പുറത്താക്കൽ നടപടിയിലേക്ക് കടന്നത്. എന്നാൽ തിരിച്ചെടുത്ത നടപടിക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല.
ടി20 ലോകകപ്പ് വേദി മാറ്റം സംബന്ധിച്ച വിഷയത്തിൽ അഭിപ്രായപ്രകടനം നടത്തിയ തമീമിനെ ബിസിബി അംഗമായ നജ്മുൾ ഇസ്ലാം ഇന്ത്യൻ ഏജന്റെന്ന് വിളിച്ചാണ് അധിക്ഷേപിച്ചത്. ഏതൊരു തീരുമാനമെടുക്കുമ്പോഴും അത് ബംഗ്ലാദേശിന്റെ ഭാവി താത്പര്യങ്ങൾ പരിഗണിച്ചായിരിക്കണമെന്ന നിർദേശമാണ് തമീം മുന്നോട്ടുവെച്ചിരുന്നത്. എന്നാൽ ഈ അഭിപ്രായപ്രകടനത്തിന് പിന്നാലെ നജ്മുൾ തമീമിനെതിരേ ആഞ്ഞടിച്ചു. ഒരു ഇന്ത്യൻ ഏജന്റിന്റെ അഭിപ്രായപ്രകടനത്തിനാണ് ബംഗ്ലാദേശ് സാക്ഷ്യം വഹിച്ചിരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്കിൽ തമീമിന്റെ ചിത്രമടക്കം പങ്കുവെച്ചാണ് പ്രതികരണം.
എല്ലാ തീരുമാനവും ബംഗ്ലാദേശ് ക്രിക്കറ്റിന് ഗുണകരമാകുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കിയാവണമെന്നാണ് തമീം പറഞ്ഞത്. ഞാൻ ബിസിബിയിൽ ഉൾപ്പെട്ടിട്ടില്ലാത്തതുകൊണ്ട്, മറ്റേതൊരാളെയും പോലെ മാധ്യമങ്ങളിലൂടെയാണ് കാര്യങ്ങൾ അറിയുന്നത്. എന്നാൽ ഈ കാര്യങ്ങളിൽ ഇടപെട്ടിട്ടുള്ളവർക്ക് ഇതിനേക്കാൾ കൂടുതൽ വിവരങ്ങൾ ഉണ്ടാകും. അതിനാൽ, വിഷയത്തിൽ പെട്ടെന്നൊരു അഭിപ്രായം പറയുന്നില്ല. എന്നിരുന്നാലും, ഇത്തരം തീരുമാനമെടുക്കുന്നതിനുമുമ്പ് ബംഗ്ലാദേശ് ക്രിക്കറ്റിന്റെ താത്പര്യങ്ങൾ, ഭാവി, എന്നിവ പരിഗണിക്കണം. സംഭാഷണങ്ങളിലൂടെ എന്തെങ്കിലും പരിഹരിക്കാൻ കഴിയുമെങ്കിൽ അതാണ് നല്ലത് . - തമീം ഇഖ്ബാൽ പറഞ്ഞു.
"ഇത് വളരെ ഗൗരവകരമായ വിഷയമാണ്. പൊതുവായി അഭിപ്രായം പറയുന്നതിനുമുമ്പ് ഞങ്ങൾ പരസ്പരം ചർച്ച ചെയ്യുമായിരുന്നു. കാരണം നിങ്ങൾ ഒരു പൊതു അഭിപ്രായം പറയുമ്പോൾ, അത് ശരിയോ തെറ്റോ ആകട്ടെ, ആ നിലപാടിൽ നിന്ന് പിന്മാറുന്നത് ബുദ്ധിമുട്ടാണ്. ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ഭാവിയാണ് എല്ലാത്തിനും മുന്നിൽ. കൂടാതെ 90 മുതൽ 95 ശതമാനം വരെ സാമ്പത്തിക സഹായം ലഭിക്കുന്നത് ഐസിസിയിൽ നിന്നാണ്. അതിനാൽ ബംഗ്ലാദേശ് ക്രിക്കറ്റിന് ഗുണകരമാകുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കി തീരുമാനമെടുക്കണം."- തമീമിന്റെ ഈ പ്രതികരണത്തിന് പിന്നാലെയാണ് നജ്മുളിന്റെ അധിക്ഷേപം.
Content Highlights: BCB reinstating controversial director M. Najmul Islam as head of the finance department
Published: 27 Jan 2026, 10:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented