ഹരാരെ: ഐസിസിയുടെ നിലപാടെന്തായാലും ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ഇല്ലെന്ന് ആവർത്തിച്ച് ബംഗ്ലാദേശ്. താരങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും ടൂർണമെന്റ് ശ്രീലങ്കയിൽ കളിക്കാമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ ആസിഫ് അക്ബർ പറഞ്ഞു. തങ്ങൾ ഉന്നയിച്ച ആശങ്കകൾ പരിഗണിക്കുമെന്ന് ഐസിസി ഉറപ്പ് നൽകിയതായി ബിസിബി പ്രസ്താവനയിൽ അറിയിച്ചതിന് പിന്നാലെയാണ് ബിസിബി ഡയറക്ടറുടെ പ്രതികരണം.
ഞങ്ങളുടെ നിലപാട് ഇതിനകം വ്യക്തമാക്കിയതാണ്. ഞങ്ങൾക്ക് രണ്ടാമതൊരു വഴിയില്ല. മുസ്താഫിസുർ വിഷയം നടന്ന ശേഷം, ഞങ്ങളുടെ താരങ്ങളുടെ സുരക്ഷയെക്കുറിച്ച് ഞങ്ങൾ ആശങ്കാകുലരാണ്. എല്ലാ കാര്യങ്ങളും പരിഗണിച്ച്, ഇന്ത്യയിൽ മത്സരങ്ങൾ കളിക്കില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു. ശ്രീലങ്കയിൽ കളിക്കാൻ ഞങ്ങൾ തയ്യാറാണെന്നും അസിഫ് പറഞ്ഞു.
ബംഗ്ലാദേശിന്റെ നിലപാട് ഐസിസിക്ക് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. "ഞങ്ങളുടെ ആശങ്കകളും നിലപാടും ഐസിസിക്ക് അറിയിച്ചിട്ടുണ്ട്. അവരുടെ പ്രതികരണം കേട്ട ശേഷം, ഞങ്ങളുടെ അടുത്ത നടപടികൾ തീരുമാനിക്കും."- ആസിഫ് വ്യക്തമാക്കി.
അതേസമയം ഐപിഎല്ലിൽ നിന്ന് ഒഴിവാക്കിയ മുസ്താഫിസുർ അടുത്ത സീസണിൽ പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കും. ഇക്കാര്യം പിഎസ്എൽ ഔദ്യോഗികമായി അറിയിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. ലേലത്തിൽ 9.20 കോടി രൂപയ്ക്കാണ് താരത്തെ കൊൽക്കത്ത ടീമിലെത്തിച്ചത്. സൺറൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിങ്‌സ് ടീമുകളിൽ കളിച്ചിട്ടുള്ള മുസ്താഫിസുർ 60 മത്സരങ്ങളിൽനിന്ന് 65 വിക്കറ്റും നേടിയിട്ടുണ്ട്.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നിർദേശത്തെത്തുടർന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്‌മാനെ ടീമിൽനിന്ന് ഒഴിവാക്കിയത്. മുസ്താഫിസുറിനെ കളിപ്പിക്കുന്നതിനെതിരേ ഭീഷണിയും വിമർശനവും കടുത്തതോടെയാണ് ബിസിസിഐ നൈറ്റ് റൈഡേഴ്‌സിന് നിർദേശം നൽകിയത്. ബംഗ്ലാദേശിലെ മാറിയ രാഷ്ട്രീയ കാലാവസ്ഥയും ഇന്ത്യക്കാർക്കുനേരേയുണ്ടാകുന്ന ആക്രമണങ്ങളുമാണ് മുസ്താഫിസുറിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെതിരായ നീക്കങ്ങൾക്കു കാരണം. താരത്തെ ടീമിൽനിന്ന് ഒഴിവാക്കാൻ ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയയാണ് നിർദേശം നൽകിയത്. അതോടെ ബംഗ്ലാദേശും മറ്റു നടപടികളിലേക്ക് കടക്കുകയായിരുന്നു.
ടൂർണമെന്റിൽ ബംഗ്ലാദേശ് ടീമിന്റെ പൂർണ്ണവും തടസ്സമില്ലാത്തതുമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത ഐസിസി ആവർത്തിച്ചെന്നാണ് നേരത്തേ പ്രസ്താവനയിൽ ബിസിബി അറിയിച്ചത്. ഉയർന്നുവന്ന ആശങ്കകൾ പരിഹരിക്കുന്നതിനായി ബിസിബിയുമായി ചേർന്ന് പ്രവർത്തിക്കാൻ ഐസിസി സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൂടാതെ ലോകകപ്പിലെ സുരക്ഷാ ആസൂത്രണത്തിന്റെ ഭാഗമായി ബോർഡിന്റെ നിർദേശങ്ങൾ സ്വാഗതം ചെയ്യുമെന്നും ഉചിതമായി പരിഗണിക്കുമെന്നും ഉറപ്പുനൽകിയിട്ടുണ്ട്. - പ്രസ്താവനയിൽ ബിസിബി വ്യക്തമാക്കി.
Content Highlights: mustafizur joins pakistan super league
Published: 07 Jan 2026, 07:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented