ലാഹോര്‍: പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് വീണ്ടും രാജിവെച്ച് ബാബര്‍ അസം. ഒരുവര്‍ഷത്തിനിടെ രണ്ടാംതവണയാണിത് ബാബര്‍ ക്യാപ്റ്റന്‍സിയൊഴിയുന്നത്. ജോലിഭാരം ചൂണ്ടിക്കാണിച്ചും ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയുമാണ് പടിയിറക്കം. ടീമിനെ നയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ ബാബര്‍ വ്യക്തമാക്കി.

To advertise here,

'പാക് ടീമിനെ നയിക്കാന്‍ കഴിഞ്ഞത് ബഹുമതിയായി കാണുന്നു. ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നു. ക്യാപ്റ്റന്‍സി എന്നത് ഒരു ബഹുമതിയാണ്. എന്നാല്‍ അത് ജോലിഭാരം കൂട്ടിയിരിക്കുന്നു. എന്റെ പ്രകടനത്തിന് മുന്‍ഗണന നല്‍കാനും ബാറ്റിങ് ആസ്വദിക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ആഗ്രഹിക്കുന്നു, അതെന്നില്‍ സന്തോഷം കൊണ്ടുവരും' -ബാബര്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ബാബര്‍ പാക് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞിരുന്നു. പക്ഷേ, ആഴ്ചകള്‍ക്കുശേഷം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തി.