മക്കായ്: ആദ്യ ടെസ്റ്റിലെ ചരിത്രവിജയത്തിന് പിന്നാലെ രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയയോട് തകർന്നടിഞ്ഞ് ബംഗ്ലാദേശ്. രണ്ട് ദിവസത്തിനുള്ളിൽ കളി

To advertise here,

അവസാനിപ്പിച്ച ഓസ്‌ട്രേലിയ ബംഗ്ലാദേശിനെ ഇന്നിങ്‌സിനും 51 റൺസിനുമാണ് തോൽപ്പിച്ചത്. രണ്ടാം ഇന്നിങ്‌സിലും ബംഗ്ലാ ബാറ്റിങ് നിര തകർന്നടിഞ്ഞപ്പോൾ 95 റൺസിന് എല്ലാവരും പുറത്തായി. ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 64 റൺസിനെതിരെ ഓസ്‌ട്രേലിയ 210 റൺസ് അടിച്ചിരുന്നു. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര സമനിലയിലായി.

146 റൺസ് ലീഡ് വഴങ്ങി രണ്ടാമിന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ബംഗ്ലാദേശിന്റെ ബാറ്റർമാർ പിടിച്ചുനിൽക്കാനായില്ല. നാല് വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്കിന്റേയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ പാറ്റ് കമ്മിൻസിന്റേയും നഥാൻ ലിയോണിന്റേയും ബൗളിങ് മികവിൽ സന്ദർശകർ 95 റൺസിന് എല്ലാവരും പുറത്തായി. 31 റൺസെടുത്ത ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോയാണ് ടോപ്പ് സ്‌കോറർ. ഒമ്പത് ബംഗ്ലാദേശ് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി. രണ്ടിന്നിങ്‌സിലുമായി സ്റ്റാർക്ക് പത്ത് വിക്കറ്റുകളാണ് വീഴ്ത്തിയത്. പാറ്റ് കമ്മിൻസും ആറും വിക്കറ്റെടുത്തു.

നേരത്തെ എട്ട് വിക്കറ്റിന് 165 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഓസ്‌ട്രേലിയ 210 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. കാമറൂൺ ഗ്രീനിന്റെ വിക്കറ്റാണ് ഓസീസിന് രണ്ടാം ആദ്യം നഷ്ടമായത്. 105 പന്തിൽ 10 ഫോറിന്റെ അകമ്പടിയോടെ 47 റൺസാണ് കാമറൂൺ അടിച്ചുകൂട്ടിയത്. ആറ് റൺസെടുത്ത് ജോഷ് ഹെയ്‌സെൽവുഡ് കൂടി പുറത്തായതോടെ ഓസീസിന്റെ ഇന്നിങ്‌സ് അവസാനിച്ചു. 62 പന്തിൽ 32 റൺസുമായി നഥാൻ ലിയോൺ പുറത്താകാതെ നിന്നു. 15 ഓവറിൽ 48 റൺസ് മാത്രം വഴങ്ങി ബംഗ്ലാദേശിനായി ഏഴ് വിക്കറ്റുകളാണ് ഷരീഫുൽ ഇസ്ലാം വീഴ്ത്തിയത്.

64 റൺസിന് തങ്ങളെ പുറത്താക്കിയ ഓസ്ട്രേലിയയ്ക്ക് അതേ നാണയത്തിൽ മറുപടി നൽകുന്ന ബംഗ്ലാദേശിനെയാണ് ആദ്യദിനം കണ്ടത്. സ്റ്റീവൻ സ്മിത്ത്, കാമറൂൺ ഗ്രീൻ എന്നിവർക്ക് മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിൽക്കാനായില്ല. സ്മിത്ത് 42 റൺസെടുത്ത് പുറത്തായപ്പോൾ ഗ്രീൻ അർധസെഞ്ചുറി കണ്ടെത്തി. ട്രാവിസ് ഹെഡ് 22 റൺസെടുത്തു. മറ്റ് ബാറ്റർമാരെല്ലാം നിരനിരയായി കൂടാരം കയറി. മാറ്റ് റെൻഷാ (8), മാർനസ് ലബുഷെയ്ൻ (4), അലക്സ് കാരി (5), വെബ്സറ്റർ (0), പാറ്റ് കമ്മിൻസ് (0) എന്നിവർ നിരാശപ്പെടുത്തി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ പന്തിൽ തന്നെ ഓപ്പണർ ഷാഡ്മാൻ ഇസ്ലാമിനെ നഷ്ടമായി. സ്റ്റാർക്കാണ് താരത്തെ പുറത്താക്കിയത്. മൂന്നാം ഓവറിൽ വീണ്ടുമെത്തിയ സ്റ്റാർക്ക് ഓവറിൽ രണ്ട് വിക്കറ്റുകളും പിഴുതു. ആദ്യ പന്തിൽ തൻസിദ് ഹസനും രണ്ടാം പന്തിൽ നായകൻ നജ്മുൽ ഹുസൈൻ ഷാന്റോയും. ഇരുവർക്കും റണ്ണൊന്നുമെടുക്കാനായില്ല. അവിടെയും സ്റ്റാർക്ക് നിർത്തിയില്ല. മൂർച്ച കൂട്ടിയെത്തിയ സ്റ്റാർക്കിന്റെ പന്തുകൾ തുടർച്ചയായി ബംഗ്ലാദേശ് ബാറ്റർമാർക്ക് വെല്ലുവിളി സൃഷ്ടിച്ചു. അഞ്ചാം ഓവറിൽ മൊമിനുൾ വെറും ഒൻപത് റൺസ് മാത്രമെടുത്ത് പുറത്തായി. അഞ്ചോവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ പത്ത് റൺസെന്ന നിലയിലായിരുന്നു ബംഗ്ലാദേശ്.

ഏഴാം ഓവറിൽ ലിട്ടൺ ദാസ് സ്റ്റാർക്കിന് മുന്നിലും പിന്നാലെ മുഷ്ഫിഖർ റഹിം പാറ്റ് കുമ്മിൻസിന് മുന്നിലും വീണു. ലിട്ടൺ ദാസ് ഡക്കായി മടങ്ങിയപ്പോൾ മുഷ്ഫിഖർ അഞ്ച് റൺസ് മാത്രമെടുത്ത് പുറത്തായി. 16 ഓവറിൽ 23-6 എന്ന നിലയിലേക്ക് ബംഗ്ലാദേശ് കൂപ്പുകുത്തി. മെഹ്ദി ഹസനും ഹസൻ മഹ്‌മുദും ഏഴാം വിക്കറ്റിൽ ചെറുത്തുനിൽപ്പിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. എന്നാൽ അധികനേരം പിടിച്ചുനിൽക്കാനായില്ല. 15 റൺസ് കൂട്ടുകെട്ട് മാത്രം പടുത്തുയർത്തി ഇരുവരും പിരിഞ്ഞു. മെഹ്ദി ഹസൻ 11 റൺസും ഹസൻ മഹ്‌മുദ് 10 റൺസുമാണെടുത്തത്. തയ്ജുൾ ഇസ്ലാമും ഷരീഫുൽ ഇസ്ലാമും പത്താം വിക്കറ്റിൽ 25 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ സ്‌കോർ 64 ലെത്തി.

മിച്ചൽ സ്റ്റാർക്കാണ് ആറുവിക്കറ്റുമായി ബംഗ്ലാദേശ് ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. പത്തോവറിൽ വെറും 12 റൺസ് മാത്രം വിട്ടുകൊടുത്താണ് സ്റ്റാർക്ക് ആറു വിക്കറ്റെടുത്തത്. ജോഷ് ഹേസൽവുഡ് ഒരു വിക്കറ്റും പാറ്റ് കമ്മിൻസ് മൂന്നു വിക്കറ്റുമെടുത്തു. ബംഗ്ലാദേശ് നിരയിൽ നാലുപേർ ഡക്കായി മടങ്ങി.