മുംബൈ: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടംപിടിച്ചിരിക്കുകയാണ് ജമ്മു കശ്മീരിന്റെ ആഖ്വിബ് നബി. ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റതോടെയാണ് ആഖ്വിബിന് നറുക്കുവീണത്. ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ജമ്മു കശ്മീരിൽ നിന്നുള്ള ആദ്യ ക്രിക്കറ്റ് താരമാണ് ആഖിബ് നബി. പരിക്കേറ്റ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായാണ് ശ്രീലങ്കയ്ക്കെതിരെയുള്ള പരമ്പരയ്ക്കുള്ള ടീമിൽ അദ്ദേഹം ഇടംപിടിച്ചത്.
കഴിഞ്ഞ രഞ്ജി സീസണിൽ 60 വിക്കറ്റുകളുമായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരമായിരുന്നു ആഖ്വിബ്. ജമ്മു കശ്മീർ കഴിഞ്ഞ സീസണിൽ കന്നി രഞ്ജി കിരീടം നേടിയപ്പോൾ നിർണായകമായത് ആഖ്വിബിന്റെ പ്രകടനമായിരുന്നു. എന്നിട്ടും ശ്രീലങ്കൻ പര്യടനത്തിനായി പ്രഖ്യാപിച്ച ടീമിൽ ആഖ്വിബിനെ ഉൾപ്പെടുത്താതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. രഞ്ജിയിലെ പ്രകടനത്തിന് അർഹമായ അംഗീകാരം ലഭിച്ചില്ലെന്ന് മുൻ താരങ്ങൾ ഉൾപ്പെടെ നിരവധി പേർ ദേശീയ സെലക്ടർമാരെ വിമർശിക്കുകയും ചെയ്തു. ഒടുവിൽ ബുംറയുടെ പരിക്കാണ് ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ തുറന്നത്.
ആഖ്വിബിന്റെ ക്രിക്കറ്റ് യാത്രയുടെ തുടക്കം അത്ര എളുപ്പമായിരുന്നില്ല. പ്ലസ് ടുവിൽ പഠിക്കുന്ന സമയത്താണ് ബിസിസിഐ സംഘടിപ്പിച്ച ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. ഓസ്‌ട്രേലിയൻ ഇതിഹാസ പേസർ ഗ്ലെൻ മഗ്രാത്ത് പരിശീലകനായി വന്ന ക്യാമ്പായിരുന്നു അത്. എന്നാൽ സർക്കാർ സ്‌കൂൾ അധ്യാപകനായിരുന്ന പിതാവ് ഗുലാം അലി ദാർ, പഠനത്തിന് തടസ്സമാകുമെന്ന കാരണത്താൽ മകനെ അയയ്ക്കാൻ തയ്യാറായില്ല.
ആഖ്വിബിന്റെ ആദ്യ ക്ലബ് ക്യാപ്റ്റനായ സുബൈർ ദാർ പിന്നീട് ആ സംഭവത്തെക്കുറിച്ച് ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്; ''മഗ്രാത്ത് പരിശീലകനായിരുന്ന ബിസിസിഐ ക്യാമ്പിലേക്കുപോലും മകനെ അയയ്ക്കാൻ അദ്ദേഹത്തിന്റെ അച്ഛൻ തയ്യാറായിരുന്നില്ല. മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതാണ് കൂടുതൽ പ്രധാനമെന്ന് അദ്ദേഹം കരുതി. ആ അവസരം നഷ്ടപ്പെടുത്തരുതെന്ന് ഞാൻ ഏറെ ശ്രമിച്ചാണ് അദ്ദേഹത്തെ സമ്മതിപ്പിച്ചത്.'' - സുബൈർ പറഞ്ഞു.
ഒടുവിൽ സമ്മതിച്ചെങ്കിലും മറ്റൊരു നിബന്ധനയും പിതാവ് മുന്നോട്ടുവച്ചു. ശ്രീനഗറിൽ നിന്ന് ചെന്നൈയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും വിമാനത്തിൽ മാത്രമേ പോകാവൂ എന്നുമായിരുന്നു തീരുമാനം. ഒരു സർക്കാർ സ്‌കൂൾ അധ്യാപകനെന്ന നിലയിൽ അതൊരു വലിയ തുകയായിരുന്നു. 10,000 രൂപ മകന് നൽകി അദ്ദേഹം വിമാന ടിക്കറ്റ് എടുക്കാൻ പറഞ്ഞുവെന്നും സുബൈർ ഓർമിക്കുന്നു.
ബാരാമുള്ള സ്വദേശിയായ ആഖ്വിക് ആദ്യം ഫുട്‌ബോൾ കളിക്കാരനാകാനാണ് ആഗ്രഹിച്ചത്. എന്നാൽ 'വേഗത്തിൽ പന്തെറിയാം' എന്ന ആകർഷണമാണ് അദ്ദേഹത്തെ ക്രിക്കറ്റിലേക്ക് നയിച്ചത്. പിന്നീട് ബൗളിങ്ങിനൊപ്പം ബാറ്റിങ്ങിലും മികവ് വർധിപ്പിച്ച് ഒരു ഓൾറൗണ്ടറെന്ന നിലയിലും ശ്രദ്ധേയനായി.
അക്കാലത്ത് കശ്മീരിൽ ടർഫ് വിക്കറ്റ് ഉണ്ടായിരുന്നത് ശ്രീനഗറിലെ ഷെർ-ഇ-കശ്മീർ സ്റ്റേഡിയത്തിൽ മാത്രമായിരുന്നു. ആദ്യമായി അവിടെ കളിക്കാനെത്തിയ ആഖ്വിബ് ആവേശം കൊണ്ട് തനിക്ക് തലേദിവസം ഉറങ്ങാനായില്ലെന്ന് പറഞ്ഞു.
എന്നാൽ ആദ്യ ഓവറിലെ ആദ്യ പന്തെറിഞ്ഞപ്പോഴേക്കും അദ്ദേഹം ക്രീസിൽ വഴുതി വീണു. കാരണം, ബൗളിങ്ങിനുള്ള സ്‌പൈക്ക് ഷൂസിന് പകരം സാധാരണ സ്നീക്കേഴ്‌സാണ് താരം ധരിച്ചിരുന്നത്. സ്‌പൈക്ക് ഷൂ വേണമെന്ന കാര്യം പോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു. തുടർന്ന് ടീമിലെ സീനിയർ ബൗളർ തന്റെ സ്‌പൈക്ക് ഷൂസ് ഓരോ ഓവറിനും ശേഷം ആഖ്വിബിന് കൈമാറിയാണ് മത്സരം പൂർത്തിയാക്കിയത്.
Content Highlights: Auqib Nabi becomes the first player from Jammu & Kashmir to be selected for the Indian Test team., Drafted as a replacement for the injured Jasprit Bumrah for the Sri Lanka series., Led Jammu & Kashmir to their maiden Ranji Trophy title with 60 wickets., Overcame financial struggles and parental opposition to attend a Glenn McGrath training camp., Transitioned from a football enthusiast to a standout all-rounder.
Published: 04 Aug 2026, 05:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented