ഒക്‌ടോബര്‍ അഞ്ചിന് കൊളംബോയിലാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും പാക് നായിക ഫാത്തിമ സനയും
Altaf Qadri | AP
പുരുഷന്മാരുടെ ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഹസ്തദാന വിവാദം ഇപ്പോള്‍ നടന്നുവരുന്ന വനിതാ ഏകദിന ലോകകപ്പിലും ആവര്‍ത്തിക്കപ്പെടുമോ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം. ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന മത്സരത്തിലാണ് ഹസ്തദാനവിവാദം ചൂടുപിടിച്ചത്. ചാമ്പ്യന്മാരായ ഇന്ത്യ പി.സി.ബി ചെയര്‍മാനില്‍ നിന്ന് കപ്പ് സ്വീകരിക്കില്ലെന്ന് നിലപാട് സ്വീകരിക്കുന്നതിലും മൊഹ്സിന്‍ നഖ്‌വി കപ്പുമായി കടന്നുകളയുന്നതുവരെയും എത്തി കാര്യങ്ങള്‍. ഫൈനല്‍ കഴിഞ്ഞിട്ടും ഇതിന്റെ ചൂടുംപുകയും അടങ്ങിയിട്ടില്ല.
വനിതാ ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഏറ്റമുട്ടുമ്പോഴും ഈ വിവാദങ്ങള്‍ തുടര്‍ന്നേക്കുമോ എന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ ആശങ്ക. അതുകൊണ്ടുതന്നെ ഒക്‌ടോബര്‍ അഞ്ചിന് ഇന്ത്യയും പാകിസ്താനും ടൂര്‍ണമെന്റില്‍ ആദ്യമായി മുഖാമുഖം വരുമ്പോള്‍ കളിക്ക് പുറത്തുള്ള കാര്യങ്ങളെ ചൊല്ലി ഉദ്വേഗം ഏറുകയാണ്.
കളിക്കാരുടെ ഹസ്തദാനം സംബന്ധിച്ച് ഐ.സി.സി.യുടെ പ്രത്യേക പ്രോട്ടോക്കോള്‍ ഒന്നുംതന്നെ നിലവിലില്ലെങ്കിലും കളിക്കളത്തിലെ മര്യാദയുടെ പേരില്‍ ടീമുകളെല്ലാം അനുവര്‍ത്തിച്ചുപോരുന്ന ഒരു ശീലമാണിത്. ഇതാണ് ഏഷ്യാ കപ്പില്‍ ലംഘിക്കപ്പെട്ട് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഇത് ആവർത്തിക്കപ്പെട്ടാൽ വനിതാ ക്രിക്കറ്റിന് മേലും രാഷ്ട്രീയം നിഴൽവീഴ്ത്തുമോ എന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ ആശങ്ക.
ഗ്രൂപ്പ് സ്‌റ്റേജിലെ മത്സരത്തില്‍ കൈക്കൊള്ളേണ്ട നടപടികള്‍ എന്തൊക്കെയാണ് എന്നതു സംബന്ധിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ടീം മാനേജര്‍ ഹിന മുനാവറിന് പ്രത്യേക മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ബി.സി.സി.ഐ ഇതു സംബന്ധിച്ച് എന്ത് നടപടി കൈക്കൊള്ളണം എന്നതു സംബന്ധിച്ച് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് നിര്‍ദേശമൊന്നും നല്‍കിയതായി അറിവില്ല. കളിക്കാര്‍ കളിക്കളത്തിലെ കാര്യങ്ങളെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നത് എന്നാണ് ഹര്‍മന്‍പ്രീത് കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് ഉയര്‍ന്ന ചോദ്യത്തോട് പ്രതികരിച്ചത്. 'കളിയിലെ കാര്യങ്ങള്‍ മാത്രമാണ് കളിക്കാരുടെ നിയന്ത്രണത്തിലുള്ളത്. മറ്റുള്ള കാര്യങ്ങള്‍ക്കുമേല്‍ എനിക്ക് യാതൊരു നിയന്ത്രണവുമില്ല. അത്തരം കാര്യങ്ങളെക്കുറിച്ച് ഞാന്‍ ചിന്തിക്കാറേയില്ല. ഡ്രസ്സിങ് റൂമില്‍ അത്തരം കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുമില്ല. ഞങ്ങള്‍ ഇവിടെ എത്തിയത് കളിക്കാന്‍ മാത്രമാണ്. ക്രിക്കറ്റില്‍ മാത്രമാണ് ഞങ്ങളുടെ ശ്രദ്ധ. ഏഷ്യാ കപ്പിനെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നേയില്ല'-ഹര്‍മന്‍പ്രീത് പറഞ്ഞു.
അതേസമയം ഈ വിഷയം സംബന്ധിച്ച് ഇന്ത്യയോ പാകിസ്താനോ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലമായി ഇതുവരെ ആശയവിനിമയം ഒന്നും നടത്തിയിട്ടില്ല.
വനിതാ ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്താനും ഇതുവരെയായി പതിനൊന്ന് ഏകദിനങ്ങളും 16 ടിട്വന്റികളും കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ അയല്‍വൈരികളോട് തോറ്റ ചരിത്രമില്ല ഇന്ത്യയ്ക്ക്. ടിട്വന്റിയില്‍ ആകെ മൂന്ന് മത്സരങ്ങളാണ് തോറ്റത്.
ലോകകപ്പില്‍ ശ്രീലങ്കയെ മറികടന്ന് വിജയത്തുടക്കം കുറിച്ചിരിക്കുകയാണ് ഇന്ത്യ. പാകിസ്താന്‍ ഇന്ന് (ഒക്‌ടോബര്‍ ഒന്ന്) ബംഗ്ലാദേശിനെ നേരിടും. ഒക്‌ടോബര്‍ അഞ്ചിന് കൊളംബോയിലാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം.
Published: 01 Oct 2025, 11:20 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented