സിഡ്‌നി: ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച വിവാദമാണ് വൈസ് ക്യാപ്റ്റൻ ആഷ്ലി ഗാർഡ്നർ, സഹതാരമായ ജോർജിയ വോളുമായി വഴിവിട്ട ബന്ധത്തിലാണെന്ന് ആരോപിച്ച് ആഷ്ലിയുടെ പങ്കാളി മോണിക്ക റൈറ്റ് പരസ്യമായി രംഗത്തെത്തിയത്. ആഷ്ലി ഗാർഡ്‌നർ സഹതാരമായ ജോർജിയ വോളുമായി പ്രണയത്തിലാണെന്നും തന്നെ വഞ്ചിച്ചെന്നുമാണ് മോണിക്ക റൈറ്റ് പരസ്യമായി ആരോപിച്ചത്. ഇപ്പോഴിതാ ക്രിക്കറ്റ് ഓസ്ട്രേലിയ നടപടിയെടുക്കാത്തതിൽ വിമർശനവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് മോണിക്ക.

To advertise here,

ആഷ്ലിയെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കണമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ ഇതിനെ പിന്തുണയ്ക്കുന്നുണ്ടോയെന്നും അവർ ചോദിച്ചു. രാജ്യത്തെ പ്രതിനിധീകരിക്കാനും ഒരു മാതൃകയായി മാറാനും അത്തരമൊരു വ്യക്തിത്വമായി കാണപ്പെടാനുമുള്ള ഭാഗ്യം നിങ്ങൾക്കുണ്ടെങ്കിൽ, ഉയർന്ന ധാർമ്മിക നിലവാരം പുലർത്തേണ്ട ഉത്തരവാദിത്വം നിങ്ങൾക്കുണ്ട്. വിഷയത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ ഇതുവരെ പരസ്യമായി ഒന്നും പറയാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.- കോഡ് സ്പോർട്സിനോട് മോണിക്ക പറഞ്ഞു.

‘അവരുടെ മൗനം അർത്ഥമാക്കുന്നത് ആഷ്‌ലിയുടെയും ജോർജിയയുടെയും പ്രവൃത്തികളെ അവർ പിന്തുണയ്ക്കുന്നു എന്നാണോ? ജൂനിയർ സ്റ്റാഫ് അംഗവുമായി ബന്ധം പുലർത്തുകയും തുടർന്ന് നേതൃസ്ഥാനത്ത് തുടരാനും കഴിയില്ല. ക്യാപ്റ്റൻമാർ മാതൃക തീർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം പെരുമാറ്റങ്ങൾ ആ നിലവാരം കാണിക്കാത്തതാണെന്നും’ മോണിക്ക കൂട്ടിച്ചേർത്തു. അതേസമയം വിഷയം തീർത്തും വ്യക്തിപരമാണെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രതികരിച്ചത്.

ബ്രിട്ടീഷ് മാധ്യമമായ ഡെയ്ലി മെയിലാണ് ആഷ്ലി ഗാർഡ്നറും മോണിക്ക റൈറ്റും തമ്മിലുള്ള വിവാഹ ബന്ധം തകർന്നതായി ആദ്യം റിപ്പോർട്ട് ചെയ്യുന്നത്. മറ്റൊരു കളിക്കാരിയുമായുള്ള വഴിവിട്ട ബന്ധത്തെത്തുടർന്ന് ആഷ്ലി ഗാർഡ്നറുടെ ദാമ്പത്യം തകർച്ചയിലാണെന്നായിരുന്നു ഡെയ്ലി മെയിലിന്റെ റിപ്പോർട്ട്. എന്നാൽ ഈ റിപ്പോർട്ടിൽ സഹതാരം ആരെന്ന് വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ഈ റിപ്പോർട്ട് വന്ന് മണിക്കൂറുകൾക്കുള്ളിൽ മോണിക്ക റൈറ്റ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെ താരം ആരെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു. ജോർജിയ വോളിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട്, 'ഇവർക്കൊപ്പമാണ് എന്റെ പങ്കാളി എന്നെ വഞ്ചിച്ചത്' എന്ന് മോണിക്ക റൈറ്റ് കുറിച്ചു. ഡെയ്‌ലി മെയിൽ റിപ്പോർട്ട് തികച്ചും അവ്യക്തമാണെന്ന് കുറിച്ചുകൊണ്ടാണ്, തന്റെ പങ്കാളി ജോർജിയ വോളുമായാണ് തന്നെ ചതിച്ചതെന്ന് മോണിക്ക പരസ്യമായി തുറന്നടിച്ചത്.

കഴിഞ്ഞ വർഷം ഏപ്രിലിലാണ് ആഷ്ലിയും മോണിക്കയും വിവാഹിതരായത്. നാലു വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും കുടുംബവും ക്രിക്കറ്റ് താരങ്ങളും വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇരുവരും 2021 മുതൽ പ്രണയത്തിലായിരുന്നു എന്നാണ് അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ.