
തിരുവനന്തപുരം: ആദ്യം സഞ്ജു സാംസണ്‍, ഇപ്പോഴിതാ ആശാ ശോഭനയും. പുരുഷ ട്വന്റി-20 ലോകകപ്പ് ടീമിലാണ് സഞ്ജു ഉള്‍പ്പെട്ടതെങ്കില്‍ ആശ ഇപ്പോള്‍ വനിതാ ടീമില്‍. രണ്ടുപേരും വരുന്നത് തലസ്ഥാനത്തുനിന്നും. ടീമിലുണ്ടെന്ന് ആശാ ശോഭന അറിയുന്നത് ചൊവ്വാഴ്ച ഉച്ചയോടെ ഫോണില്‍ അഭിനന്ദനസന്ദേശങ്ങള്‍ വന്നുതുടങ്ങിയതോടെയാണ്. ടീമിലുള്‍പ്പെടുമെന്ന് ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ പ്രകടനത്തെക്കാള്‍ ഐ.പി.എലിലെ കളിയാണ് ടീമിലുള്‍പ്പെടാന്‍ കാരണമെന്നാണ് ആശയുടെ വിശ്വാസം.
''ദൈവത്തിന് നന്ദി, പറഞ്ഞറിയിക്കാന്‍പറ്റാത്ത സന്തോഷം. ടി 20 ലോകകപ്പ് ടീമിലുള്‍പ്പെടുന്നതുതന്നെ വലിയ കാര്യമല്ലേ'' -ആശയുടെ വാക്കുകളിലുണ്ട് അഭിമാനവും ആഹ്ലാദവും. ''ഇത് ഒരു തുടക്കമാണെന്നാണ് കരുതുന്നത്. രണ്ടുദിവസത്തിനകം ഇന്ത്യന്‍ ക്യാമ്പിലേക്ക് പോകും. ടൂര്‍ണമെന്റിനുമുന്‍പ് തയ്യാറെടുപ്പുകള്‍ നടത്താറുണ്ട്. ഓസ്‌ട്രേലിയയാകും നമുക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്താവുന്ന ടീം'' -ആശ പറഞ്ഞു. കൂട്ടുകാരിയായ സജനാ സജീവനും ഉള്‍പ്പെട്ടെന്നു കേട്ടപ്പോള്‍ ആശയ്ക്ക് ഇരട്ടി സന്തോഷം. കാരണം സജുവും ഞാനും തമ്മില്‍ അത്രയ്ക്കും വലിയ ബന്ധമാണ്. ആശയുടെ ക്യാപ്റ്റന്‍സിയില്‍ സജു കളിച്ചിട്ടുണ്ട്. സജുവുള്ളതിനാല്‍ കളിക്കിടയില്‍ ഇടയ്ക്ക് മലയാളത്തില്‍ തമാശപറഞ്ഞ് മത്സരം ആസ്വദിക്കാമല്ലോയെന്ന് ചിരിച്ചുകൊണ്ട് ആശ വ്യക്തമാക്കി.
33-ാം വയസ്സിലാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ ആദ്യമായി ആശയെത്തുന്നത്. ബംഗ്ലാദേശിനെതിരേ ടി-20 പരമ്പരയിലെ നാലാംമത്സരംവരെ കാത്തിരിക്കേണ്ടിവന്നു ടീമിലുള്‍പ്പെടാന്‍. ആദ്യകളിയില്‍ രണ്ടുവിക്കറ്റ്. രണ്ടാം മത്സരത്തിലും രണ്ടുവിക്കറ്റുകള്‍ വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ടീമിലേക്ക് തിരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആദ്യ ഏകദിന മത്സരത്തില്‍ 21 റണ്‍സിന് നാലുവിക്കറ്റ്. കഴിഞ്ഞ വനിതാ ഐ.പി.എലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനുവേണ്ടി 10 കളിയില്‍നിന്ന് 12 വിക്കറ്റുകള്‍ നേടിയതോടെയാണ് ആശാ ശോഭനയ്ക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി എളുപ്പമായത്. ഇതില്‍ ഒരു കളിയില്‍ അഞ്ചുവിക്കറ്റ് നേട്ടവും സ്വന്തമാക്കി. മുന്‍പ് കേരളത്തിന് കളിച്ചിട്ടുള്ള ആശ പുതുച്ചേരിക്കാണ് കഴിഞ്ഞ സീസണില്‍ ഇറങ്ങിയത്. വരുന്ന സീസണില്‍ റെയില്‍വേക്കായി കളിക്കും. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയാണ്.
Content Highlights: asha sobhana icc womens t20 world cup squad kerala cricketer
Published: 28 Aug 2024, 08:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented