ന്യൂഡൽഹി: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലിടം നേടി പേസർ ആഖിബ് നബി. പരിക്കേറ്റ സൂപ്പർ താരം ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായാണ് ആഖിബിനെ ടീമിലെടുത്തത്. ഇതാദ്യമായാണ് ഇന്ത്യയുടെ സീനിയർ ടീമിലേക്ക് ആഖിബിനെ പരിഗണിക്കുന്നത്. ഇന്ത്യൻ ടീമിലെത്തുന്ന മൂന്നാമത്തെ മാത്രം ജമ്മു കശ്മീർ താരമാണ് ആഖിബ്.

To advertise here,

രഞ്ജി ട്രോഫിയിലെ മിന്നും പ്രകടനമാണ് താരത്തിന് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്. കഴിഞ്ഞ രണ്ട് സീസണിൽ നിന്നായി 104 വിക്കറ്റുകളാണ് ആഖിബ് എറിഞ്ഞിട്ടത്. കഴിഞ്ഞ സീസണിൽ മാത്രം 60 വിക്കറ്റെടുത്തു. സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 60 വിക്കറ്റും 215 റൺസുമാണ് നേടിയത്. ജമ്മു കശ്മീരിനെ രഞ്ജി ജേതാക്കളാക്കുന്നതിൽ ഈ പേസറുടെ പ്രകടനം നിർണായകമായിരുന്നു. 54 റൺസിന് അഞ്ചു വിക്കറ്റായിരുന്നു കർണാടകയ്ക്കെതിരായ ഫൈനലിൽ താരത്തിന്റെ നേട്ടം. കെ.എൽ. രാഹുൽ ഉൾപ്പെടെ കർണാടകയുടെ ആദ്യ അഞ്ചു ബാറ്റർമാരിൽ നാലുപേരും ആഖിബിന് മുന്നിൽ കീഴടങ്ങി. ടൂർണമെന്റിലെ താരവും ആഖിബായിരുന്നു. അടുത്തിടെ ഇന്ത്യ എ ടീമിന്റെ ഭാഗമായി.

കാൽമുട്ടിലെ പരിക്ക് ഭേദമാകാത്തതാണ് ജസ്പ്രീത് ബുംറയ്ക്ക് തിരിച്ചടിയായത്. ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്‌സലൻസിൽ പരിചരണം നടത്തിയിട്ടും ബുംറയ്ക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കാനായില്ല. കാർഡിഫിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടയിലാണ് ബുംറയുടെ കാൽമുട്ടിന് പരിക്കേറ്റത്. തുടർന്ന് ലോർഡ്‌സിൽ നടന്ന മൂന്നാം ഏകദിനം ബുംറയ്ക്ക് നഷ്ടമായി. ഇതിന് ശേഷമാണ് സെന്റർ ഫോർ എക്‌സലൻസിൽ എത്തിയത്. പരിക്ക് പൂർണമായും ഭേദമാകാതെ വന്നതോടെ കളിപ്പിക്കേണ്ടെന്ന തീരുമാനത്തിൽ മെഡിക്കൽ ടീം എത്തുകയായിരുന്നു.