ആലപ്പുഴ: രഞ്ജിട്രോഫി കളിക്കുന്ന കേരള ടീമിലേക്ക് ആലപ്പുഴയില്‍നിന്നു മറ്റൊരു താരംകൂടി. മുഷ്താഖ് അലി ട്രോഫിയിലുള്‍പ്പെടെ മികച്ച പ്രകടനം നടത്തിയ ഇടംകൈയന്‍ സ്പിന്നറായ പാതിരിക്കാട്ട് മിഥുന്‍ ചൊവ്വാഴ്ച വിശാഖപട്ടണത്ത് ടീമിനൊപ്പം ചേര്‍ന്നു. ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ചയുണ്ടാകും.

To advertise here,

വെള്ളിയാഴ്ച ആന്ധ്രയ്‌ക്കെതിരേ വിജയനഗറിലാണ് കേരളത്തിന്റെ അടുത്ത മത്സരം. പകരക്കാരനായാണ് മിഥുന്‍ ടീമിലെത്തുന്നതെന്നാണ് കരുതുന്നത്. കേരളതാരം രോഹന്‍ പ്രേം കളിനിര്‍ത്തുകയാണെന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. പരിക്കുപറ്റിയ ജലജ് സക്‌സേന അടുത്ത മത്സരം കളിക്കില്ലെന്നും അഭ്യൂഹങ്ങളുണ്ട്. മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ ശ്രുതിയില്‍ പരേതനായ കൃഷ്ണന്റെയും ബേബി തുളസിയുടെയും മകനാണ്.

കേരളത്തിനായി അണ്ടര്‍-16, അണ്ടര്‍-19, അണ്ടര്‍-25 ടീമുകളില്‍ കളിച്ചിട്ടുള്ള മിഥുന്‍ ഇപ്പോള്‍ കേരളത്തിന്റെ ട്വന്റി-20 ടീമിന്റെ ഭാഗമാണ്. മുഷ്താഖ് അലി ട്രോഫിയില്‍ സിക്കിമിനെതിരേ രണ്ടുവിക്കറ്റ് നേടിയിരുന്നു. സ്‌കൂള്‍പഠനകാലത്ത് ആലപ്പുഴ യങ്‌സ്റ്റേഴ്‌സ് ക്രിക്കറ്റ് അക്കാദമിയിലായിരുന്നു തുടക്കം കുറിച്ചത്.

പിന്നീട് തിരുവനന്തപുരം മാസ്റ്റേഴ്‌സ്, തിരുവല്ല മിനി മുത്തൂറ്റ്, പ്രതിഭ ക്രിക്കറ്റ് അക്കാദമി തുടങ്ങിയ അക്കാദമികളിലായിരുന്നു പരിശീലനം.