ബെംഗളൂരു: റണ്ണൊഴുകിയ നാല് മത്സരങ്ങൾ, ഇരുടീമുകളും രണ്ട് ജയവുമായി തുല്യതയിൽ. അഞ്ചാം മത്സരത്തെ ഫൈനൽ പോരാട്ടമെന്ന് വിശേഷിപ്പിക്കാൻ ഇതിലും മികച്ചൊരവസരമില്ല. ഇന്ത്യ - വെസ്റ്റിൻഡീസ് ട്വന്റി-20 പരമ്പരയിലെ അവസാനമത്സരം ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുമ്പോൾ ഇരുടീമുകൾക്കും ഒറ്റ ലക്ഷ്യമേയുള്ളൂ, പരമ്പര വിജയം. ശനിയാഴ്ച രാത്രി ഏഴ് മണിക്കാണ് മത്സരം.
നാല് മത്സരങ്ങളിലായി ഒഴുകിയത് 1746 റൺസാണ്. ഒന്നും മൂന്നും മത്സരങ്ങൾ ഇന്ത്യയും രണ്ടും നാലും മത്സരങ്ങൾ വിൻഡീസും ജയിച്ചതോടെയാണ് അഞ്ചാം മത്സരത്തിന് ഫൈനലിന്റെ ഗാംഭീര്യം വന്നത്. ബെംഗളൂരുവിലെ പിച്ചിലും റണ്ണൊഴുകമെന്നതിനാൽ പോരാട്ടം കനക്കും.
പിടിച്ചെടുക്കാൻ ഇന്ത്യ
വിൻഡീസിൽ നിന്ന് ഇത്തരമൊരു വെല്ലുവിളി ടീം ഇന്ത്യ പ്രതീക്ഷിച്ചിരുന്നില്ല. ബാറ്റിങ് പറുദീസയായ പിച്ചുകളിൽ വിൻഡീസ് ബാറ്റർമാർ തകർത്തടിച്ചതോടെ പരമ്പരയിൽ അനായാസജയമെന്ന മോഹം പൊലിഞ്ഞു. ഇനി പരമ്പര നേടി തലയൂരുകയെന്ന ലക്ഷ്യമാണ് ഇന്ത്യൻ ടീമിന് മുന്നിലുള്ളത്.
ബാറ്റർമാരുടെ ഫോമിൽ ടീമിന് ആശങ്കയില്ല. സഞ്ജു സാംസൺ- അഭിഷേക് ശർമ ഓപ്പണിങ് ജോഡി മികച്ച ഫോമിലാണ്. വൺഡൗണായി ഇഷാൻ കിഷനും നാലാം നമ്പറിൽ ശ്രേയസ് അയ്യരും നന്നായി കളിക്കുന്നുണ്ട്. തിലക് വർമ, ഓൾറൗണ്ടർമാരായ നിധീഷ്കുമാർ റെഡ്ഡി, അക്സർ പട്ടേൽ എന്നിവരും ബാറ്റിങ് ആഴം കൂട്ടുന്നവരാണ്.
ബൗളിങ്ങിൽ ഇന്ത്യക്ക് പ്രശ്നങ്ങളുണ്ട്. പേസർ അർഷ്ദീപ് സിങ്ങിന് പരിക്കേറ്റതോടെ വെറ്ററൻ താരം ഭുവനേശ്വർകുമാറിനെ ടീമിലെത്തിച്ചിട്ടുണ്ട്. ചൈനമെൻ സ്പിന്നർ കുൽദീപ് യാദവിനെ കളിപ്പിക്കുമോയെന്നുറപ്പായിട്ടില്ല.
ഹോപ്പിൽ വിൻഡീസ്
പരമ്പരയിൽ മിന്നുന്ന ഫോമിൽ കളിക്കുന്ന ക്യാപ്റ്റൻ ഷായ് ഹോപ്പിലാണ് വിൻഡീസിന്റെ പ്രതീക്ഷയത്രയും. പരമ്പരയിലെ നാല് കളികളിലായി 135 പന്തിൽനിന്ന് 261 റൺസാണ് താരം നേടിയത്. രണ്ട് സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും വന്നുകഴിഞ്ഞു. ഹോപ് ഫോം തുടർന്നാൽ പരമ്പര വിൻഡീസിന്റെ കൈയിലിരിക്കും.
ഷെർഫാനെ റുഥർഫോഡ്, റൊമാരിയോ ഷെപ്പേർഡ്, ഷിംറോൺ ഹെറ്റ്മെയർ എന്നിവരുടെ പ്രകടനവും നിർണായകമാകും. കഴിഞ്ഞ മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസർ കീമോ പോളിൽ നിന്ന് അത്തരമൊരു പ്രകടനമാണ് ടീം പ്രതീക്ഷിക്കുന്നത്.
മഴ ഭീഷണി
ബാറ്റർമാരെ തുണയ്ക്കുന്നതാണ് ചിന്നസ്വാമിയിലെ പിച്ച്. അതിൽ വലിയമാറ്റത്തിന് സാധ്യതയില്ല. മത്സരത്തിന് മഴഭീഷണിയുണ്ട്. കളി തടസ്സപ്പെടുത്താനും സാധ്യതയുണ്ട്. കാലാവസ്ഥ പ്രവചനപ്രകാരം ഉച്ചയ്ക്കുശേഷം മഴയും ഇടിമിന്നലുമുണ്ടാകും.
Content Highlights: India and West Indies are tied 2-2 heading into the 5th and final T20I., The series decider takes place at the M. Chinnaswamy Stadium in Bengaluru., Shai Hope leads the West Indies batting form with stellar performances., India's batting lineup looks strong, but bowling concerns persist after Arshdeep Singh's injury.
Published: 17 Oct 2026, 11:57 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented