അബുദാബി: ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റിന്റെ ഉദ്ഘാടനമത്സരത്തിൽ ഹോങ് കോങ്ങിനെതിരേ അഫ്ഗാനിസ്താന് 94 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാൻ 20 ഓവറിൽ ആറുവിക്കറ്റിന് 188 റൺസെടുത്തു. മറുപടിയായി ഹോങ് കോങ്ങിന് 20 ഓവറിൽ ഒൻപതുവിക്കറ്റ് നഷ്ടത്തിൽ 94 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. ഹോങ് കോങ് നിരയിൽ 39 റൺസ് നേടിയ ബാബർ ഹയാത് മാത്രമാണ് പൊരുതിനിന്നത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താന്‍ 52 പന്തിൽ 73 റൺസെടുത്ത സെദിക്കുള്ള അടലിന്റെയും 21 പന്തിൽ 53 റൺസ് നേടിയ അസ്മത്തുള്ള ഒമർസായിയുടെയും ബാറ്റിങ്ങിലാണ് മികച്ച സ്കോർ സ്വന്തമാക്കിയത്.
കളിയുടെ തുടക്കത്തിൽ റഹ്‌മത്തുള്ള ഗുർബാസും (എട്ട്), ഇബ്രാഹിം സദ്രാനും (ഒന്ന്) പുറത്തായതോടെ അഫ്ഗാൻ പ്രതിസന്ധി നേരിട്ടതാണ്. എന്നാൽ, മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന സെദിക്കുള്ളയും മുഹമ്മദ് നബിയും (33) ചേർന്ന് ടീമിന് അടിത്തറയിട്ടു. 51 റൺസാണ് ഇരുവരും ചേർത്തത്. അതിനുശേഷം ഗുൽബാദിൻ നയ്ബ് (അഞ്ച്) പെട്ടെന്ന് മടങ്ങിയെങ്കിലും ഒമർസായിയെ കൂടുപിടിച്ച് സെദിക്കുള്ള ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. 41 പന്തിലാണ് സെദിക്കുള്ള അർധസെഞ്ചുറിയിലെത്തിയത്. ആറ് ഫോറും മൂന്ന് സിക്സുമാണ് ഇന്നിങ്‌സിലുള്ളത്. ഒമർസായിയുടെ വെടിക്കെട്ടാണ് ടീമിന്റെ സ്കോർനിരക്ക് വേഗത്തിലാക്കിയത്. രണ്ട് ഫോറും അഞ്ച് സിക്സും നേടിയ ഒമർസായ് 20 പന്തിൽ അർധസെഞ്ചുറിയിലെത്തി. അഞ്ചാം വിക്കറ്റിൽ 35 പന്തിൽ 82 റൺസാണുവന്നത്.
ഹോങ് കോങ്ങിനായി ആയുഷ് ശുക്‌ളയും കിൻചിത് ഷായും രണ്ടുവീതം വിക്കറ്റ് വീഴ്ത്തി.
Content Highlights: afghanistan wins match against hong kong
Published: 10 Sept 2025, 12:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented