ഐപിഎല്‍ 2025 സീസണിന് മാസങ്ങള്‍ മാത്രം ശേഷിക്കേ വെടിക്കെട്ട് സെഞ്ചുറിയുമായി ഇന്ത്യന്‍ താരം അഭിഷേക് ശര്‍മ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മേഘാലയക്കെതിരായ മത്സരത്തില്‍ വെറും 28 പന്തില്‍ നിന്ന് അഭിഷേക് സെഞ്ചുറി തികച്ചു. ഇതോടെ ടി20-യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡിനൊപ്പമെത്താനും അഭിഷേകിനായി. നിലവില്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസന്റെ ഓപ്പണിങ് പങ്കാളിയായ അഭിഷേക്, കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കാഴ്ചവെച്ച താരമാണ്. ഐപിഎല്ലിനു മുമ്പ് അഭിഷേക് ഫോമിലേക്കെത്തിയത് സണ്‍റൈസേഴ്‌സിനും നേട്ടമാണ്.
മത്സരത്തില്‍ പഞ്ചാബിനെ നയിച്ച അഭിഷേക് 29 പന്തില്‍ നിന്ന് 11 സിക്‌സും എട്ട് ഫോറുമടക്കം 106 റണ്‍സോടെ പുറത്താകാതെ നിന്നു. അഭിഷേകിന്റെ വെടിക്കെട്ട് മികവില്‍ മേഘാലയ ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം വെറും 57 പന്തില്‍ പഞ്ചാബ് അടിച്ചെടുത്തു. വ്യാഴാഴ്ച രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലായിരുന്നു അഭിഷേകിന്റെ വെടിക്കെട്ട്. 365.52 സ്‌ട്രൈക്ക് റേറ്റിലായിരുന്നു അഭിഷേകിന്റെ ബാറ്റിങ്. നേരത്തേ ഇതേ ടൂര്‍ണമെന്റില്‍ ത്രിപുരയ്‌ക്കെതിരേ 28 പന്തില്‍ നിന്ന് സെഞ്ചുറി നേടിയ ഗുജറാത്തിന്റെ ഉര്‍വിന്‍ പട്ടേലിന്റെ റെക്കോഡിനൊപ്പമാണ് അഭിഷേക് എത്തിയത്.
2018-ല്‍ ഹിമാചല്‍പ്രദേശിനെതിരേ 32 പന്തില്‍ നിന്ന് സെഞ്ചുറി നേടിയ ഇന്ത്യന്‍ താരം ഋഷഭ് പന്തായിരുന്നു നേരത്തേ ഈ റെക്കോഡിന് ഉടമ. ഇതാണ് ആദ്യം ഉര്‍വിന്‍ പട്ടേല്‍ തിരുത്തിയത്. ഇപ്പോഴിതാ അഭിഷേക് ആ റെക്കോഡിന് ഒപ്പമെത്തുകയും ചെയ്തു.
അന്താരാഷ്ട്ര ടി20-യില്‍ ഇന്ത്യയ്ക്കായും സെഞ്ചുറി നേടിയിട്ടുള്ള താരമാണ് അഭിഷേക്. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ വെറും 16 പന്തില്‍ നിന്ന് 50 തികച്ച അഭിഷേക്, ഏറ്റവും വേഗമേറിയ ഐപിഎല്‍ അര്‍ധ സെഞ്ചുറിയെന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 484 റണ്‍സ് അടിച്ചെടുത്ത അഭിഷേക് മികച്ച ഫോമിലായിരുന്നു. അഭിഷേകും ട്രാവിസ് ഹെഡും ഹെന്റിച്ച് ക്ലാസനും ചേര്‍ന്ന ഹൈദരാബാദ് ബാറ്റിങ് നിര കഴിഞ്ഞ സീസണിലെ ബൗളര്‍മാരുടെ പേടിസ്വപ്‌നമായിരുന്നു. അതിനാല്‍ തന്നെ ഇത്തവണ 14 കോടിക്കാണ് താരത്തെ ഹൈദരാബാദ് നിലനിര്‍ത്തിയിരിക്കുന്നത്.
Content Highlights: Abhishek Sharma smashes a stunning century in just 28 balls, equaling the fastest T20 century
Published: 05 Dec 2024, 04:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented