മുംബൈ: ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് കുൽദീപ് യാദവിനെ ഒഴിവാക്കിയ ടീം മാനേജ്‌മെന്റിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. പാലിൽ നിന്ന് ഈച്ചയെ എടുത്തുകളയുന്ന പോലെ അനായാസമായി കുൽദീപിനെ ടീമിൽ നിന്ന് ഒഴിവാക്കിയെന്നും അദ്ദേഹത്തിന് സ്വയം തെളിയിക്കാൻ കാര്യമായ അവസരങ്ങൾ നൽകിയില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

To advertise here,

'കുൽദീപിനെ തിരിച്ച് നാട്ടിലേക്ക് അയച്ചിരിക്കുന്നു. ഇത്തരം കാര്യങ്ങൾ ഉണ്ടാകാറില്ല. വളരെ അപൂർവമാണ്. ഒരാളെ ടീമലേക്ക് തിരഞ്ഞെടുത്തതിന്‌ശേഷം ഒഴിവാക്കുന്നത് സാധാരണ സംഭവമല്ല. സാധാരണയായി കൂട്ടിച്ചേർക്കലുകളാണ് ഉണ്ടാകാറുള്ളത്, ഒഴിവാക്കലുകളല്ല. ഇത് വിരോധാഭാസമാണ്. മൂന്ന് ഫോർമാറ്റുകളിലും ലോകത്തെ ഒന്നാം നമ്പർ സ്പിന്നറാണ് അദ്ദേഹം. അദ്ദേഹത്തെ എന്തൊരു എളുപ്പത്തിലാണ് ഒഴിവാക്കിയത്. പാലിൽ നിന്ന് ഈച്ചയെ എടുത്തുകളയുന്നത് പോലെയാണത്.'-ആകാശ് ചോപ്ര വ്യക്തമാക്കി.

'അദ്ദേഹത്തിന് ട്വന്റി 20 മത്സരങ്ങളിൽ അവസരം നൽകിയില്ല, ഏകദിനത്തിൽ ഒരു മത്സരം നൽകി, ഇപ്പോൾ ഇതാ ഒഴിവാക്കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ആഭ്യന്തര ക്രിക്കറ്റ് കളിക്കാനാണ് അദ്ദേഹത്തെ വീട്ടിലേക്ക് അയച്ചിരിക്കുന്നത്. കഴിഞ്ഞ എട്ട് വർഷമായി കുൽദീപ് യാദവിനെ മോശമായി കൈകാര്യം ചെയ്യുകയും അദ്ദേഹത്തിന്റെ കാര്യത്തിൽ തെറ്റായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നുണ്ട്. ഏകദിന ക്രിക്കറ്റിൽ മികച്ച റെക്കോർഡുണ്ടായിട്ടും ആദ്യം പുറത്താക്കപ്പെടുന്ന വ്യക്തി അദ്ദേഹമാണ്. ട്വന്റി 20യിലും അദ്ദേഹം വളരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഗുർനൂർ ബ്രാറിന് അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്, എങ്കിലും കുൽദീപിന് കൂടുതൽ അവസരങ്ങൾ ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.'- അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകദിനത്തിൽ തിളങ്ങിയ ഗുർനൂർ ബ്രാറിനെ കുൽദീപിന് പകരം ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ഫിറ്റ്‌നസ് തെളിയിച്ച ഋഷഭ് പന്തും ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേർന്നു. അതേസമയം അവസരം കിട്ടിയ ഏകദിനത്തിൽ തിളങ്ങാത്തതാണ് കുൽദീപിന് വിനയായത്. ടീമിന്റെ താളം നിലനിർത്താനും സൈഡ്‌ബെഞ്ചിലിരിക്കുന്നതിന് പകരം ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഫോം വീണ്ടെടുക്കാനുമാണ് കുൽദീപിനെ ടീമിൽ നിന്ന് ഒഴിവാക്കിയത്.