36-കാരനായ മുഹമ്മദ് ഷമിക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇനി അധികകാലം ബാക്കിയില്ല. ഈ പ്രായത്തിൽ അദ്ദേഹം വിരമിക്കാൻ തീരുമാനിച്ചത് സ്വാഭാവികം. എന്നാൽ, തുടരെത്തുടരെയുള്ള അവഗണനയുടെ പശ്ചാത്തലത്തിലാണ് വിരമിക്കൽ തീരുമാനം എന്നറിയുമ്പോൾ ക്രിക്കറ്റിനെ സ്നേഹിക്കുന്ന ആർക്കും വിഷമം തോന്നും. ഇന്ത്യയ്ക്ക് നിർണായക ഘട്ടങ്ങളിൽ ബ്രേക്ക് ത്രൂ നൽകിയിട്ടുള്ള ഒരു ബൗളർ ഇപ്രകാരമൊരു തിരസ്കാരം അർഹിച്ചിരുന്നില്ല. ഷമി അവസാനമായി ഒരു ടെസ്റ്റ് മത്സരം കളിച്ചത് നാല് വർഷം മുൻപാണ് എന്നറിയുക. അദ്ദേഹത്തിന്റെ സാന്നിധ്യമില്ലാതെ ഇന്ത്യ കളിച്ചത് 30 ടെസ്റ്റുകളാണ്. ഇടക്കാലത്തുണ്ടായ പരിക്കിൽ നിന്ന് അദ്ദേഹം മോചിതനായിരുന്നു. രഞ്ജി ട്രോഫിയിലും നിരന്തരം മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നിട്ടും, ടീമിൽ ഇടമില്ല. എത്ര പഴയകിയ പന്തും സ്വിങ് ചെയ്യിക്കാനും റിവേഴ്സ് സ്വിങ് ചെയ്യിക്കാനുമുള്ള മികവ്. രണ്ടാം ഇന്നിങ്സിൽ, അതായത് പിച്ചിൽ നിന്ന് വേണ്ടത്ര പിന്തുണ കിട്ടാത്ത ഘട്ടത്തിൽ, വിക്കറ്റുകൾ വീഴ്ത്തുന്ന ബൗളർ. ഈ മികവൊന്നും ബിസിസിഐയുടെയും സെലക്ടർമാരുടെയും പരിഗണനയിലുണ്ടായിരുന്നില്ല. ഒടുവിൽ അർഹിച്ച ഒരു യാത്രയയപ്പ് പോലുമില്ലാതെ ഒരു കരിയർ അവസാനിച്ചു.

To advertise here,

ഇപ്രകാരം അവഗണിക്കപ്പെടുന്ന ആദ്യത്തെയോ അവസാനത്തെയോ ആളല്ല മുഹമ്മദ് ഷമി. ഇപ്പോൾ കളിക്കുന്നവരിൽ, ഇപ്രകാരം അവഗണിക്കപ്പെടുന്ന ചില പേരുകൾ പറയാം, കുൽദീപ് യാദവ്, സർഫറാസ് ഖാൻ, മായങ്ക് യാദവ് ... കുറേക്കൂടി പുറകോട്ട് പോയാൽ യൂസഫ് പഠാന്റെയും സുരേഷ് റെയ്നയുടെയും പേരുകൾ ഉയർന്നുവരും.

കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് പരിരക്ഷിക്കേണ്ട വകുപ്പിൽപ്പെട്ട അപൂർവ്വ ജനസ്സുകളാണ് ലൈഗ്‍സ്പിന്നർ. അതിൽത്തന്നെ, വംശനാശം നേരിടുന്ന ഇനമാണ് ചൈനാമാൻമാർ. ക്യാപ്റ്റന്മാരുടെയും സെലക്ടർമാരുടെയും നിരന്തരവും പരിപൂർണവുമായ ശ്രദ്ധവേണ്ട വിഭാഗമാണ് ചൈനാമാന്മാർ. വിവേകത്തോടെ ഉപയോഗിച്ചാൽ, നിർണായക ഘട്ടങ്ങളിൽ മാച്ച്‍വിന്നർമാരാകും ഇവർ. സെലക്ടർമാരുടെ ഇംഗിതത്തിനും മാറിമാറി വരുന്ന ക്യാപ്റ്റന്മാരുടെ ഔദാര്യത്തിനും അനുസരിച്ചാണ് കുൽദീപ് യാദവ് പ്ലേയിങ് ഇലവനിൽ വന്നുംപോയും ഇരിക്കുന്നത്. വിശാലമായ കാഴ്പ്പാടുള്ള ക്യാപ്റ്റന്മാരുടെ പിന്തുണയിൽ മാത്രമേ ലെഗ്‍സ്പിന്നർമാർ വളരൂ. സമീപകാല ചരിത്രം നോക്കിയാൽ, ഇമ്രാ‍ൻ ഖാന്റെ നേതൃത്വത്തിൽ അബു്ദൾ ഖാദറും, അലൻ ബോർഡറിൽ തുടങ്ങുന്ന ക്യാപ്റ്റന്മാരുടെ പിന്തുണയിൽ ഷെയിൻ വോണും ബാറ്റർമാരുടെ പേടിസ്വപ്നമായത് നാം കണ്ടത്. കുൽദീപിന്റെ കാര്യമോ.. ? കരിയറിന്റെ പത്താം വർഷത്തിലേക്ക് കടക്കുന്ന ഈ 31-കാരൻ ടെസ്റ്റിലും ടി20യിലും 100 വിക്കറ്റ് പിന്നിട്ടിട്ടില്ല.

ബാറ്റർ സർഫറാസ് ഖാന്റെ സ്ഥിതിയും വ്യത്യസ്തമല്ല. 2014 മുതൽ ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങി നിൽക്കുന്ന ചെറുപ്പക്കാരൻ. ആഭ്യന്തര ക്രിക്കറ്റിൽ ഉത്തർ പ്രദേശിന് കളിച്ച ചെറിയ കാലം മാറ്റിനിർത്തിയാൽ എന്നും മുംബൈ ടീമിന്റെ മുൻനിര ബാറ്റർ. സ്പിൻ നേരിടാൻ നിപുണൻ. ഈ 29-കാരൻ ഇതുവരെ കളിച്ചത് വെറും 6 ടെസ്റ്റുകൾ മാത്രം. ഒരു ഏകദിനമോ ടി20 മത്സരമോ ഇതുവരെ ഇന്ത്യക്കു വേണ്ടി കളിക്കാൻ അവസരം കിട്ടിയിട്ടില്ല.സർഫറാസിന് ശരീരഭാരം അല്പം കൂടുതലാണെന്നത് ശരി തന്നെ.എന്നാൽ ചുതർദിന രഞ്ജി ട്രോഫിയിൽ നിരന്തം മികച്ച പ്രകടനം കാഴ്ചവെച്ച് ശാരീരികക്ഷത തെളിയിച്ചുകൊണ്ടിരിക്കുന്ന സർഫറാസിനെ അവഗണിക്കുന്നതെന്തിന്?

മായങ്ക് യാദവ്- ഇന്ന് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഫാസ്റ്റ് ബൗളർ. ഫ്ലാറ്റ് പിച്ചുകളിൽ നിന്നുപോലും ബൗൺസ് കണ്ടെത്താൻ കഴിയുന്ന യുവ ക്രിക്കറ്റർ. പരിക്ക് കാരണം 21 മാസം വിട്ടുനിന്നശേഷം ജൂലൈയിൽ സിംബാബ്വെയ്ക്കെതിരായ ടി20 പരമ്പരയിൽ ടീമിൽ തിരിച്ചെത്തി. ഇതുവരെ ആകെ കളിച്ചത് പന്ത്രണ്ട് ടി20 മത്സരങ്ങൾ മാത്രം. ബൗളർമാരെ ഒരു തരത്തിലും പിന്തുണയ്ക്കാത്ത ടി20യിൽ തന്റെ ബൗളിങ് വൈവിധ്യമോ പ്രതിഭയോ പരീക്ഷിക്കാൻ ഒരു ഫാസ്റ്റ് ബൗളർക്ക് കഴിയില്ല. നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും ഒരു ടി20 ടീമിലെ സ്ഥാനം. ഇക്കഴിഞ്ഞ ന്യൂസീലൻഡിനെതിരായ ടി20 പരമ്പരയിൽ മായങ്ക് കളിച്ചത് 2 മത്സരങ്ങൾ മാത്രം. ഒരു ഘട്ടത്തിൽ ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ബൗളറായിരുന്ന ഇർഫാൻ പഠാൻ, ടി-20യിലെ ഫസ്റ്റ് ചേഞ്ചും സെക്കൻഡ് ചേഞ്ചും ബൗളറായി പന്തെറിഞ്ഞ് പന്തെറിഞ്ഞ് തേഞ്ഞ് അയാളുടെ കരിയർ ഇല്ലാതായ കഥ മറക്കാറായിട്ടില്ല. 24-ാം വയസ്സിൽ അവസാന ടെസ്റ്റ് കളിച്ചു. 28-ാം വയസ്സിൽ ഏകദിന- ടി20 ക്രിക്കറ്റിൽ നിന്നും വിരമിച്ചു. മായങ്കിന് ആ ഗതി ഉണ്ടാകാതിരിക്കട്ടെ.

എന്തുകൊണ്ടാണ് ഭുവനേശ്വർ കുമാർ എന്ന ബൗളറിന് നാല് വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കാൻ അവസരം ലഭിക്കാതിരുന്നതെന്നത് ആർക്കം അറിയില്ല. എട്ട് വർഷമായി അദ്ദേഹം ടെസ്റ്റ് കളിച്ചിട്ട്, അജിത് അഗാർക്കാർ സെലക്ഷൻ കമ്മിറ്റി അധ്യക്ഷസ്ഥാനത്ത് നിന്ന് ഒഴിഞ്ഞപ്പോഴാണ് ഭുവനേശ്വർ കുമാർ ടീമിൽ തിരിച്ചെത്തുന്നത്. ഒരു ക്രിക്കറ്ററുടെ കരിയറിനെ ഇത്ര ലാഘവത്തോടെയും അനാസ്ഥയോടെയും കൈകാര്യം ചെയ്യാമോ ?

നയമോ കാഴ്ചപ്പാടോ അനുഭാവപൂർണമായ സമീപനോ ഇല്ലാത്ത ബിസിസിഐയുടെ ഇരകളാണ് ഈ ക്രിക്കറ്റർമാർ. ഒരുകാലത്ത് പ്രതിഭാ ദാരിദ്ര്യമായിരുന്നു ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രശ്നം. എന്നാൽ ഇന്ന് പ്രതിഭാ ധാരാളിത്തമാണ് പ്രശ്നം. ഈ വിഷയത്തെ സംബോധന ചെയ്യാനുള്ള കാഴ്ചപ്പാടോ താത്പര്യമോ ഇല്ല, നമ്മുടെ ക്രിക്കറ്റ് ഭരണാധികാരികൾക്ക്.