ന്യൂ ചണ്ഡീഗഡ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സി മത്സരത്തിൽ മഹാരാഷ്ട്രയ്‌ക്കെതിരെ 211 റൺസടിച്ച് കേരളം. രോഹൻ കുന്നുമ്മലിന്റേയും സഞ്ജു സാംസണിന്റേയും ബാറ്റിങ് മികവിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് കേരളം 211 റൺസ് നേടിയത്. രോഹൻ 47 പന്തിൽ 75 റൺസെടുത്തപ്പോൾ സഞ്ജു 16 പന്തിൽ 47 റൺസടിച്ചു.

To advertise here,

അഞ്ച് സിക്‌സറിന്റേയും മൂന്ന് ഫോറിന്റേയും അകമ്പടിയോടെയായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. സാങ്‌വി എറിഞ്ഞ 10-ാം ഓവറിൽ തുടർച്ചയായി മൂന്ന് സിക്‌സറുകളാണ് സഞ്ജു അടിച്ചെടുത്തത്. രോഹൻ ഒമ്പത് ഫോറും മൂന്ന് സിക്‌സറും നേടി. കേരളത്തിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. സ്‌കോർ ബോർഡിൽ അഞ്ച് റൺസെത്തിയപ്പോൾ തന്നെ മുഹമ്മദ് അസ്ഹറുദ്ദീന്റെ വിക്കറ്റ് നഷ്ടമായി.

പിന്നീട് അഹമ്മദ് ഇമ്രാനും സഞ്ജുവും ചേർന്ന് രണ്ടാം വിക്കറ്റിൽ 47 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ഇമ്രാൻ 13 റൺസെടുത്ത് പുറത്തായതോടെ ആ കൂട്ടുകെട്ട് പൊളിഞ്ഞു. പിന്നീട് സഞ്ജുവും രോഹനും ചേർന്ന് 66 റൺസും കൂട്ടിച്ചേർത്തു. രോഹനും സഞ്ജുവും പുറത്തായ ശേഷം കേരളത്തിന് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി.

വിഷ്ണു വിനോദ് 19 റൺസിനും നിഖിൽ എം അക്കൗണ്ട് തുറക്കും മുമ്പും ക്രീസ് വിട്ടു. കാർത്തിക് നായരുടെ സമ്പാദ്യം ആറ് റൺസായിരുന്നു. എം.ഡി നിധീഷ് ഏഴ് റൺസെടുത്ത് റൺഔട്ടായി. 13 പന്തിൽ 29 റൺസോടെ സൽമാൻ നിസാർ പുറത്താകാതെ നിന്നു. രണ്ട് വീതം ഫോറും സിക്‌സുമാണ് സൽമാൻ നേടിയത്. മഹാരാഷ്ട്രക്കായി മുകേഷ് ചൗധരി മൂന്നും വിക്കി ഒസ്റ്റ്‌വാൾ രണ്ടും വിക്കറ്റെടുത്തു.