
സകലതും മാർക്കറ്റിൽ ലഭ്യമാണ്, മനഃശാന്തിയൊഴികെ. ആമസോണിന് അത് ഓൺലൈനിൽ വിൽക്കാൻ സാധ്യമല്ല. എന്തുകൊണ്ടാണ് അസ്വാസ്ഥ്യവും മനഃശാന്തിക്കുള്ള ആവശ്യകതയും പൊടുന്നനെ ഇത്രക്കും വർദ്ധിച്ചത്? എന്തെന്നാൽ, ഈ കാലഘട്ടം വികാസങ്ങളുടെ കാലഘട്ടമാണ്. സകലതും വികസിച്ചുകൊണ്ടിരിക്കുകയാണ്- നല്ലതും ചീത്തയും അവയ്ക്കിടയിലുള്ളവയും എല്ലാം വികസിച്ചുകൊണ്ടിരിക്കുകയാണ്. രസകരമായ സംഗതിയെന്തെന്നാൽ, മനുഷ്യന്റെ ശാരീരികവും ധൈഷണികവുമായ വികാസം പുരോഗമിച്ചുകൊണ്ടിരിക്കേ, മനസ്സും അതിനനുസരിച്ച് വികസിച്ചുകൊണ്ടിരിക്കുന്നു. മനസ്സെന്നാൽ അസ്വാസ്ഥ്യം എന്നുതന്നെയാണർത്ഥം. വികസിച്ചുകൊണ്ടിരിക്കുന്ന ഈ മനസ്സാകട്ടെ, അമിതമായ ചിന്തകളിൽ മുഴുകുന്നു. അതുകൊണ്ടൊക്കെത്തന്നെയാണ്, സൈക്കോ അനാലിസിസ് പോലുള്ള പലതരം മാനസിക ചികിത്സാ സങ്കേതങ്ങൾ ഉരുത്തിരിഞ്ഞുവന്നത്.
ആധുനിക മനുഷ്യൻ പുരാതന മനുഷ്യനെപ്പോലെ അത്ര സരളമോ ലളിതമോ അല്ല. അവനിൽ നിറയെ സങ്കീർണതകളും അപകർഷതകളുമാണ്. ഈ പാവം മനുഷ്യൻ രോഗഗ്രസ്തനാണ്. മനഃശാസ്ത്രജ്ഞർ അവനെ മനസ്സുകൊണ്ട് ശാന്തനാക്കാൻ ശ്രമിക്കുന്നു. അവർ അതിൽ ഒരിക്കലും വിജയിക്കാൻ പോകുന്നില്ല, എന്തുകൊണ്ടെന്നാൽ, സമാധാനം, ശാന്തി എന്നത് മാനസികമായ ഒരു പ്രതിഭാസമല്ലതന്നെ.
ഏറിയാൽ മാനസിക തലത്തിലുള്ള ചില നീക്കുപ്പോക്കുകൾ മാത്രമേ സാധ്യമാവൂ. ശാന്തിയെന്നത് ഒരിക്കലും സംഭവ്യമല്ല. ശാന്തിയെന്നത് ഒരു ആത്മീയ പ്രതിഭാസമാണ്. അതുകൊണ്ടുതന്നെ, മനസ്സിനെ എത്രതന്നെ മെരുക്കിയെടുക്കാൻ സാധിച്ചാലും, ഏറിവന്നാൽ സാധിക്കുക, അസ്വാസ്ഥ്യങ്ങൾക്കുനേരെയുള്ള മനുഷ്യന്റെ സഹനശക്തി വർധിപ്പിക്കാൻ പറ്റിയേക്കാം എന്നതാണ്; ഒരിക്കലും ശാന്തി ലഭ്യമാവുകയില്ല. മനസ്സ് നിർമിതമായിരിക്കുന്നത് ചലനഗതിയെക്കൊണ്ടാണ്, ചലനത്തിന്റെ തിരമാലകൾകൊണ്ട്. നിരന്തരമായ പ്രക്ഷോഭങ്ങൾ സംഭവിക്കുമ്പോൾ മാത്രമാണ് മനസ്സ് ജൈവമായിരിക്കുക. മനസ്സിനെ വികാസപ്പെടുത്തുകയെന്നാൽ, അസ്വാസ്ഥ്യത്തെ ഉണ്ടാക്കിയെടുക്കുക എന്ന് മാത്രമാണ്. ആത്മാവിന്റെ തലത്തിൽ മാത്രമാണ് ഒരു മനുഷ്യൻ സ്വസ്ഥനാവുന്നത്.
മനസ്സിന്റെ പ്രകൃതത്തെ മനസ്സിലാക്കുക മാത്രം ചെയ്യുക. ഒരു നിമിഷത്തിൽ കൂടുതൽ മനസിന് സന്തോഷത്തെ അനുഭവിക്കാൻ സാധിക്കില്ല. ആ നിമിഷം കഴിഞ്ഞാൽ അതേ സന്തോഷം ദുഃഖമായി മാറും. മനസ്സിന്റെ തലത്തിൽ, സന്തോഷമെന്നത് തീർത്തും നൈമിഷികമായ ഒരു സംഗതിയാണ്; നിമിഷാർധത്തിൽ മിന്നിമറഞ്ഞില്ലാതാകുന്ന ഒന്ന്. അതുകൊണ്ടാണ്, നാം അതിതീവ്രമായി ആഗ്രഹിച്ചുപോന്ന ഒരു സംഗതി, അല്ലെങ്കിൽ ഒരു വസ്തു, ഏറെ പണിപ്പെട്ട്, മറ്റു പലതും ത്യജിച്ചുകൊണ്ട് നേടിയെടുത്ത ഒരു വസ്തു, അതിനെ കൈക്കലാക്കിയ നിമിഷം തന്നെ നാം അതേപ്പറ്റി നിരാശരായിപ്പോകുന്നത്.
അത് ലഭിക്കുന്ന ആ അര നിമിഷം സന്തോഷമുണ്ടായിരുന്നു, പക്ഷേ കയ്യിൽ വന്നുചേരുമ്പോഴേക്കും ആ സന്തോഷം മാഞ്ഞുപോവുകയും, സകലതും പഴയപടി, പഴയതായിത്തീരുകയും നാം വീണ്ടും പതിവുപോലെ ദുഃഖത്തിലേക്കു വീണുപോവുകയും ചെയ്യുന്നു.
ഇക്കാലത്ത് എല്ലാവരുംതന്നെ ശരീരത്തിലും മനസ്സിലും മാത്രമാണ് ജീവിക്കുന്നത്; അതുകൊണ്ടുതന്നെ സകലരും കഴിഞ്ഞുപോകുന്നത് അസ്വാസ്ഥ്യങ്ങളിലാണ്. വാസ്തവത്തിൽ, നമുക്ക് നമ്മോടുതന്നെയുള്ള ബന്ധം - connection - മുറിഞ്ഞുപോയിരിക്കുന്നു; നാം നമ്മിൽ നിന്നുതന്നെ വേർപെട്ടിരിക്കുന്നു. ഇതാണ് ശരിയായ പ്രശ്‌നം.
നിങ്ങൾ നിങ്ങളിലേക്കുതന്നെ ഒരല്പം ആഴത്തിൽ നോക്കുക. അവിടെ അലകൾ ഉണ്ടായിരിക്കുന്നില്ല. ആഴക്കടലിൽ തിരമാലകൾ ഇല്ലാതിരിക്കുന്നതുപോലെത്തന്നെ, മനുഷ്യന്റെ ഉള്ളിനുള്ളിലും അലകൾ ഉണ്ടായിരിക്കുന്നില്ല. ആഴക്കടലിൽ എങ്ങനെയാണോ നിറഭേദങ്ങളോ കോലാഹലങ്ങളോ ചലനങ്ങളോ ഇല്ലാതിരിക്കുന്നത്, മനസിന്റെ അടിത്തട്ടിലും സകലതും ശാന്തമാണ്, സ്വാസ്ഥ്യം മാത്രമാണവിടെ, ശാന്തിഃ.
Published: 27 Feb 2026, 02:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented