
വേദത്തിന്റെ കാല ഗണനയനുസരിച്ച് സത്യയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം, എന്നിങ്ങനെ നാലുയുഗങ്ങളായി കാലത്തെ തരംതിരിച്ചിട്ടുണ്ട്. അവയില്‍ ശ്രേഷ്ഠമായി കണക്കാക്കുന്നത് സത്യയുഗത്തെയാണ്. അക്കാലത്ത് ക്ഷേത്രങ്ങളോ അതിനെ ചുറ്റിപ്പറ്റിയുള്ള ആരാധന ക്രമങ്ങളോ ഉണ്ടായിരുന്നില്ല. വനാന്തരങ്ങളില്‍ പ്രകൃതിയുടെ രഹസ്യം തേടി തപസ്സു ചെയ്യുന്ന മഹര്‍ഷിമാരാണ് അക്കാലത്ത് ഉണ്ടായിരുന്നത്. പര്‍ണശാലകളായിരുന്നു അവരുടെ ആസ്ഥാനങ്ങള്‍. ഇത്തരം ആശ്രമങ്ങളെ ഒറ്റ നോട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിയുമായിരുന്നു.
'മേയുന്നു ഭയമെന്നി മാന്‍കിട-
മനോവിശ്വാസ നിശ്ശംഗരായ.
പെയ്യുന്നു ഫലപുഷ്പമാരി-
മരമോരോന്നും ദയാരക്ഷിതം.
ഏറുന്നു ചുമലപശുക്കള്‍-
കൃഷി ഏറ്റീടില്ല പാടങ്ങളില്‍.
പേറുന്നു പുക ഹവൃഗന്ധം
ഇവിടം സന്ദേഹമില്ലാശ്രമം'
എന്നാണ് അന്നത്തെ ആശ്രമങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. തത്വമസി എന്ന മഹാമന്ത്രത്തിന്റെ അര്‍ത്ഥതലം അറിഞ്ഞവരായിരുന്നു അവര്‍. തത് = അത്, ത്വം = നീ, അസി=ആകുന്നു എന്ന കാഴ്ചപ്പാട് ലോകത്തിലെ ഏറ്റവും വിശാലമായ വീക്ഷണമാണ്. നീ ആരെയാണോ തേടുന്നത് അത് നീ തന്നെയാണ് എന്ന് പ്രഖ്യാപിക്കുന്ന ധര്‍മ്മം. ഈശ്വരന്‍ നീ തന്നെയാണ് അഥവാ നിന്റെ ഉള്ളിലാണ് ഈശ്വരന്‍ വസിക്കുന്നത് എന്ന തിരിച്ചറിവാണ് തത്വമസി മന്ത്രം പ്രധാനം ചെയ്യുന്നത്. അയ്യപ്പന്‍ വാണരുളുന്ന ശബരിമല ക്ഷേത്രത്തിന്റെ കവാടത്തില്‍ എഴുതിവച്ചിരിക്കുന്ന വാക്കും ഇതുതന്നെയാണ്. ശബരിമലയിലേക്ക് പോകാന്‍ വ്രതം നോറ്റ് മാലയിടുന്ന ഭക്തനെ സ്വാമി എന്നാണ് വിളിക്കുന്നത്.
പുരാതന ഭാരതത്തില്‍ കുടുംബം എന്ന വ്യവസ്ഥയെപറ്റിയുള്ള ആദ്യത്തെ പരാമര്‍ശം ഋഗ്വേദത്തിലാണ് കാണുന്നത്. സമൂഹത്തിലും, കുടുംബത്തിലും സ്ത്രീകള്‍ക്കുള്ള സ്ഥാനത്തെ പറ്റി ആദ്യമായി നിര്‍വ്വഹിചിച്ചിരിക്കുന്നകും ഋഗ്വേദമാണ്. വിശ്വവാര, ഘോഷ, അപാല, ലോപമുദ്ര, സികാത തുടങ്ങിയ പണ്ഠിതകളായ നാരീരത്നങ്ങളെകുറിച്ച് ഋഗ്വേദത്തില്‍ വിവരണം ഉണ്ട്.
സംസ്‌കൃത സാഹിത്യത്തിലെ മാത്രമല്ല, ലോക സാഹിത്യത്തിലെ തന്നെ ഏറ്റവും പഴയകൃതിയായി ഋഗ്വേദം ഗണിക്കപ്പെടുന്നു. മഹര്‍ഷിമാര്‍ നേടിയെടുക്കുന്ന ദാര്‍ശനിക ചിന്തയുടെ പ്രകാശം, ഭാഷയുടെ സഹായത്തോടെ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ് ഇന്ന് ലഭിച്ചിരിക്കുന്ന വേദസൂക്തങ്ങള്‍. ഒരു കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മനുഷ്യസമുദായത്തിന്റെ വിവിധ ജീവിതതലങ്ങളെ പ്രതിപാദിക്കുന്നതിനാല്‍ ഋഗ്വേദത്തെ ചരിത്ര ഗ്രന്ഥമായും കണക്കാക്കാമെന്ന് പണ്ഠിതര്‍ അഭിപ്രായപ്പെടുന്നു. ഏകാധിപത്യം മുതല്‍ വ്യവകുലാധിപത്യം വരെയുള്ള ഭരണ വ്യവസ്ഥ ഋഗ്വേദത്തില്‍ വിശദീകരിക്കുന്നു.
ആര്യസമാജം സ്ഥാപിച്ച സ്വാമി ദയാനന്ദസരസ്വതി ജനങ്ങളെ ഉപദേശിച്ചത് സമൂഹത്തിന്റെ മൂല്യച്ചുതി ഇല്ലാതാക്കാന്‍ വേദങ്ങളിലേക്ക് മടങ്ങുക എന്നതായിരുന്നു. വേദത്തിന്റെ പൊരുള്‍ വ്യക്തമായി മനസ്സിലാക്കിയാണ് ദയാനന്ദസരസ്വതി ഇപ്രകാരം ഉപദേശം നല്കിയത്. കുലം, ഗ്രാമം, വിഷയം, ജനം, രാഷ്ട്രം, സമൂഹം, ഭാര്യ ഭര്‍തൃബന്ധം, സഹോദരീ സഹോദരബന്ധം, പിതാ പുത്ര ബന്ധം, മാതാ പുത്രി ബന്ധം, എന്നിവയെല്ലാം നിരവധി ഉദാഹരണങ്ങളിലൂടെ വേദങ്ങള്‍ വ്യക്തമാക്കുന്നു.
ഇതിനാല്‍ തന്നെ ഭാരതത്തിന്റെ അക്ഷയ ഖനി സമ്പത്ത് വേദമാണെന്ന് നിസ്സംശയം പറയാം. വേദങ്ങളെ കൂടുതലായി വ്യഖ്യാനിച്ചപ്പോഴാണ് ഇതിഹാസങ്ങളും, പുരാണങ്ങളും, ഉപനിഷത്തുക്കളും ജന്മം കൊണ്ടത്. കാലകാലങ്ങളിലായി ഉയര്‍ന്നുവന്ന ഭാരതീയ ഗുരുപരമ്പരകള്‍ വൈദികസാഹിത്യത്തിന്റെ ചുവടുപ്പിടിച്ചാണ് സമൂഹത്തിന് മൂല്യം പകരുന്ന ഉപദേശങ്ങള്‍ തന്നത്.
ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധ്യകം എന്നിങ്ങനെ മനുഷ്യജീവിതത്തിന്റെ ഘട്ടങ്ങളെ പ്രധാനമായും നാലായി തിരിച്ചിരിക്കുന്നു. ഇതില്‍ തന്നെ കൗമാരത്തിനും യൗവനത്തിനുമിടക്ക് മനശാസ്ത്രത്തിന്റെ ഭാഷയില്‍ ടീനേജ് പ്രായം എന്ന അവസ്ഥ കൂടി ഉണ്ട്. കടന്നുവരുന്ന ബാല്യകൗമാര ഘട്ടങ്ങളിലെ അറിവ് യൗവ്വനത്തിലെ സംസ്‌ക്കാരത്തെ വളര്‍ത്തിയെടുക്കുന്നു എന്നതാണ് കാഴ്ചപ്പാട്. വ്യക്തിയുടെ ഉയര്‍ച്ച സമൂഹത്തിന്റേയും, സമൂഹത്തിന്റെ ഉയര്‍ച്ച രാഷ്ട്രത്തിന്റേതുമാണ്. വ്യക്തി നശിക്കുമ്പോള്‍ തകരുന്നത് സമൂഹവും, സമൂഹം നശിക്കുമ്പോള്‍ തകരുന്നത് രാഷ്ട്രവുമാണ്. ഈ കാഴ്ചപ്പാട് പുതുതായി ഉരുത്തിരിഞ്ഞതല്ല.
നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ രാഷ്ട്രീയ അപഗ്രഥനം നടത്തിയ വ്യക്തികള്‍ സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ച സിദ്ധാന്തമാണിത്. വ്യക്തിയുടേയും അതുവഴി സമൂഹത്തിന്റേയും സംസ്‌ക്കാരത്തെ സൃഷ്ടിക്കുന്നതില്‍ കുടുംബങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. കുടുംബബന്ധത്തെ പറ്റിയുള്ള വ്യക്തമായ പരാമര്‍ശങ്ങള്‍ ഋഗ്വേദത്തിലുണ്ട്. പിതൃദായ ക്രമത്തിലുള്ളവയായിരുന്നു കുലങ്ങള്‍. പിതാവോ, മൂത്തപുത്രനോ ആയിരുന്നു കുടുംബനാഥന്‍. ഭാരതീയ സംസ്‌കൃതി ഏറെ കുറെ ഇന്നും പിന്‍തുടരുന്നത് ഈ ക്രമമാണ്. കുലങ്ങള്‍ കൂടി ചേര്‍ന്ന് ഗ്രാമവും, ഗ്രാമങ്ങള്‍ കൂടി ചേര്‍ന്ന് വിഷയവും, വിഷയം സമൂഹവുമായി ജനവും രൂപം കൊണ്ടു.
ഗ്രാമത്തിന്റെ തലവനായി ഗ്രാമാധിപനേയും, വിഷയത്തിന്റെ തലവനായി വിശ്പതിയേയും നിയമിച്ചിരുന്നു. ഗ്രാമാധിപനെ നാം ഇന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്ന് വ്യവഹരിക്കുന്നു. വിശ്പതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും. വിഷയങ്ങള്‍ കൂടി ചേര്‍ന്നുണ്ടാകുന്ന രാഷ്ട്രത്തിന്റെ തലവന്‍ രാജാവായിരുന്നു. പ്രജാ പരിപാലനമായിരുന്നു രാജാവിന്റെ കടമ. ഇന്നത്തെ മുഖ്യമന്ത്രിയുടെ സ്ഥാനമായി ഇതിനെ കണക്കാക്കാം. ഗ്രാമങ്ങള്‍ വിഷയങ്ങളും, വിഷയങ്ങള്‍ രാഷ്ട്രവുമായി മാറുന്ന കാഴ്ചയാണ് വേദകാലഘട്ടത്തെ ഭരണവ്യവസ്ഥ. ഇന്ന് ഗ്രാമങ്ങള്‍ കൂടി ചേര്‍ന്ന് ജില്ലയും, ജില്ലകള്‍ കൂടിചേര്‍ന്ന് സംസ്ഥാനവും രൂപം കൊണ്ടു എന്നു മാത്രം.
എന്തിനും പടിഞ്ഞാറേക്ക് നോക്കുന്ന ഭാരതീയന്‍ ഭാരതീയ സംസ്‌കൃതിയുടെ അടിത്തറയിലേക്ക് ഇറങ്ങി ചെല്ലാന്‍ തയ്യാറാകുന്നില്ല എന്നതാണ് വസ്തുത. 'ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്ന് പറഞ്ഞ മനുസ്മൃതി ചുട്ടെരിക്കണമെന്ന് പറഞ്ഞ് മുറവിളിക്കൂട്ടിയവരുണ്ട്. വാക്കുകളുടെ അര്‍ത്ഥതലം മനസ്സിലാക്കാതയാണ് ചിലര്‍ ഇപ്രകാരമുള്ള ജല്പനങ്ങള്‍ നടത്തിയത്. ആദ്യത്തെ പ്രാമാണികനിയമസംഹിതയാണ് മനുസ്മൃതി. 'പിതാ രക്ഷതി കൗമാരേ, ഭര്‍ത്താ രക്ഷതി യൗവനേ, പുത്രോരക്ഷതി വാര്‍ദ്ധക്യേ. ന സ്ത്രീ സ്വാതന്ത്ര്യ മര്‍ഹതി'എന്നാണ് മനുസ്മൃതി വചനം. ഭാരതത്തിന്റെ സ്ത്രീസങ്ക്ലപത്തിന്റെ ഉദാത്തതയും, സ്ത്രീയെ സംരക്ഷിക്കപ്പെടേണ്ടതിന്റെ അവശ്യകതയുമാണ് മനുസ്മൃതി. വ്യക്തമാക്കുന്നത്.
സ്വതന്ത്രയായ സ്ത്രീ എന്ന വാക്കിന് സ്വന്തം ഇഷ്ടത്തിനുസരിച്ച് നടക്കുന്നവള്‍ എന്നൊരു അര്‍ത്ഥം കൂടിയുണ്ട്. എന്നാല്‍, സത്രീ സങ്കല്പത്തെ ശക്തി സ്വരൂപിണിയായും ദേവതയായും, കണ്ട നാടാണ് ഭാരതം. 'യത്ര നാര്യസ്തൂപൂജ്യന്തേ രമന്തേ തന്ത്ര ദേവത' എന്നാണ് മനുസ്മൃതിയുടെ തന്നെ വിശേഷണം. എവിടെ സ്ത്രീകള്‍ പൂജിക്കപ്പെടുന്നുവോ അവിടെ ദേവതമാര്‍ രമിക്കുന്നു എന്നര്‍ത്ഥം. കുടുംബത്തില്‍ മാന്യമായ സ്ഥാനം വൈദിക കാലത്തുതന്നെ സ്ത്രീകള്‍ക്ക് നല്‍കപ്പെട്ടിരുന്നു. അഗ്‌നിസാക്ഷിയായി വിവാഹം കഴിച്ചിരുന്ന സ്ത്രീയെ തന്റെ പകുതിയായി പുരുഷന്‍ കണ്ടിരുന്നു. പാതിയും പുമാന് പത്നിയെന്ന് വേദശാസ്ത്രാദി ബോധമുള്ളവര്‍ ചൊല്ലിയിരുന്നു. എന്നതായിരുന്നു കാഴ്ചപ്പാട്. ഉണ്ടോ പുരുഷന്‍ പ്രകൃതിയെ വേര്‍പെട്ട് എന്ന അര്‍ത്ഥനാരീശ്വര സങ്കല്പവും സ്ത്രീ പുരുഷ സമത്വത്തെ വ്യക്തമാക്കിയിരുന്നു. സരസ്വതിയില്ലെങ്കില്‍ ബ്രഹ്‌മാവും, ലക്ഷ്മിയില്ലെങ്കില്‍ വിഷ്ണുവും, പാര്‍വ്വതിയില്ലെങ്കില്‍ ശിവനും പൂര്‍ണ്ണരായിരുന്നില്ല.
സൃഷ്ടി കര്‍ത്താവായാണ് ബ്രഹ്‌മാവിനെ ഗണിക്കപ്പെടുന്നത്. ബ്രഹ്‌മ പത്നിയായി കരുതപ്പെടുന്ന സരസ്വതി അറിവിന്റെ ദേവതയും. ഏതൊരു വ്യക്തിക്കും ഏതു രീതിയിലുള്ള സൃഷ്ടി നടത്താനും അറിവ് ആവശ്യമാണ്. ഇതിനാല്‍ തന്നെയാണ് യുക്തിപൂര്‍വ്വം അറിവിന്റെയും അക്ഷരത്തിന്റെയും ദേവതയായ സരസ്വതിയെ സൃഷ്ടി കര്‍ത്താവായ വിരിഞ്ചന്റെ ഭാര്യാപദവി നല്‍കിയത്. പരിപാലനമാണ് വിഷ്ണുവിന്റെ ധര്‍മ്മം. പരിപാലനത്തിന് ധനം ആവശ്യമാണ്. ഐശ്വര്യത്തിന്റെയും, ധനത്തിന്റെയും ദേവതയായ ലക്ഷ്മിയാണ് വിഷ്ണു പത്നി. ശിവന്‍ സംഹാരത്തിന്റെ പ്രതീകമാണ്. സംഹാരം നടത്തണമെങ്കില്‍ പ്രകൃതിശക്തികളുടെ സഹായം നിര്‍ബ്ബന്ധമാണ്. ഇതിനാല്‍ പ്രകൃതിയുടെ പുത്രിയായ പാര്‍വ്വതി (ഹിമവാന്റെ മകള്‍) ശിവന്റെ ഭാര്യാ സങ്കല്പത്തില്‍ പ്രതിഷ്ഠിതയായി. ഓരോ ചേര്‍ച്ചയും ആധുനിക ചിന്താധാര വെച്ചു നോക്കിയാലും യുക്തി പൂര്‍വ്വമായിരുന്നു എന്ന് കണ്ടെത്താന്‍ കഴിയും.
Content Highlights: brahma, Vishnu, Shiva, Parvathy
Published: 28 Nov 2024, 05:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented