എപ്പോഴെങ്കിലും മറ്റുള്ളവരോട് ദേഷ്യമോ വെറുപ്പോ ഉയർന്നുവരുമ്പോഴെല്ലാം ഓർക്കുക, നിങ്ങൾത്തന്നെയാണ് ഈ വികാരങ്ങളുടെ ഉറവിടമായിരിക്കുന്നതെന്ന്. നിങ്ങൾ നിങ്ങളുടെ ഇത്തരം വികാരങ്ങൾ മറ്റുള്ളവർക്കുമേൽ പ്രക്ഷേപിക്കുകയാണ്; ആരോപിക്കുകയാണ്. 'പകരത്തിനു പകരം' എന്നത് വളരെ സാധാരണമായ ഒരു സംഗതിയാണെങ്കിലും ഒട്ടും ബോധപൂർവ്വമല്ല അത് സംഭവിക്കുന്നത് എന്നതാണ് വാസ്തവം. നിങ്ങൾക്ക് അതിൽനിന്നും എന്താണ് കിട്ടാൻ പോകുന്നത്? നിങ്ങൾ ഒരാളോട് പ്രതികാരം ചെയ്യുകയും അതിൽ നിന്നും സന്തോഷം ലഭിക്കുകയും ചെയ്തുവെന്നും വിചാരിക്കുക. അകത്ത് എരിഞ്ഞുകൊണ്ടിരിക്കുന്ന ദേഷ്യവും വെറുപ്പും അസൂയയുമെല്ലാം ഉള്ളിനുള്ളിൽ അതുപോലെത്തന്നെ കിടപ്പുണ്ടാകും. തൊട്ടടുത്ത നിമിഷം മറ്റാരെങ്കിലും അത് ആളിക്കത്തിക്കും. അതുകൊണ്ടുതന്നെ അത് നിങ്ങളുടെ മാത്രം വരുതിയിൽപ്പെട്ട സംഗതിയാണ്, എന്തുതരം വികാരങ്ങൾ ഉയർന്നു പൊങ്ങിയാലും ശരി, അത് മറ്റാരിലും പ്രക്ഷേപിക്കുകയില്ല എന്നത് നിങ്ങളുടെ മാത്രം തീരുമാനമായിരിക്കണം .
അതിനർത്ഥം, നിങ്ങളിലെ കോപം പ്രകോപിപ്പിക്കപ്പെടുന്നതിന് മറ്റുള്ളവരെ ഉത്തരവാദികളാക്കുകയില്ല എന്നാണ്. മറ്റാരെങ്കിലും എന്തെങ്കിലും ചെയ്തുവെന്നതിനെ മറന്നുകളഞ്ഞേക്കുക. പെട്ടെന്നുതന്നെ തനിക്കകത്ത് എരിഞ്ഞുകൊണ്ടിരിക്കുന്ന വികാരത്തിലേക്ക് ശ്രദ്ധ തിരിക്കുക. ആ അഗ്നി ആദ്യമേ അവിടെ ഉണ്ടായിരിക്കുന്നുണ്ട്; ഉദ്ദീപിപ്പിക്കപ്പെടാൻ കാത്തുകിടക്കുകയാണത്. ഒരു നല്ല മനസികാവസ്ഥയിലായിരിക്കുന്ന നേരത്ത് നിങ്ങളെയത് കാര്യമായി ഉപദ്രവിക്കുന്നില്ല, നിങ്ങളപ്പോൾ ചിരിയും കളിയുമായി കഴിയുന്നു.
മഹാനായ സെൻമാസ്റ്റർ ലിൻ ചി കൂടക്കൂടെ പറയാറുണ്ടായിരുന്ന ഒരു കഥയുണ്ട്: 'ചെറുപ്പമായിരുന്ന കാലത്ത് വഞ്ചി തുഴയുക എന്നത് എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമായിരുന്നു. എനിക്ക് സ്വന്തമായി ഒരു ചെറിയ വഞ്ചിയുണ്ടായിരുന്നു . തടാകത്തിലേക്ക് ഞാൻ ഇടയ്ക്കിടെ തനിച്ച് വഞ്ചി തുഴഞ്ഞു പോകാറുണ്ട്. മണിക്കൂറുകളോളം ഞാൻ അവിടെത്തന്നെ ചെലവഴിക്കും. ഒരു ദിവസം രാത്രി, തടാകത്തിൽ, ഞാൻ എന്റെ വഞ്ചിയിൽ കണ്ണുമടച്ചിരുന്ന് ധ്യാനിക്കുകയായിരുന്നു. അങ്ങനെയിരിക്കേ എവിടെ നിന്നോ മറ്റൊരു വഞ്ചി വന്ന് എന്റെ വഞ്ചിയിൽ ശക്തമായി ഇടി ച്ചു. എനിക്ക് അതൊരു വല്ലാത്ത ആഘാതമായിരുന്നു. എന്റെ ശരീരം മുഴുവനും വിറകൊണ്ടു. എന്നിൽ കോപമിരമ്പി. ഏതവനാണിത്? അയാൾക്ക് കണ്ണില്ലേ? ഞാൻ വഞ്ചിയിൽ കണ്ണുമടച്ചിരുന്ന് ധ്യാനിക്കുന്നത് അയാൾക്ക് കാണാൻ പറ്റുന്നില്ലേ?'
ഞാൻ വിചാരിച്ചു , 'ഏതെങ്കിലും ഒരു കിഴങ്ങൻ മീൻപിടിത്തക്കാരനായിരിക്കും. അങ്ങനെയല്ലാത്ത ഒരുത്തനും വഞ്ചിയിൽ വന്ന് ഇടിക്കുകയില്ല.' ഞാൻ കണ്ണ് തുറന്നു. എനിക്കകത്ത് ദേഷ്യം തിളച്ചുമറിയുകയായിരുന്നു. അയാൾക്കിട്ട് രണ്ടു 'നല്ല വാക്ക്' പറഞ്ഞിട്ട് തന്നെ കാര്യം. ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോഴാണ് കാണുന്നത്, അതൊരു ഒഴിഞ്ഞ തോണിയായിരുന്നു. വേലിയിറക്കമായിരുന്നതിനാൽ അത് ആ ദിശയിൽ ഒഴുകിനടക്കുകയായിരുന്നു. അങ്ങനെയാണ് അത് എന്റെ തോണിയിൽ വന്ന് ഇടിക്കാൻ ഇടയായത്.
ഞാൻ ആർക്കു നേരെയാണ് ദേഷ്യപ്പെടേണ്ടത്? വഞ്ചിയിൽ ആരും തന്നെയില്ല. അതുകൊണ്ടുതന്നെ യാതൊന്നും ചെയ്യാനുമില്ല. ഒരു ഒഴിഞ്ഞ തോണിയോട് ദേഷ്യപ്പെടുക എന്നത് വിഡ്ഢിത്തത്തിൽ കുറഞ്ഞ ഒന്നുമല്ല.
ഞാൻ കണ്ണുകളടച്ച് എന്നിലെ കോപത്തെ നിരീക്ഷിക്കാൻ തുടങ്ങി. എന്നിലെ കോപത്തെ ഞാൻ ശരിക്കും നേരിടുകയായിരുന്നു. ദേഷ്യം മുഴുവനും ഉള്ളിനുള്ളിൽ ഒരു കാർമേഘത്തെപ്പോലെ ഉരുണ്ടുകൂടി. എന്റെ നിരീക്ഷണം അതിനെ തുരന്ന് തുരന്ന് പിന്നിലേക്ക് സഞ്ചരിച്ചു. സാവധാനം ഞാൻ ബോധത്തിന്റെ അഗാധമായ മറ്റൊരു അവസ്ഥയിലേക്ക് പ്രവേശിച്ചു. ഒഴിഞ്ഞ ആ തോണി എനിക്ക് ബിംബസമാനമായി; ഗുരുതുല്യനായി മാറി. നിശബ്ദമായ ആ രാത്രി എനിക്ക് സാക്ഷാത്ക്കാരത്തിന്റേതായിരുന്നു.
ഇപ്പോൾ ആരെങ്കിലും വന്ന് എന്നെ അവഹേളിക്കുകയാണെങ്കിൽ, ചിരിച്ചുകൊണ്ട് ഞാൻ പറയും, 'ഇതൊരു ഒഴിഞ്ഞ തോണിയാണ്.' എന്നെ അവഹേളിക്കുന്നയാളെയല്ല ഞാൻ കാണുന്നത്; അവഹേളിക്കപ്പെട്ടതായി തോന്നുന്ന ഈ എന്നെത്തന്നെയാണ് ഞാൻ നോക്കിക്കൊണ്ടിരിക്കുക.
മൊഴിമാറ്റം: ധ്യാൻ തർപ്പൺ
Content Highlights: the imporance of anger management in spiritual journey
Published: 05 Sept 2025, 10:45 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented