
നാനൃഷി കവി എന്ന വാക്യത്തിന്റെ പരമമായ സൗന്ദര്യം അപ്പാടെ ഒപ്പിയെടുക്കുന്ന വരികളിലേക്ക് കടക്കുകയാണ് ദൈവദശകം. അതിഗഹനമായ ആശയപ്രപഞ്ചത്തിലേക്കുള്ള അനായാസപ്രവേശനം. ഒറ്റനോട്ടത്തില്‍ യാതൊരു വ്യാഖ്യാനവും ആവശ്യമില്ലാത്ത അതീവലളിതമായ വരികള്‍. അന്നവും വസ്ത്രവും നല്‍കി ഞങ്ങളെ രക്ഷിക്കുന്ന, ഞങ്ങളെ തൃപ്തരാക്കുന്ന നീ തന്നെയാണ് ഞങ്ങളുടെ തമ്പുരാന്‍.
ഒരിക്കല്‍ കൂടി ദൈവമേ എന്ന വിളിയിലേക്ക് ഗുരു ശിഷ്യരെ സന്നിവേശിപ്പിക്കുകയാണ്. നീ ഒന്നുതന്നെ ഞങ്ങള്‍ക്ക് തമ്പുരാന്‍ എന്നതാണത്. നീയും ഞങ്ങളുമായി ദ്വൈതഭാവം തുടരുകയാണ്. കര്‍മയോഗത്തിന്റെ തുടക്കത്തില്‍ എനിക്ക് ഭാവിയില്‍ യശസ്സാര്‍ജ്ജിക്കാന്‍ വേണ്ടതു മാത്രം ഉപദേശിക്കുക എന്ന് പറയുന്നുണ്ട് അര്‍ജ്ജുനന്‍. ഹേ അനഘാ, എന്ന് വിശേഷിപ്പിച്ചാണ് ഇവിടെ ഭഗവാന്‍ മറുപടി പറയുന്നത്.
യജ്ഞാര്‍ത്ഥാത് കര്‍മണോന്യത്ര ലോകോയം കര്‍മബന്ധഃ
തഥര്‍ത്ഥം കര്‍മ കൗന്തേയ മുക്തസംഗഃ സമാചര
യജ്ഞകര്‍മത്തിന് പുറമേ മറ്റു കര്‍മങ്ങളാലും വരിയപ്പെട്ടതാണ് ഈ ലോകം. അതിനാല്‍ നിസ്സംഗമായി കര്‍മം ചെയ്യുക. പ്രജാപതി യജ്ഞത്തോടെ കാമധേനുവിനേയും നല്‍കി. യജ്ഞം കൊണ്ട് ദേവന്മാര്‍ ഇഷ്ടഫലം തരും. എന്നാല്‍, അവര്‍ തന്ന വസ്തുക്കളെ അവര്‍ക്കു കൊടുക്കാതെ കഴിക്കുന്നവന്‍ കള്ളന്‍ തന്നെയാണ്. യജ്ഞം ചെയ്തു ശേഷിച്ചതു മാത്രം ആഹരിക്കുന്നവര്‍ക്കാണ് മുക്തി. അവരാണ് സജ്ജനങ്ങള്‍. തന്നെത്താന്‍ ഭോഗസഞ്ചയം ചെയ്യുന്നവര്‍ പാപമാണ് ഭുജിക്കുന്നത്.
അന്നാദ്ഭവന്തി ഭൂതാനി പര്‍ജന്യാദന്നസംഭവഃ
യജ്ഞാദ്ഭവതി പര്‍ജ്ജേന്യോ യജ്ഞഃ കര്‍മ്മസമുദ്ഭവാ
അന്നത്തില്‍നിന്ന് ഭൂതങ്ങള്‍ ഉണ്ടാകുന്നു. മഴയില്‍നിന്ന് അന്നവും യജ്ഞത്തില്‍നിന്ന് മഴയും ഉണ്ടാവുന്നു. യജ്ഞം കര്‍മത്തില്‍നിന്ന് ഉണ്ടാവുന്നു.
അകര്‍മണ്യര്‍ ആവരുതെന്ന ഓര്‍മിപ്പിക്കലാണ് ഇവിടെ ഭഗവാന്റേത്. വിദ്യ പകര്‍ന്നുകൊടുക്കും തോറും മാത്രം പ്രഭയേറുന്നതാണ് എന്ന പ്രഖ്യാപനമുണ്ടതില്‍. എന്നാല്‍, അര്‍ജ്ജുനന്‍ അകര്‍മണ്യതയുടെ തടവിലാണ്. ഏതു വിദ്യാര്‍ഥിയുടേയും ആദ്യഭാവത്തില്‍ ആ കര്‍മവിമുഖതയുണ്ട്. അന്നവും വസ്ത്രവും ഇവിടെ ആദ്യതടസ്സങ്ങളുമാണ്.
ആ തടസ്സങ്ങള്‍ പക്ഷേ, വെറും പ്രലോഭനങ്ങളല്ല. തീര്‍ത്തും നിഷേധിക്കപ്പെടുന്ന അവസ്ഥയില്‍ അതിജീവനം തന്നെ അസാധ്യമാക്കുന്നവയാണവ. ഏതു അനഘനേയും അപമാനത്തിന്റെ ആഴക്കടലില്‍ തള്ളുന്നവ. ഭഗവദ് ഗീതയിലേക്ക് എത്തും മുമ്പു തന്നെ ഭഗവാന്‍ ഇക്കാര്യം വിശദമാക്കുന്നുണ്ട്. അത് പക്ഷേ, കൃഷ്ണയിലൂടെയാണ്.
യജ്ഞത്തില്‍നിന്ന് ഉയര്‍ന്നുവന്ന ഉജ്ജ്വലതേജസ്സാണ് ദ്രൗപദി. അസാമാന്യധീരനായ പാഞ്ചാലനാണ് പിതാവ്. ക്ഷാത്രതേജ്ജസ്സാര്‍ന്ന, അടച്ചു വയ്ക്കാനാവാത്ത ദ്യുതി പോലെയുള്ള ധൃഷ്ടദ്യുമ്നനാണ് സഹോദരന്‍. ലോകത്തെ ഏറ്റവും ധീരരായ അഞ്ചു പേരാണ് ഭര്‍ത്താക്കന്മാര്‍. അവര്‍ അഞ്ചു പേരും ധര്‍മം വിട്ടു ചരിക്കാത്തവരുമാണ്. എന്നിട്ടും നോക്കൂ, രജസ്വലയായി, ഒറ്റവസ്ത്രം മാത്രം ധരിച്ച്, അന്തഃപുരത്തില്‍ ഇരിക്കുമ്പോഴാണ് അവളെ കൗരവ സഭയിലേക്ക് പിടിച്ചുവലിച്ചിഴച്ച് എത്തിക്കുന്നത്. ദുശ്ശാസനന്‍ എന്ന പേര് കാലത്തില്‍ കൊത്തിവയ്ക്കപ്പെടുകയാണ്. പങ്കിലപാപനായി.
നിയമത്താല്‍ കെകാലുകള്‍ ബന്ധിക്കപ്പെട്ടവരായി പാണ്ഡവര്‍ അഞ്ചു പേരും അവിടെയുണ്ട്. ഭീഷ്മരും ദ്രോണരും അര്‍ഥകാമികളായി ബന്ധനസ്ഥരാണ്. എന്നുവച്ചാല്‍ ഉണ്ട ചോറിന് കൂറു കാണിക്കേണ്ടതിനാല്‍ മൗനികള്‍ എന്നര്‍ത്ഥം. ദുര്യോധനനും കര്‍ണ്ണനും അതിനിശിതം അവളെ വിചാരണ ചെയ്യുന്നു. അതിലേറെ അപമാനിക്കുന്നു. വികര്‍ണ്ണന്‍ മാത്രമാണ് എതിര്‍ക്കുന്നത്.. വിദുരരുടെ വാക്കുകള്‍ ജലരേഖകളുമാണ്. ഉറ്റവരും ഉടയോരും ഗുരുക്കന്മാരും നിറഞ്ഞ മഹാസഭ കൃഷ്ണയ്ക്ക് അഗ്‌നിപഥമാവുകയായി.
ആകെയുള്ള ഒറ്റവസ്ത്രവും അപഹരിക്കപ്പെടുമ്പോള്‍ അവള്‍ക്ക് വിളിക്കാന്‍ ഒരാളേയുള്ളൂ. ഒരേയൊരു തമ്പുരാന്‍. സ്ഥിതികാരകനായ നാരായണന്‍. അവിടെ ഭഗവാന്‍ ഇടപെടുകയായി. എത്ര അഴിച്ചെടുത്താലും തീരാത്ത വസ്ത്രമായി കൃഷ്ണയുടെ കൃഷ്ണന്‍ അവതരിക്കുകയായി. പിന്നെ ഏത് ദുശ്ശാസനന്മാര്‍ക്കും കുഴഞ്ഞുവീഴുകയേ കരണീയമായിട്ടുള്ളൂ.
ഉത്തരായണം കാത്തുകിടക്കുന്ന ഭീഷ്മരുടെ മുന്നിലേക്ക് യുധിഷ്ഠിരന്‍ ചെല്ലുന്നുണ്ട് യുദ്ധാവസാനം. കൃഷ്ണന്‍ തന്നെയാണ് ഇത് നിര്‍ദേശിക്കുന്നതും. ലോകത്തെ മുഴുവന്‍ അറിവിന്റേയും സ്വാംശീകരണത്തിന് വേണ്ടിയാണ് ആ യാത്ര. ധര്‍മപുത്രര്‍ക്ക് പക്ഷേ, ആചാര്യനോട് ചോദിക്കാന്‍ മനസ്സുവരുന്നില്ല. യുധിഷ്ഠിരന്റെ അപേക്ഷയുടെ നൈമിഷികതയത്രയും ആസ്വദിച്ച് ഭഗവാന്‍ തന്നെയാണ് പേരക്കുട്ടിക്ക് ജ്ഞാനം പകരാന്‍ ഭീഷ്മപിതാമഹനോട് പറയുന്നത്. അന്നേരം ഭീഷ്മര്‍ ചോദിക്കുന്നുണ്ട്. ' ഹേ കൃഷ്ണാ, എല്ലാം അറിയുന്ന നീയോ എന്നോട് ജ്ഞാനവിനിമയം ആവശ്യപ്പെടുന്നത്? '
അസ്തമയമായതിനാല്‍ എല്ലാവരോടും പിറ്റേന്ന് വരാന്‍ ഭീഷ്മര്‍ നിര്‍ദേശിക്കുന്നു. പിറ്റേന്ന് ഉദയത്തിന് പിന്നാലെ പുറപ്പെടാന്‍ നേരമായി. അന്നേരം ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാം പോകാം എന്നായി കൃഷ്ണന്‍. ആ നിര്‍ദേശപ്രകാരം ദ്രൗപദിയും ആചാര്യന് മുന്നിലേക്ക് എത്തുന്നു. അപ്പോള്‍ പാഞ്ചാലി ചോദിക്കുന്നുണ്ട്. വനവാസക്കാലത്തും അജ്ഞാതവാസക്കാലത്തും കുരുക്ഷേത്രയുദ്ധകാലത്തും എല്ലാം നിരന്തരം വേട്ടയാടിയ ആ ചോദ്യം.
' എല്ലാ അറിവും തികഞ്ഞ ആചാര്യാ, അങ്ങ് എന്തുകൊണ്ടാണ് ധര്‍മത്തിന്റെ സൂക്ഷ്മഗതിയെക്കുറിച്ചുള്ള എന്റെ ചോദ്യത്തിന് അന്ന്, ആ കൗരവസഭയില്‍ മറുപടി പറയാതിരുന്നത്?'
ധൃതരാഷ്ട്രനെപ്പോലെ തന്നെ അന്ധനായി നില്‍ക്കേണ്ടി വന്ന ആ അധമസന്ദര്‍ഭം ഓര്‍ത്തെടുത്ത് ആചാര്യന്‍ പറയുന്നു.
' മകളേ, ഞാനും അന്ന് ബന്ധനസ്ഥനായിരുന്നു.'
മുമ്പേ പറഞ്ഞതുപോലെ ഉണ്ടതും ഉണ്ണുന്നതുമായ ചോറിനോടുള്ള കൂറാണ് ആ ബന്ധനം. ഇല്ലാപ്പാശം കൊണ്ട് കെട്ടിയിടപ്പെട്ട നരകനേരം ഓര്‍ത്ത് ആസന്നമരണനായ ആചാര്യനും അരനിമിഷം ഖിന്നനാവുന്നുണ്ട്. പാശം എന്ന പദത്തിന്റെ രണ്ടര്‍ത്ഥവും അനുഭവിപ്പിക്കുകയാണ് ഇവിടെ പിന്മുറക്കാരെ ആചാര്യന്‍. ഇല്ലാത്ത സ്നേഹവും ഇല്ലാത്ത കയറുമാണത്. അകര്‍മണ്യതയിലേക്ക് തള്ളപ്പെടുന്ന ജ്ഞാനിയുടെ നിസ്സഹായത തെളിയുകയാണ്.
അവിടെ ചിരിക്കുന്നുണ്ട് ഭഗവാന്‍. എല്ലാ അറിവും തികഞ്ഞ ഭീഷ്മാചാര്യനും അസ്തപ്രജ്ഞനായി നിന്നപ്പോഴാണ് ഈശ്വരന്‍ അവതരിക്കുന്നത്. താഴേക്കു വന്ന താരത്തേക്കാള്‍ പ്രകാശമുണ്ട് അവതാരത്തിന് അന്നേരം പാഞ്ചാലിയുടെ അനുഭവത്തില്‍. നിസ്സീമമായ സമര്‍പ്പണമാണത്. യാജ്ഞസേനിയുടെ യജ്ഞമാണ് ആ നിരാലംബമായ പ്രാര്‍ഥന.
ഇതേ പ്രാര്‍ഥന ആവര്‍ത്തിക്കുന്നുണ്ട് കാനനവാസകാലത്ത് വീണ്ടും പാണ്ഡവപത്നി. നേരത്തേ വസ്ത്രത്തിനാണ് യാചനയെങ്കില്‍ ഇപ്പോള്‍ അത് അന്നത്തിനാണ്.
ദുര്‍വാസാവിന്റെ എഴുന്നെള്ളത്താണ്. തന്റെ അഹന്ത അപ്പാടെ അമര്‍ഷത്തോടെ അടക്കിപ്പിടിച്ച് ദുര്യോധനന്‍ മുനിയെ സ്വീകരിക്കുന്നു. ദേവനായി തന്നെ അതിഥിയെ പരിചരിക്കുന്നു. സ്വാര്‍ത്ഥപൂര്‍ണമായ സമര്‍പ്പണം. അവസാനം മഹര്‍ഷി പ്രീതനാവുന്നു. പക്ഷേ, ദുര്യോധനന് ലക്ഷ്യം ഒന്നേയുള്ളൂ. പാണ്ഡവര്‍ മുടിയണം. അതിനായി മുനിയോട് പറയുന്നു. ഇനി പാണ്ഡവരുടെ ആതിഥ്യം സ്വീകരിക്കണം.
കാട്ടില്‍ പാര്‍ക്കുന്ന പാണ്ഡവരുടെ സന്നിധിയിലേക്ക് പോകുന്നതില്‍ മുനി പല തടസ്സങ്ങളും പറയുന്നുണ്ട്. ഒടുവില്‍ ദുര്‍വാസാവ് വരമെന്നോണം ദുര്യോധനന്റെ ഇംഗിതം അനുവദിക്കുന്നു.
ആദിത്യന്‍ നല്‍കിയ അക്ഷയപാത്രമാണ് ദ്രൗപദിയുടെ കരുത്ത്. സൂര്യനല്ലാതെ മറ്റാര്‍ക്ക് ഈ ഭൂമിയില്‍ അക്ഷയപാത്രം നല്‍കാനാവും? ആ പാത്രത്തിന്റെ പ്രത്യേകത നോക്കൂ. എല്ലാവരുടേയും വിശപ്പു മാറ്റാന്‍ വിഭവങ്ങള്‍ നല്‍കും. എന്നാല്‍, അത് കഴിഞ്ഞ് പാത്രം കഴുകി വച്ചാല്‍ പിന്നെ പിറ്റേന്നേ പാത്രം അന്നം തരൂ. ലളിതമായി പറഞ്ഞാല്‍ ആവശ്യത്തിന് തരും. ആര്‍ത്തി തീര്‍ക്കാന്‍ തരില്ല. ഓരോ വിളവെടുപ്പു കഴിഞ്ഞാലും വീണ്ടും വിതച്ച്, നനച്ച്, വളര്‍ത്തി, കൊയ്തെടുക്കണം എന്നര്‍ത്ഥം. ആ അക്ഷയപാത്രം ഭൂമീദേവി തന്നെയാണ്.
കൊയ്ത്തുകഴിഞ്ഞ പാടത്തുനിന്ന് വിളവെടുക്കാനാണ് ദുര്യോധനന്‍ ദുര്‍വാസാവിനോട് ആവശ്യപ്പെടുന്നത്. ദുര്‍വാസാവിന് ഒരു പ്രത്യേകതയുണ്ട്. ആ മഹര്‍ഷി വരുന്നതെല്ലാം കഥാഗതിയെ നയിക്കാനാണ്. ഒപ്പം ചിലതെല്ലാം ബോധ്യപ്പെടുത്താനും.
ഇവിടെ കഴുകി വച്ച പാത്രത്തില്‍നിന്ന് അന്നം വിളയിക്കാനാണ് ദുര്‍വാസാവിന്റെ വരവ്. ധര്‍മപുത്രര്‍ പോലും ആ ഉത്തരവാദിത്തം ദ്രൗപദിയില്‍ ഏല്‍പ്പിക്കുന്നു. ഒരിക്കല്‍ കൂടി പാഞ്ചാലി നിസ്സഹായയാവുന്നു. ദ്രൗപദിക്ക് ആശ്രയിക്കാന്‍ ഇപ്പോള്‍ ഭീമന്റെ കരുത്തോ അര്‍ജ്ജുനന്റെ ഗാണ്ഡീവമോ ഇല്ല. വിളിക്കാന്‍ ഈശ്വരന്‍ മാത്രം.
ആ ചീരയിലയുടെ കഥ വരികയായി. ഏത് വയലിലും എത്ര ചെത്തി മാറ്റിയാലും പൊടിച്ചുവരുന്ന അനേകം ചെറുചെടികളില്‍ ഒന്ന്. കഴുകി വച്ച അക്ഷയപാത്രത്തില്‍ അത് ബാക്കിയാവുകയാണ്. അത് ബാക്കിയാക്കുന്നതും അതു കഴിക്കുന്നതും ഭഗവാനാണ്. ഒരു പിടി അവലില്‍ ഒരു ജന്മദാരിദ്ര്യം അത്രയും തീര്‍ക്കുന്ന ഭഗവാന്‍.
ദുര്‍വാസാവിനും ശിഷ്യന്മാര്‍ക്കും വയറു നിറയുന്നു. ഇനിയൊന്നും കഴിക്കാനാവാത്ത അവസ്ഥയായി. അവര്‍ മടങ്ങുന്നു.
കൈവര്‍ത്തകനായി കേശവന്‍ ഉള്ളിടത്തോളം ഭക്തരെ തൊടാനാവില്ലെന്ന് ദുര്‍വാസാവും ഓര്‍മിപ്പിക്കുന്നു. നരനൊപ്പം നാരായണനും ഉണ്ട് ദുര്യോധനാ, വിനാശചിന്തകള്‍ വിസ്മരിച്ചേക്കൂ എന്ന് തന്നെ ദുര്‍വ്വാസാവും കൗരവരോട് പറയുകയാണ്. അത് അനുസരിക്കാതിരിക്കലാണല്ലോ ആജന്മം ഊട്ടി വളര്‍ത്തിയ പക ധാര്‍ത്തരാഷ്ടര്‍ക്ക് സമ്മാനിക്കുന്ന ദുര്‍വിധി .
അന്നവും വസ്ത്രവുമായി ഈശ്വരന്‍ യാജ്ഞസേനിയെ അനുഗ്രഹിക്കുകയാണ്. അത് നിഷ്‌കാമമായ ഭക്തി കൊണ്ടാണ്. ഒപ്പം ആത്യന്തികമായ സമര്‍പ്പണം കൊണ്ടുമാണ്. അന്നവും വസ്ത്രവും തന്ന് നമ്മളെ രക്ഷിക്കുക മാത്രമല്ല ഇവിടെ ഈശ്വരന്‍ ചെയ്യുന്നത്. ധന്യരാക്കുകയുമാണ്.
ഭഗവദ് ഗീതയുടെ വര്‍ത്തമാന വ്യാഖ്യാനങ്ങളില്‍ പലരും പലപ്പോഴും പറയുന്നത് കേള്‍ക്കാറുണ്ട്. യുദ്ധം ചെയ്യേണ്ട എന്ന് തീര്‍ച്ചപ്പെടുത്തിയ അര്‍ജ്ജുനനെ സായുധനാക്കുന്ന നശീകരണ ദൗത്യമാണ് ശ്രീകൃഷ്ണന്‍ ചെയ്യുന്നതെന്ന്. വെറുതേ എതിരാളികളെ ചുട്ടുകൊല്ലാനല്ലാ ഭഗവാന്റെ ഇംഗിതം. അകര്‍മണ്യതയ്ക്ക് എതിരായ ആഹ്വാനമാണത്. കുരുക്ഷേത്രയുദ്ധം ഓരോ മനുഷ്യന്റേയും ദൈനംദിന അതിജീവിതത്തിനുള്ള മന്ത്രമാകുമ്പോള്‍ പ്രത്യേകിച്ചും. ഊര്‍ന്നുവീഴുന്ന ഗാണ്ഡീവം കുലച്ച് ഞാണൊലി കേള്‍പ്പിക്കണമെന്ന ആഹ്വാനമാണ് ഗീത. അതാകട്ടെ, വെറുതേ മയങ്ങിക്കിടന്നാല്‍ ജീവിതം മുന്നോട്ടുപോവില്ല എന്ന ഓര്‍മ്മപ്പെടുത്തല്‍ തന്നെയാണ്.
അവിടെ അന്നവും വസ്ത്രവും നല്‍കുന്നത് ദാനമല്ല. അകൈതവമായ സമര്‍പ്പണത്തിന്റെ ആത്യന്തികബാക്കിയാണ്. ദാനം കിട്ടുന്ന പശുവിന്റെ പല്ലെണ്ണരുത് എന്നാണല്ലോ പഴമൊഴി. കിട്ടിയത് വാങ്ങി വിനശ്യരാവുന്നതാണ് ആ ദാനം. വിശേഷേണ നശിച്ചു പോകല്‍. ഇവിടെ അതല്ല അര്‍ഥം. വാങ്ങുന്നവര്‍ കിട്ടുന്നതില്‍ ധന്യരാവുകയാണ്. നീ തരുന്നത് ഞങ്ങള്‍ കൈനീട്ടി വാങ്ങുന്നു. ആ ധന്യതയിലാണ് നീ മാത്രമാണ് ഞങ്ങള്‍ക്ക് തമ്പുരാന്‍ എന്ന ആത്മാര്‍പ്പണം സാധ്യമാവുന്നത്.
കര്‍മഗതിയുടെ സൂക്ഷ്മസഞ്ചാരങ്ങളെയാണ് ഭഗവാന്‍ കുരുക്ഷേത്രത്തില്‍ അര്‍ജ്ജുനനെ ബോധ്യപ്പെടുത്തുന്നത്. ആത്മാര്‍പ്പണം ഉള്ളപ്പോഴും അര്‍ജ്ജുനനും ദ്വൈതഭാവത്തിലാണ്. ഞാനെന്തു ചെയ്യും കൃഷ്ണാ എന്ന അങ്കലാപ്പും ആശങ്കയും ആക്രന്ദനവും ഉണ്ടവിടെ. പരീക്ഷ എഴുതാന്‍ നേരത്തെ കേവല വിദ്യാര്‍ഥിയുടെ വിവശതയാണത്. അന്നേരം ഗുരുവായി സ്ഥിതികാരകനായ ഭഗവാന്‍ പറയുന്നു.
തദ് വിദ്ധി പ്രണിപാതേന പരിപ്രശ്നേന സേവയാ
ഉപദേക്ഷ്യന്തി തേ ജ്ഞാനം ജഞാനിനസ്ത്തത്വദര്‍ശനഃ
യജ്ഞാത്വാ ന പുനര്‍മോഹമേവം യാസ്യസി പാണ്ഡവ
യേനഭൂതാന്യശേഷേണ ദ്രക്ഷ്യസ്യാത്മന്യഥോ മയി.
അപി ചേദസി പാപേഭ്യഃസര്‍വ്വേഭ്യഃ പാപകൃത്തമഃ
യേനഭൂതാന്യശേഷേണ ദ്രക്ഷ്യസാത്മന്യഥോ മയി
സത്യദൃക്കുകളായ ജ്ഞാനികളില്‍നിന്ന് ജ്ഞാനം ഉപദേശമായി കിട്ടും. അത് നമസ്‌കാരം കൊണ്ടും ചോദ്യം കൊണ്ടും സേവ കൊണ്ടും നീ അറിയുക. അര്‍ജ്ജുനാ, അതറിഞ്ഞാല്‍ പിന്നെ നിനക്ക് ഈ ഭ്രമം ഉണ്ടാവില്ല. പിന്നെ സകലഭൂതങ്ങളേയും നീ നിന്നിലും എന്നിലും കാണും. മഹാപാപിയാണെങ്കില്‍ കൂടി നീ ജ്ഞാനമാകുന്ന തോണി കൊണ്ട് മുഴുവന്‍ പാപസമുദ്രങ്ങളേയും മറികടക്കും.
ആദ്യം പറഞ്ഞ ആവിവന്‍തോണി ജ്ഞാനത്തിന്റേതെന്ന് ഗുരു ഒരിക്കല്‍ കൂടി പറയുകയാണ്. ആ ജ്ഞാനം ലഭിക്കാന്‍ ഉപദേശം ശ്രവിക്കണം. നമസ്‌കാരം ചെയ്യണം. ചോദ്യം ചോദിക്കണം. വിനയാന്വിതനാവണം. ആ അറിവുണ്ടെങ്കില്‍ മാത്രമേ ആത്മസമര്‍പ്പണത്തിന്റെ ധന്യത പൂര്‍ണമാകൂ. അദ്വൈതം പഠിക്കാനെത്തുന്ന കുട്ടികളോടാണ് ഇത് പറയുന്നത്. എന്നാല്‍, പരമമായ ഈശ്വരനിലുള്ള സമര്‍പ്പണം ഏതൊരു മനുഷ്യജന്മത്തിനും അനിവാര്യമെന്ന് ഗുരു ഓര്‍മിപ്പിക്കുന്നു.
പരമമായ സമര്‍പ്പണത്തിനുള്ള മുന്നുപാധികളാണ് അന്നവും വസ്ത്രവും. അന്നവും വസ്ത്രവും മാത്രമല്ല ഗുരു ഉദ്ദേശിക്കുന്നത്. അന്നവസ്ത്രാദികളാണ്. അന്നവും വസ്ത്രവും പോലെ അതിജീവനത്തിനുളള ആദ്യോപാധികള്‍. ഇത് നല്‍കുന്നത് ഈശ്വരനാണ് . ഗാര്‍ഹസ്ഥ്യത്തിന്റെ ദിനേനയുള്ള കര്‍മഗതികളില്‍ കുടുങ്ങിക്കിടക്കുന്നവനെ സമര്‍പ്പണത്തിന്റെ ചര്യയിലേക്ക് നയിക്കുന്നതും അതേ ഈശ്വരനാണ്.
പാഞ്ചാലിയുടെ സമര്‍പ്പണത്തിലൂടെ, അര്‍ജുനന്റെ സന്ദിഗ്ദ്ധതകളിലൂടെ പരമമായ വെളിച്ചത്തിലേക്ക് പ്രയാണം ചെയ്യുകയാണ് ഗുരു. അന്നത്തിന്റേയും വസ്ത്രത്തിന്റേയും ലീലാപടങ്ങളെ നീക്കി ധന്യരായി വെളിച്ചത്തിലേക്കു സഞ്ചരിക്കാമെന്ന വഴിയാണ് പതിയേ തുറന്നു വരുന്നത്.
Published: 06 Dec 2025, 04:00 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented