മനസ്സിൽ മതദ്വേഷമില്ലാത്ത വലിയ ലോകത്തിന്റെ വരികളാണ് ആ ഗന്ധർവനാദത്തിൽ ആദ്യം നമ്മൾ കേട്ടത്. അന്ന് അദ്ദേഹം പാടി, ‘‘ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്...’’ സ്നേഹമായിരുന്നു നമ്മുടെ മതം, മനുഷ്യത്വമായിരുന്നു ജാതി. മനുഷ്യൻ മനുഷ്യനോട് തോൾചേർന്ന് സ്നേഹം നട്ടുവളർത്തിയ കാലത്തിന്റെ എത്രയെത്ര പാട്ടുകൾ...

To advertise here,

കാലത്തെയും കടന്ന് ആ പാട്ടുകൾ ശേഷിച്ചു. പക്ഷേ, അതിന്റെ അർഥം കളഞ്ഞുപോയി. മതം, മതതീവ്രവാദത്താൽ മുറിപ്പെട്ടു. കേൾക്കുന്ന വാർത്തകൾ കേൾക്കാനിഷ്ടപ്പെടാത്ത വാർത്തകളായി. മതങ്ങളും ദൈവങ്ങളും ചേർന്ന് പങ്കുവെച്ചെടുത്തു നമ്മുടെ ഹൃദയങ്ങൾ.

ആയിരം പൂർണചന്ദ്ര പ്രഭയിൽ യേശുദാസ് നാദനാഥനാവുമ്പോൾ ഒരിക്കൽക്കൂടി ആ വരികൾ അതിന്റെ അർഥം കണ്ടെത്തട്ടെ. ഒരിക്കൽക്കൂടി നമ്മൾ മനുഷ്യരാകട്ടെ, മതങ്ങൾ സ്നേഹമാകട്ടെ..

ലോകത്തിൽ എല്ലാത്തിലും സംഗീതമുണ്ട്; കാറ്റിലും മഴയിലും പുഴയിലുമെല്ലാം. സാർവലൗകിക സ്നേഹമാണ് സംഗീതം. അത് എല്ലാ കലഹങ്ങളെയും ഇല്ലാതാക്കും. കാരണം, ലോകാ സമസ്താ സുഖിനോ ഭവന്തു എന്നാണ് സംഗീതം പറയുന്നത്. സംഗീതത്തിൽ എല്ലാ മനുഷ്യരും തുല്യരാണ്, ഇതാണ് എന്റെ മതം, ഇതിനെയാണ് ഉപാസിക്കുന്നത് - യേശുദാസ്

ശതാഭിഷിക്തനായി ഗാനഗന്ധർവൻ, ആശംസകളുമായി സംഗീതലോകം

മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഗന്ധർവ സംഗീതത്തെക്കുറിച്ച് ഓരോ വിശിഷ്ടാതിഥിക്കും ഏറെ പറയാനുണ്ടായിരുന്നു. ഓർമകളും പ്രണാമങ്ങളും ആശംസകളും കൊണ്ട് സമ്പന്നമായ വേദിയിലായിരുന്നു മലയാളികളുടെ സ്വന്തം 'ദാസേട്ട’ന്റെ 84-ാം പിറന്നാളാഘോഷം. ശിഷ്യരുൾപ്പെടെയുള്ളവരുടെ പിറന്നാൾ സമ്മാനമായുള്ള ഗാനാഞ്ജലികൂടിയായപ്പോൾ വേദി വികാരഭരിതമായി.

placeholder
കെ.ജെ. യേശുദാസിന്റെ ശതാഭിഷേക ആഘോഷച്ചടങ്ങിൽ നടന്മാരായ മനോജ് കെ. ജയനും സിദ്ദിഖും അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചപ്പോൾ പൊട്ടിച്ചിരിക്കുന്ന യേശുദാസും ഭാര്യ പ്രഭയും. അമേരിക്കയിലുള്ള ഇരുവരും വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് പരിപാടിയിൽ പങ്കെടുത്തത് | ഫോട്ടോ: എം.വി. സിനോജ്

എറണാകുളം അസീസിയ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ പക്ഷേ, നേരിട്ടെത്താൻ യേശുദാസിനായില്ല. അമേരിക്കയിലെ ഡാലസിൽനിന്ന് ഓൺലൈനായാണ് യേശുദാസും കുടുംബവും പങ്കെടുത്തത്. ഭാര്യ പ്രഭ, മകൻ വിശാലിന്റെ ഭാര്യ വിനയ, മകൾ അമാര എന്നിവരാണുണ്ടായിരുന്നത്. അവിടെ രാത്രി 12 മണിയായപ്പോൾ മൈക്കിന്റെ മാതൃകയിലുള്ള പിറന്നാൾ കേക്ക് മകൻ വിജയ് യേശുദാസും അതിഥികളും ചേർന്ന് മുറിച്ചു. യേശുദാസിന്റെ ആത്മസുഹൃത്തായ ചേർത്തല ഗോവിന്ദൻകുട്ടി ഭാഗവതർക്ക് ആദ്യ മധുരം നൽകി. യേശുദാസ് അക്കാദമിയും പിന്നണി ഗായകരുടെ സംഘടനയായ സമവും മൽഹാർ ഇവന്റ്‌സും സംയുക്തമായാണ് ആഘോഷം സംഘടിപ്പിച്ചത്‌.