ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിൽ ഒട്ടനവധി സസ്പെൻസുകളും ട്വിസ്റ്റുകളും നിറഞ്ഞ ഒരു പൊളിറ്റിക്കൽ ത്രില്ലറായിരുന്നു 2024. അടുത്ത അഞ്ച് വർഷം രാജ്യം ആര് ഭരിക്കണമെന്ന് ജനം വിധിയെഴുതിയ വർഷം. പതിറ്റാണ്ടിന് ശേഷം ജമ്മു കശ്മീർ ജനത പോളിങ് ബൂത്തിലെത്തിയ വർഷം. കാലങ്ങൾക്ക് ശേഷം ലോക്സഭയ്ക്ക് പ്രതിപക്ഷ നേതാവിനെ ലഭിച്ച വർഷം. കേരളത്തിൽനിന്ന് ആദ്യമായി ലോക്സഭയിലേക്ക് താമര വിരിഞ്ഞ വർഷം. പ്രബലരായ മുഖ്യമന്ത്രിമാർ പോലും അഴിക്കുള്ളിലായ വർഷം. അങ്ങനെ ഒട്ടേറെ സംഭവവികാസങ്ങൾക്ക് സാക്ഷ്യംവഹിച്ചാണ് 2024 കടന്നുപോകുന്നത്. അതിൽ പ്രധാനപ്പെട്ട ചിലതിലേക്ക് ഒരു തിരഞ്ഞുനോട്ടം.

To advertise here,

പ്രധാനമന്ത്രിക്കസേരയിൽ ഹാട്രിക്കടിച്ച് മോദി

പ്രധാനമന്ത്രിക്കസേരയിൽ മോദിക്ക് ഹാട്രിക്ക് നൽകിയ പൊതുതിരഞ്ഞെടുപ്പായിരുന്നു 2024-ലേത്. ബിജെപി തുടർഭരണം നേടിയങ്കിലും ഒറ്റപ്പാർട്ടിയുടെ ഏകാധിപത്യത്തോടല്ല, വൈവിധ്യങ്ങളുടെ ജനാധിപത്യമാണ് ജനഹിതമെന്ന് വിളംബരംചെയ്ത തിരഞ്ഞെടുപ്പ്. ബിജെപിക്കെതിര പ്രതിപക്ഷ ഐക്യമുണ്ടാക്കി ഗോദയിലിറങ്ങിയിട്ടും മോദിയെ വീഴ്ത്താൻ കോൺഗ്രസിനും കൂട്ടർക്കും സാധിക്കാതിരുന്ന തിരഞ്ഞെടുപ്പ്. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഭരണത്തിൽ മോദിയുടേയും ബിജെപിയുടെയും അപ്രമാദിത്വം കുറഞ്ഞതിനും 2024 സാക്ഷ്യംവഹിച്ചു.

കേരളത്തിൽ അക്കൗണ്ട് തുറന്ന ബിജെപി, രണ്ട് കേന്ദ്രമന്ത്രിമാർ

ബി.ജെ.പിക്ക് ചരിത്രവിജയവും യു.ഡി.എഫിന് 20-ൽ പതിനെട്ട് സീറ്റും സമ്മാനിച്ച തിരഞ്ഞെടുപ്പ് ഫലത്തിനാണ് 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം സാക്ഷിയായത്. 2019-ലെ ദയനീയ പരാജയം എൽഡിഎഫ് ആവർത്തിച്ചപ്പോൾ തൃശ്ശൂരിൽ താരമ വിരിയിച്ച് സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിൽ ഇടംപിടിച്ചു. രാജ്യസഭ വഴി മലയാളിയായ ബിജെപി നേതാവ് ജോർജ് കുര്യനും കേന്ദ്രമന്ത്രിസഭയിലെത്തി.

ഇതിനിടെ പാർട്ടി മാറിയും ചിലർ ചർച്ചകളിൽ ഇടംപിടിച്ചു. കോൺഗ്രസ് നേതാവും കെ.കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതും അവഗണന ആരോപിച്ച് സന്ദീപ് വാര്യർ ബി.ജെ.പി. വിട്ട് കോൺഗ്രസിൽ ചേക്കേറിയതും സ്ഥാനാർഥി പ്രഖ്യാപനത്തിലെ അതൃപ്തി ചൂണ്ടിക്കാട്ടി കെപിസിസി സോഷ്യൽ മീഡിയ ചുമതലയുണ്ടായിരുന്ന പി സരിൻ എൽ.ഡി.എഫിലെത്തിയതും വലിയ വാർത്തകളായി.

രാഹുൽ പ്രതിപക്ഷ നേതാവ്

മോദിയെ താഴെയിറക്കാൻ സാധിച്ചില്ലെങ്കിലും കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും രാഷ്ട്രീയമായി അൽപം ആശ്വാസം നൽകിയ വർഷമാണ് 2024. മൃഗീയഭൂരിപക്ഷത്തോടെ പത്ത് വർഷം ബിജെപിയും മോദിയും അധികാരത്തിലേറിയപ്പോൾ അപ്രസക്തമായ പാർട്ടിയുടെ പുനുരുജ്ജീവനം കണ്ട വർഷം. 2019ൽ 52 സീറ്റുകളിലേക്ക് ചുരുങ്ങി തകർന്നടിഞ്ഞ കോൺഗ്രസ്സ് ഒറ്റയ്ക്ക് 99 സീറ്റും, ഇന്ത്യസഖ്യം 234 സീറ്റുമായി എക്‌സിറ്റ് പോളുകളെ പോലും തിരുത്തിയെഴുതി.

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തിന് ഔദ്യോഗികമായി പ്രതിപക്ഷ നേതാവിനേയും കിട്ടി. മോദി സർക്കാരിനതിരേ പാർലമെന്റിൽ പ്രതിപക്ഷത്തെ നയിക്കാൻ രാഹുൽ ഗാന്ധി നിയോഗിക്കപ്പെട്ടു. രാഹുൽ വയനാടിനെ കൈവിട്ടപ്പോൾ അവിടെ മത്സരിക്കാൻ കന്നി അങ്കത്തിനെത്തി സഹോദരി പ്രിയങ്ക ജയിച്ചുകേറി. ജയം നാല് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ. 

വയനാട് ലോക്സഭാ മണ്ഡലത്തിനൊപ്പം നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന ചേലക്കരയിൽ യുആർ പ്രദീപിലൂടെ ചുവന്നു തന്നെയിരുന്നപ്പോൾ, പാലക്കാട് ശക്തമായ പോരാട്ടം കാഴ്ചവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഷാഫിക്ക് പിൻഗാമിയായി വിജയക്കൊടി പാറിച്ചു.

പ്രത്യേക പദവി റദ്ദാക്കിയശേഷമുള്ള കശ്മീർ

പ്രത്യേകപദവി റദ്ദാക്കി രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയ ജമ്മു കശ്മീരിൽ ചരിത്രപരമായ തിരഞ്ഞെടുപ്പാണ് 2024-ൽ നടന്നത്. പത്ത് വർഷത്തിനുശേഷം തിരഞ്ഞെടുപ്പു നടന്ന ജമ്മു-കശ്മീരിൽ, നാഷണൽ കോൺഫറൻസിന്റെ മികവിൽ 90-ൽ 49 സീറ്റ് നേടി ഇന്ത്യസഖ്യം ഭരണത്തിലേറി.

42 സീറ്റുനേടിയ നാഷണൽ കോൺഫറൻസിനൊപ്പം കോൺഗ്രസ് ആറുസീറ്റും സി.പി.എം. ഒരു സീറ്റും നേടി. നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള മുഖ്യമന്ത്രിയായി അധികാരമേറ്റു. ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയതുൾപ്പെടെ ഒട്ടേറെ പ്രതികൂല വികാരങ്ങൾക്കിടയിലും ഒറ്റയ്ക്ക് മത്സരിച്ച് 29 സീറ്റ് നേടാനായത് വലിയ നേട്ടമായി ബിജെപിയും കൊണ്ടാടി.

കെജ്രിവാളിന്റെ ജയിൽവാസം

ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾമാത്രം ശേഷിക്കെയായിരുന്നു ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ ഡൽഹി മദ്യനയക്കേസിൽ ഇ.ഡി.അറസ്റ്റ് ചെയ്യുന്നത്. അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയായി ഇതോടെ കെജ്രിവാൾ. പിന്നീട് അദ്ദേഹത്തെ ജയിലിൽവെച്ച് സിബിഐയും അറസ്റ്റ് ചെയ്തു. രണ്ട് അന്വേഷണ ഏജൻസികളുടെയും കേസുകളിൽ ജാമ്യം ലഭിച്ച് സെപ്റ്റംബർ 13-നാണ് കെജ്രിവാൾ ജയിൽമോചിതനായത്. ജയിൽവാസത്തിനിടെയും മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാൻ തയ്യാറാകാതിരുന്ന കെജ്രിവാൾ പുറത്തിറങ്ങി ദിവസങ്ങൾക്കകം രാജി പ്രഖ്യാപിച്ചു. പിൻഗാമിയായി അതിഷിയെ തിരഞ്ഞെടുക്കുകയും ചെയ്തു.

സോറന്റെ ജയിൽ വാസവും തിരിച്ചുവരവും

ഝാർഖണ്ഡ് മുഖ്യമന്ത്രിയായ ഹേമന്ത് സോറന്റെ നാടകീയ ജയിലിൽ വാസത്തിനും തിരിച്ചുവരവിനും 2024 സാക്ഷ്യംവഹിച്ചു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഇ.ഡി. ചോദ്യംചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെക്കുകയും തൊട്ടുപിന്നാലെ അറസ്റ്റിലാകുകയും ചെയ്തത്. പകരം മുഖ്യമന്ത്രിയായത് സോറന്റെ പാർട്ടിയായ ജെഎംഎമ്മിലെ മുതിർന്ന നേതാവ് ചംപായ് സോറൻ.

ആറ് മാസങ്ങൾക്ക് ശേഷം സോറൻ ജയിൽ മോചിതനായി മുഖ്യമന്ത്രി കസേര ഏറ്റെടുത്തു. എന്നാൽ ഇതിൽ അതൃപ്തനായ ചംപായ് സോറൻ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. മാസങ്ങൾക്ക് ശേഷം നടന്ന ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രിയാകുകയും ചെയ്തു.

ഒഡീഷയിലും ഹരിയാണയിലും മഹാരാഷ്ട്രയിലെ ബിജെപി

ഇതിനിടെ നിയമസഭയിലേക്ക് ജനം വിധിയെഴുത്ത് നടത്തിയ ആന്ധ്രയിൽ അധികാരത്തിലുണ്ടായിരുന്ന ജഗൻമോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ. കോൺഗ്രസ് തകർന്നടിഞ്ഞു. തെലുഗുദേശം പാർട്ടി അധികാരം പിടിച്ചെടുത്തു. ചന്ദ്രബാബു നായിഡു നാലാംതവണയും മുഖ്യമന്ത്രിയായി. കാൽനൂറ്റാണ്ടോളം അധികാരത്തിലിരുന്ന നവീൻ പട്നായിക്കിന്റെയും അദ്ദേഹത്തിന്റെ പാർട്ടിയായ ബിജു ജനതാദളിന്റെയും പതനമായിരുന്നു ഒഡീഷയിലെ ഹൈലൈറ്റ്. 147 സീറ്റുള്ള സംസ്ഥാനത്ത് 78 സീറ്റുകൾ നേടി ബിജെപി അധികാരത്തിലേറി.

ഹരിയാണയിലും ബിജെപി ചരിത്രവിജയം നേടി. 90 സീറ്റിൽ 48-ഉം നേടിയായിരുന്നു ബി.ജെ.പിയുടെ ഹാട്രിക് വിജയം. നയാബ് സിങ് സൈനി മുഖ്യമന്ത്രിയായി ഒരിക്കൽ കൂടി സത്യപ്രതിജ്ഞയും ചെയ്തു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവചനങ്ങൾക്കതീതമായി ബി.ജെ.പി. ഭരണസഖ്യമായ മഹായുതി വൻ വിജയം നേടിയതിനും 2024 സാക്ഷ്യംവഹിച്ചു. സഖ്യത്തിൽ ബിജെപി കരുത്ത് വർധിപ്പിച്ചതോടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും കഴിഞ്ഞ സർക്കാരിൽ മുഖ്യമന്ത്രിയായ ഏക്‌നാഥ് ഷിൻഡേ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.