
സഹ്യപര്‍വ്വത മലനിരകളില്‍ നിന്നുത്ഭവിച്ച് അറബിക്കടലിലെത്തുന്ന ചെറുതും വലുതുമായ ധാരാളം പുഴകള്‍ നമുക്കുണ്ട്. വെള്ളച്ചാട്ടങ്ങള്‍ കൊണ്ടും പാറയിടുക്കുകളിലൂടെയുള്ള കുത്തൊഴുക്കുകള്‍ കൊണ്ടും കണ്ണിന് കുളിരേകുന്ന പുഴകള്‍. കോഴിക്കോട് ജില്ലയുടെ കിഴക്ക് ഭാഗത്തായി വയനാടിനോട് അതിര്‍ത്തി പങ്കിടുന്ന കോടഞ്ചേരി പഞ്ചായത്തിലൂടെ ഒഴുകുന്ന ചാലിപ്പുഴയും ഇരുവഴിഞ്ഞിപ്പുഴയും ജലസാഹസിക വിനോദമായ വൈറ്റ് വാട്ടര്‍ കയാക്കിങ്ങിലൂടെ ലോക പ്രശസ്തമായിരിക്കുകയാണ്. 2011-ല്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുഡ് വേവ് എന്ന കയാക്കിങ്ങ് പരിശീലന കമ്പനിയുടെ പാര്‍ട്ണര്‍മാരായ പൂനെ സ്വദേശി മണിക് തനേജയും ഇറ്റലിക്കാരനായ ജയേപ്പോ നോര്‍ദേരായും ഗൂഗിള്‍ മാപ്പ് വഴി തിരഞ്ഞ് കണ്ടെത്തിയാണ് കോടഞ്ചേരിയിലെ പുലിക്കയത്ത് ചാലിപ്പുഴയിലെത്തിയത്. വൈകാതെ വൈറ്റ് വാട്ടര്‍ കയാക്കിങ്ങിന് ഏറ്റവും അനുയോജ്യമാണ് ഈ പുഴയെന്ന് കയാക്കിങ് ലോകം തിരിച്ചറിഞ്ഞു.
കിലോമീറ്ററുകളോളം പുഴയുടെ ഇരുവശത്തും റോഡ് ഉള്ളതാണ് ഇതിനെ കയാക്കര്‍മാരുടെ ഇഷ്ടസ്ഥലമാക്കിയത്. ഇവരോടൊപ്പം ധാരാളം കയാക്കര്‍മാര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നുമായി വന്ന് ഈ പുഴയെ ആസ്വദിച്ചു. 2012-ല്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും ഡി.ടി.പി.സി. കോഴിക്കോടും ചേര്‍ന്ന് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ്ങ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു. വിദേശ കയാക്കര്‍മാരുള്‍പ്പെടെ ധാരാളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. പുരുഷവിഭാഗം ഓവറോള്‍ ചാമ്പ്യന് റാപ്പിഡ് രാജാ പട്ടവും വനിതാ വിഭാഗം ചാമ്പ്യന് റാപ്പിഡ് റാണി പട്ടവും സമ്മാനിച്ചു. ഇതോടൊപ്പം വിവിധ മത്സരവിജയികള്‍ക്കായി 10 ലക്ഷം രൂപ സമ്മാനമായി നല്‍കിവരുന്നു. പുലിക്കയത്ത് ചാലിപ്പുഴയിലെ മത്സരങ്ങള്‍ക്ക് പുറമെ ഇരുവഴിഞ്ഞിപ്പുഴയിലെ പുല്ലൂരാമ്പാറയിലും ചക്കിട്ടപാറ പഞ്ചായത്തില്‍ കുറ്റ്യാടിപ്പുഴയില്‍ മീന്‍തുള്ളിപ്പാറയിലും മത്സരങ്ങള്‍ സംഘടിപ്പിച്ചുവരുന്നു. ഒളിമ്പിക് ഇനമായ സ്ലാലം, ബോട്ടര്‍ക്രോസ്, ഡൗണ്‍ റിവര്‍, ഫ്രീസ്‌റ്റൈല്‍, എക്സ്ട്രീം സ്ലാലം എന്നീ വിഭാഗങ്ങളില്‍ ഇവിടെ മത്സരങ്ങള്‍ നടക്കുന്നു.
Also Read
ഓരോ വര്‍ഷം കൂടുംതോറും വിദേശ കയാക്കര്‍മാരുടെ എണ്ണവും കൂടി വന്നു. 2018-ല്‍ 22 രാജ്യങ്ങളില്‍ നിന്നായി 35 വിദേശ കയാക്കര്‍മാരുള്‍പ്പെടെ നൂറോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. വൈറ്റ് വാട്ടര്‍ കയാക്കിങ്ങ് പുരുഷ വനിതാ വിഭാഗങ്ങളിലെ ലോക ചാമ്പ്യന്‍മാര്‍, യൂറോപ്യന്‍, ഏഷ്യന്‍ ചാമ്പ്യന്‍മാര്‍, ഒളിമ്പിക് ചാമ്പ്യന്‍മാര്‍ തുടങ്ങി ലോക പ്രശസ്തരായവര്‍ ഇവിടെ വിവിധ വര്‍ഷങ്ങളിലായി പങ്കെടുത്തു. സാം സട്ടന്‍, ജോ മോര്‍ളി, ബെന്‍ ഓര്‍ട്ടണ്‍, മാക്സ് ബെനറ്റണ്‍, ഡേന്‍ ജാക്സണ്‍, നൂറിയ ന്യൂമാന്‍, ബേത് മോര്‍ഗണ്‍, ഇവാ ക്രിസ്റ്റിസെന്‍ തുടങ്ങിയവര്‍ ഈ രംഗത്തെ അതികായരാണ്. എല്ലാ വര്‍ഷവും ജൂലായ് മാസത്തിലെ അവസാന ആഴ്ചകളിലോ ആഗസ്റ്റ് മാസത്തിലെ ആദ്യ ആഴ്ചയിലോ ആയി നടന്നുവരുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ഏതാനും ആഴ്ചകള്‍ മുന്നെ പരിശീലനത്തിനായി കയാക്കര്‍മാരെത്തി തുടങ്ങും. ചാമ്പ്യന്‍ഷിപ്പിന് ശേഷവും ഒരു മാസത്തോളം ഇവിടെ തന്നെ താമസിച്ച് പരിശീലനം നടത്താറുണ്ട്. മണ്‍സൂണ്‍ കാലം സാധാരണയായി പുഴകളില്‍ സന്ദര്‍ശകര്‍ കുറവായിരിക്കും. കയാക്കിങ്ങ് ആരംഭിച്ചതോടെ ഈ പുഴകളില്‍ നല്ല ഫ്ളൂറസെന്റ് കളറിലുള്ള കയാക്കുകള്‍ കുത്തൊഴുക്കുകളിലൂടെ മിന്നിമറയുന്ന കാഴ്ചയാണ് എവിടെയും.
പുല്ലൂരാമ്പാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയുടെ നേതൃത്വത്തില്‍ കയാക്കിങ്ങ് പരിശീലനം 2013-ല്‍ ആരംഭിച്ചു. സ്‌കോട്ട്ലാന്റുകാരനായ കല്ലം സ്ട്രോങ്ങ് ആയിരുന്നു പരിശീലകന്‍. ഒരു പെണ്‍കുട്ടിയുള്‍പ്പെടെ 7 പേര്‍ കയാക്കിങ്ങ് പരിശീലിച്ചു. പരിശീലനം നേടിയവര്‍ ഈ രംഗത്ത് തന്നെ തുടരുന്നു. കേരളത്തിന് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി വെങ്കല മെഡല്‍ നേടാനായത് കോടഞ്ചേരിക്കാരായ നിസ്റ്റുല്‍ ജോസ്, നിധിന്‍ ദാസ്, നിഖില്‍ ദാസ് എന്നിവരുടെ ടീമാണെന്നത് അഭിമാനകരമാണ്. ധാരാളം ആള്‍ക്കാര്‍ ഇപ്പോള്‍ കയാക്കിങ്ങ് പരിശീലനത്തിനായി ഇവിടെ എത്തുന്നുണ്ട്. തുഷാരഗിരി കോടഞ്ചേരിയിലെ അഡ്വഞ്ചര്‍ കയാക്കിങ്ങ് അക്കാദമിയുടെ (ടാക്കാ) നേതൃത്വത്തില്‍ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും കയാക്കിങ്ങ് പരിശീലനം നടന്നുവരുന്നു. ഈ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത കായികവകുപ്പ് മന്ത്രി വൈറ്റ് വാട്ടര്‍ കയാക്കിങ്ങിനെ കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ ഉള്‍പ്പെടുത്താമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിലൂടെ ജോലി സാധ്യത വര്‍ധിപ്പിക്കുകയും അനവധി അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും.
ടൂറിസം രംഗത്ത് ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. ടൂറിസം വകുപ്പ് നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍ നാഷണല്‍ വൈറ്റ് വാട്ടര്‍ കയാക്കിങ്ങ് സെന്റര്‍ പുലിക്കയത്ത് ചാലിപ്പുഴയുടെ തീരത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടു. സാഹസിക വിനോദ പരിപാടികള്‍ക്ക് പരിശീലനം നല്‍കുവാനും ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുവാനും ഇത് ഭാവിയില്‍ മുതല്‍കൂട്ടായിരിക്കുമെന്നതില്‍ സംശയമില്ല. കെ.എ.ടി.പി.എസ്് ഉം ടൂറിസം വകുപ്പും ഡി.ടി.പി.സി. കോഴിക്കോടും ചേര്‍ന്ന് നടത്തുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും കോടഞ്ചേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളുടെ അകമഴിഞ്ഞ പിന്തുണയുണ്ട്. മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ എന്നത് കയാക്കിങ്ങ് ചാമ്പ്യന്‍ഷിപ്പ് എന്നതിലുപരി ഒരു മണ്‍സൂണ്‍ ഫെസ്റ്റ് എന്ന നിലയിലേക്ക് ഈ വര്‍ഷം മുതല്‍ മാറിയിട്ടുണ്ട്.
കല്‍പ്പറ്റയില്‍നിന്നും കോഴിക്കോട്ടുനിന്നും മലപ്പുറം ജില്ലയിലെ അരിക്കോട്ടുനിന്നും ആരംഭിച്ച് പുലിക്കയത്ത് എത്തിച്ചേരുന്ന രീതിയിലുള്ള സൈക്ലിങ്ങ് എക്സ്പിഡേഷന്‍, തുഷാരഗിരിയിലും പൂവാറന്‍തോട്ടിലും നടത്തിയ മഴ നടത്തം, ഓമശ്ശേരിയിലെ റോയാഡ് ഫാമില്‍ വെച്ച് നടത്തിയ മഡ് ഫുട്ബോള്‍, കോടഞ്ചേരിയിലെ നിരന്നപാറയിലെ ഓഫ് റോഡ് റേസ്, മിനി മാരത്തണ്‍, പട്ടം പറത്തല്‍, ഓഫ് റോഡ് എക്സ്പിഡേഷന്‍ അങ്ങിനെ ഈ മലയോര മേഖലയാകെ പങ്കെടുത്ത വിവിധങ്ങളായ പരിപാടികള്‍ ഈ നാട്ടിലെ ടൂറിസം സാധ്യതകളെ തുറന്ന് കാട്ടുന്നതായിരുന്നു.
കയാക്കിങ്ങ് പരിശീലനത്തിനായി വരുന്ന വിദേശികളും ഇതര സംസ്ഥാനക്കാരും പുലിക്കയത്തും പരിസരത്തുമുള്ള താമസ സൗകര്യങ്ങളും ഭക്ഷണശാലകളുമാണ് ഉപയോഗിക്കുന്നത്. ഹോം സ്റ്റേകളും റിസോര്‍ട്ടുകളും ഇവിടെ സജീവമാണ്. റിവര്‍ ഫെസ്റ്റിവലിന്റെ ദിവസങ്ങളില്‍ മലബാറിന്റെ തനത് രുചി ആസ്വദിക്കുവാനുള്ള ഭക്ഷണശാലകള്‍ കുടുംബശ്രീയുടെ നേതൃത്വത്തിലും മറ്റ് വനിതാ സ്വാശ്രയസംഘങ്ങള്‍ വഴിയും ഇവിടെ ഒരുക്കാറുണ്ട്. സാഹസിക വിനോദരംഗത്തെ മറ്റൊരു അവസരമാണ് വൈറ്റ് വാട്ടര്‍ റാഫ്റ്റിങ്ങ്. ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും റാഫ്റ്റിങ്ങ് സൗകര്യമുണ്ട്. കാറ്റ് നിറച്ച് റാഫ്റ്റുകളില്‍ 8 പേര്‍ക്ക് സഞ്ചരിക്കാം. 3 കിലോ മീറ്റർ, 4.5 കിലോ മീറ്റർ വീതമുള്ള രണ്ട് ദൂരത്തിലേക്ക് റാഫ്റ്റിങ്ങ് സംഘടിപ്പിക്കാറുണ്ട്. പുഴയിലെ കുത്തൊഴുക്കില്‍ ഊഞ്ഞാലാടി യാത്ര ചെയ്യുവാനുള്ള അവസരമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
വിദേശ കയാക്കര്‍മാരുടെ അഭിപ്രായത്തില്‍ കയാക്കിങ്ങിന് ഏറ്റവും അനുയോജ്യമായ പുഴകളാണ് കേരളത്തിലേത്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പുഴകളില്‍ വെള്ളത്തിന്റെ തണുപ്പ് കൂടുതലായത് കൊണ്ട് കൂടുതല്‍ സമയം കയാക്കിങ്ങ് സാധ്യമല്ല. നമ്മുടെ പുഴകളിലെ വെള്ളത്തിന്റെ ചൂട് അവര്‍ക്ക് ആവേശം നല്‍കുന്ന ഒന്നാണ്. അവര്‍ക്ക് ഒരു പരാതിയെ ഉള്ളൂ. വൈറ്റ് വാട്ടര്‍ കയാക്കിങ്ങിന് അനുമതിയുള്ള രണ്ട് പുഴകളെ കേരളത്തിലുള്ളൂ. അത് ഇരുവഴിഞ്ഞിപ്പുഴയും ചാലിപ്പുഴയുമാണ്. ബാക്കി പുഴകളിലും കയാക്കിങ്ങിന് അനുമതി ലഭിക്കുന്നതിനായി അവര്‍ കാത്തിരിക്കുന്നു. പുഴയിലൂടെ കയാക്കിങ്ങ് നടത്തുമ്പോള്‍, കാണികള്‍ക്കുള്ള ആവേശത്തേക്കാള്‍ ആസ്വദിക്കപ്പെടുന്നത് കയാക്കര്‍മാരാണ്. കുത്തൊഴുക്കിനെ അതിജീവിച്ച് പാറകള്‍ക്കിടയിലൂടെ പുഴയെ കീഴടക്കി കുതിക്കുമ്പോള്‍ അവരുടെ മനസ്സിലുള്ള വിജയീഭാവം ഏതൊരു സാഹസിക വിനോദത്തിനും ഒരു പിടി മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്.
(മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ കോര്‍ഡിനേറ്ററും തുഷാരഗിരി അഡ്വഞ്ചര്‍ കയാക്കിങ്ങ് അക്കാഡമി പ്രസിഡന്റുമാണ് ലേഖകന്‍)
Content Highlights: Kerala backwaters kayaking white water kayaking iruvazhinji puzha
Published: 27 Sept 2023, 01:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented