കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ ടൂറിസംകേന്ദ്രങ്ങൾ സഞ്ചാരികളെ മാടിവിളിക്കുകയാണ്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ജൈവമേഖലകളിലൊന്നായി ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ അംഗീകരിച്ച, മലബാറിന്റെ ഊട്ടിയെന്ന് വിളിപ്പേരുള്ള കക്കയം, മലബാറിന്റെ തേക്കടിയെന്നറിയപ്പെടുന്ന കരിയാത്തുംപാറയും തോണിക്കടവും, കൂരാച്ചുണ്ടിലെ ഹിൽസ്റ്റേഷനായ നമ്പികുളം, ഒപ്പം സമീപപഞ്ചായത്തുകളിലെ മുത്താച്ചിപ്പാറയും വയലടയും മുള്ളൻകുന്നും പെരുവണ്ണാമൂഴിയും ജാനകിക്കാടും. മലയോരത്ത് അനുദിനം വികസിക്കുന്ന ടൂറിസംകേന്ദ്രങ്ങളുടെ പട്ടിക നീളുകയാണ്‌.

To advertise here,

 

കക്കയം

 

പ്രകൃതിയെഴുതിയ മനോഹരമായ ഒരു കവിതപോലെയാണ് കക്കയം. ഒഴുകുന്നപുഴയും ഇരുണ്ടകാടുകളും മലയിറങ്ങിയ കോടയും പുണർന്നുപോകുന്ന ചാറ്റൽമഴയും വലിയ മനോഹാരിത സമ്മാനിക്കുന്നുണ്ട്. വനത്താൽ ചുറ്റപ്പെട്ട പ്രദേശമാണിവിടം. കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങൾകണ്ട് വനത്തിലൂടെ ചെങ്കുത്തായപാതയിലൂടെയുള്ള യാത്ര ഏതൊരാളുടെയും മനംകുളിർപ്പിക്കും. മലബാർ വന്യജീവിസങ്കേതത്തിൽ ഉൾപ്പെട്ട കക്കയം വനം അപൂർവ ജൈവവൈവിധ്യങ്ങളാൽ സമ്പുഷ്ടമാണ്.

കക്കയത്തെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ഉരക്കുഴി വെള്ളച്ചാട്ടം. ഡാംസൈറ്റിൽനിന്ന് വനമേഖലയിലൂടെ അല്പദൂരം സഞ്ചരിച്ചാൽ ഇവിടെയെത്താം. കുറ്റ്യാടി ഹൈഡ്രോ ഇലക്‌ട്രിക് പദ്ധതിക്കായി നിർമിച്ച ഡാമാണ് കക്കയത്തുള്ളത്. ഇവിടെ ഹൈഡൽ ടൂറിസത്തിന്റെ ആഭിമുഖ്യത്തിൽ സ്പീഡ് ബോട്ട് സർവീസുമുണ്ട്. കോഴിക്കോട് നഗരത്തിൽനിന്ന് 45 കിലോമീറ്റർ അകലെയാണ് കക്കയം. ബാലുശ്ശേരി-തലയാട് വഴിയും പേരാമ്പ്ര-കൂരാച്ചുണ്ട് വഴിയും എത്തിച്ചേരാം.

 

തോണിക്കടവ്

 

മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട മനോഹരമായ പ്രദേശത്ത് ദൃശ്യവിരുന്നൊരുക്കുകയാണ് തോണിക്കടവ്. കൂരാച്ചുണ്ട് പഞ്ചായത്തിലെ കല്ലാനോടിനും കരിയാത്തുംപാറയ്ക്കും ഇടയിലുള്ള സ്ഥലത്താണ് തോണിക്കടവ് ടൂറിസംപദ്ധതി. കുന്നിൻമുകളിൽ സഞ്ചാരികൾക്കായി വാച്ച് ടവറും ഒരുക്കിയിട്ടുണ്ട്. കൂരാച്ചുണ്ടിൽനിന്ന് കക്കയത്തേക്കുള്ള വഴിയിൽ രണ്ടുകിലോമീറ്റർ സഞ്ചരിച്ചാൽ തോണിക്കടവിലെത്താം.

 

കരിയാത്തുംപാറ

 

കോഴിക്കോട്ജില്ലയിലെ പെരുവണ്ണാമൂഴി ജലാശയത്തിന്റെ ഭാഗമായ അതിമനോഹര വിനോദസഞ്ചാരകേന്ദ്രമാണ് കരിയാത്തുംപാറ. മലനിരകളുടെയും പുൽമേടുകളുടെയും മനോഹാരിതകാരണം കരിയാത്തുംപാറയെ മലബാറിന്റെ തേക്കടിയെന്നും വിളിക്കാറുണ്ട്. കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കക്കയത്തിനടുത്താണ് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കരിയാത്തുംപാറ. ഹൃദയംകവരുന്ന ഭൂപ്രകൃതിയിൽ ഒട്ടേറെ മരങ്ങൾ വെള്ളത്തിനടിയിലും പാതി പുറത്തുമൊക്കെയായി കാണുന്നതാണ്‌ ഇവിടത്തെ ഏറ്റവും ആകർഷകമായ കാഴ്ച. കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്തിലെ മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ആളുകൾ ഏറ്റവുംകൂടുതൽ എത്തുന്ന പ്രദേശംകൂടിയാണ് കരിയാത്തുംപാറ.

 

നമ്പികുളം

 

പ്രകൃതിയുടെ തനതായഭംഗികൊണ്ട് സഞ്ചാരികളുടെ മനംകവരുന്ന നമ്പികുളം സമുദ്രനിരപ്പിൽനിന്ന് ഏകദേശം 2100 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. മേഘങ്ങൾക്കുമുകളിലെന്നപോലെ തലയുയർത്തിനിൽക്കുന്ന തുരുത്തമലയുടെ മുകളിലുള്ള പ്രദേശമാണ് നമ്പികുളം.

 

 

തണുത്തകാറ്റും പ്രകൃതിയുടെ മാസ്മരികസൗന്ദര്യവും ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണ് കൂരാച്ചുണ്ട്, കോട്ടൂർ, പനങ്ങാട് പഞ്ചായത്തുകളുടെ അതിർത്തിപ്രദേശംകൂടിയായ നമ്പികുളം, പശ്ചിമഘട്ടത്തിലെ മർമപ്രധാനമായ പരിസ്ഥിതിസംരക്ഷണമേഖലയാണിവിടം.

 

നമ്പികുളം ഹിൽടോപ്പിൽനിന്നുള്ള കാഴ്ചകൾ അതിമനോഹരമാണ്. ഇവിടെനിന്ന് നോക്കിയാൽ കാപ്പാട് ബീച്ച്, വെള്ളിയാങ്കല്ല്, ധർമടം തുരുത്ത്, വയനാടൻ മലനിരകൾ തുടങ്ങിയ പ്രദേശങ്ങളും വിശാലമായ പാടശേഖരങ്ങളും ജലാശയങ്ങളുമെല്ലാം കാണാൻസാധിക്കും.