
ഗ്രാമീണതയിലേക്ക് ചുവട് വയ്ക്കുന്ന കേരളത്തിലെ വിനോദ സഞ്ചാര മേഖല സ്ത്രീകേന്ദ്രീകൃതവും സ്ത്രീപക്ഷവുമാകുന്നതിന്റെ ശുഭസൂചനകളാണ് ലഭ്യമാകുന്നത്. കാഴ്ചകളുടെ മായിക ലോകമാണെന്നും ദൈവത്തിന്റെ സ്വന്തം നാട് വിനോദ സഞ്ചാരികള്‍ക്കായി ഒരുക്കാറുള്ളത്. കേരളീയ ഗ്രാമങ്ങള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളാകുന്നുവെന്നതാണ് പുതിയ ട്രെന്‍ഡ്. അതോടൊപ്പം വിനോദ സഞ്ചാരം സ്ത്രീ സൗഹാര്‍ദ്ദമാക്കുക എന്നതാണ് കേരളത്തിന്റെ പുതിയ ലക്ഷ്യം. ഈ ലക്ഷ്യങ്ങള്‍ ടൂറിസം വകുപ്പിന് വേണ്ടി ഏറ്റെടുക്കുന്നത് ഉത്തരവാദിത്ത ടൂറിസം മിഷനാണ്. ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ യു.എന്‍. വിമണ്‍ ഇന്ത്യയും ഇതിനായി സംസ്ഥാന ടൂറിസം വകുപ്പിനും ഉത്തരവാദിത്ത ടൂറിസം മിഷനുമൊപ്പം കൈ കോര്‍ക്കുന്നു.
ഗ്രാമീണ വിനോദ സഞ്ചാരകേന്ദ്രങ്ങളായി കേരളത്തില്‍ സമീപകാലത്തുയര്‍ന്നുവന്ന നിരവധി ഗ്രാമങ്ങളുണ്ട്. കാന്തല്ലൂര്‍, വട്ടവട, മറവന്‍തുരുത്ത്, കൊല്ലങ്കോട്, കടലുണ്ടി, അയ്മനം, പെരുമ്പളം, വലിയപറമ്പ, മലരിക്കല്‍ എന്നിവ അവയില്‍ ചിലത് മാത്രം. ഇവയെല്ലാം പ്രാധാന്യം നല്‍കുന്നത് ഉത്തരവാദിത്ത ടൂറിസത്തിലധിഷ്ഠിതമായ അനുഭവവേദ്യ ടൂറിസം പ്രവര്‍ത്തനങ്ങളാണ്. അതോടൊപ്പം ഈ മേഖലയില്‍ സജീവമാകുന്ന സ്ത്രീപക്ഷ യാത്രകളും കാണാനാവും. സ്ത്രീ സൗഹാര്‍ദ വിനോദസഞ്ചാരം കേരളത്തിന്റെ പുതിയ ടൂറിസം മുന്നേറ്റമാകുകയാണ്.
സ്ത്രീ സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങളും സ്ത്രീശാക്തീകരണവും ഉത്തരവാദിത്ത ടൂറിസത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. കേരളത്തില്‍ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് 15 വര്‍ഷം ഇതിനോടകം പൂര്‍ത്തിയായിരിക്കുകയാണ്. ലോകത്തെ ജനപങ്കാളിത്ത ടൂറിസത്തിന്റെ മാതൃകയാണ് കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ എന്ന് ഇതിനോടകം സാര്‍വ്വദേശീയ ടൂറിസം സംഘടനകള്‍ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്. അതിനൊപ്പം യു.എന്‍ വിമണിന്റെ ജന്‍ഡര്‍ ഇന്‍ക്ലുസീവ് ടൂറിസം എന്ന കാഴ്ചപ്പാടും കൂട്ടിയിണക്കിയാണ് കേരളത്തിലെ സ്ത്രീ സൗഹാര്‍ദ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. ഗ്രാമീണ വികസനത്തിനും ദാരിദ്ര്യ ലഘൂകരണത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള ഉപാധിയായി ടൂറിസത്തെ മാറ്റുക എന്നുള്ളതാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രധാന ലക്ഷ്യം. ടൂറിസത്തിലൂടെ സ്ത്രീശാക്തീകരണം എന്നത് ഉത്തരവാദിത്ത ടൂറിസം മിഷന്‍ ലക്ഷ്യമാക്കുന്ന പ്രധാന പ്രവര്‍ത്തനമാണ്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് സ്ത്രീസൗഹാര്‍ദ വിനോദ സഞ്ചാരം എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള ഈ പദ്ധതി.
സ്ത്രീകളുമായി ബന്ധപ്പെട്ട വിനോദസഞ്ചാരത്തിന്റെ വിവിധ വശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യേക സ്ത്രീ സൗഹൃദ ടൂറിസം പദ്ധതിക്ക് മിഷന്‍ 2022 - 23 സാമ്പത്തിക വര്‍ഷത്തിലാണ് തുടക്കമിട്ടത്. 2022 ഒക്ടോബര്‍ 26 -ന് പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം മന്ത്രി ശ്രീ.പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. അന്ന് നടന്ന ഏകദിന ശില്പശാല തുടര്‍ പ്രവര്‍ത്തനങ്ങളുടെ പദ്ധതി തയ്യാറാക്കി. ഒന്നര ലക്ഷം വനിതകളുടെ ഒരു ട്രാവല്‍ നെറ്റ്‌വര്‍ക്കാണ് ഇതു വഴി രൂപപ്പെടുന്നത്. പുതുതായി 10000 സ്ത്രീ സംരഭങ്ങള്‍ ടൂറിസം മേഖലയില്‍ ഉണ്ടാകും. 30000 പേര്‍ക്ക് തൊഴിലും ഈ പ്രവര്‍ത്തനം വഴി ലക്ഷ്യമാക്കുന്നു.
ഇതിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളില്‍ ഇത് വരെ 1800 വനിതകള്‍ക്ക് ഓണ്‍ലൈന്‍ ആയും നേരിട്ടും പരിശീലനം നടന്നു കഴിഞ്ഞു. പ്രസ്തുത പരിശീലനങ്ങള്‍ നടത്തുന്നത് വനിതാ ട്രെയിനര്‍ മാരാണ്. സമൂഹത്തിന്റെ താഴെ തട്ട് മുതല്‍ മുകള്‍ തട്ട് വരെയുള്ള വനിതകളുടെ ഒരു നെറ്റ് വര്‍ക്കിനെ പ്രതിനിധാനം ചെയ്യുന്ന വനിതാ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
പൊതുവേ സ്ത്രീ സഞ്ചാരികള്‍ക്ക് സുരക്ഷിതമായ ഒരു ലക്ഷ്യസ്ഥാനമാണ് കേരളം. പുതിയ പദ്ധതിയിലൂടെ വനിതായൂണിറ്റുകളുടെ ഒരു ശൃംഖല സൃഷ്ടിക്കാനും സ്ത്രീകളെ അടിസ്ഥാനമാക്കിയുള്ള ടൂറിസം കേന്ദ്രങ്ങള്‍ സൃഷ്ടിക്കാനും ആര്‍ടി മിഷന്‍ ലക്ഷ്യമിടുന്നു. ഈ പദ്ധതിയിലൂടെ കൂടുതല്‍ സ്ത്രീസഞ്ചാരികളെ പ്രോത്സാഹിപ്പിക്കുന്നതിന് സുരക്ഷിതവും ശുചിത്വവുമുള്ള സ്ഥലങ്ങള്‍/ ടൂറിസം ലക്ഷ്യസ്ഥാനങ്ങള്‍ ആര്‍ടി മിഷന്‍ ഉറപ്പാക്കുന്നു. ഗ്രൂപ്പുകളും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരും ഉള്‍പ്പെടുന്ന സ്ത്രീകളുടെ യാത്രയുടെ കുതിപ്പിന് ലോകമെമ്പാടും സാക്ഷ്യം വഹിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ സംസ്ഥാനവും അതിനനുസൃതമായി മാറേണ്ടതുണ്ട് എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കപ്പെടുന്നത്.
ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ത്രീ സൗഹൃദ ടൂറിസം പദ്ധതിയിലൂടെ കേരളത്തിലെ ടൂറിസം ലക്ഷ്യസ്ഥാനങ്ങള്‍ സ്ത്രീ സഞ്ചാരികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളാണ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കേരളം സമ്പൂര്‍ണ്ണ സ്ത്രീ സൗഹാര്‍ദ്ദ വിനോദ സഞ്ചാര കേന്ദ്രമായി മാറണം എന്നതാണ് ലക്ഷ്യം. നിലവില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്റെ 80 % യൂണിറ്റുകളും വനിതകള്‍ നയിക്കുന്നവയാണ് എന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്. സമൂഹത്തിലെ തികച്ചും സാധാരണക്കാരായ സ്ത്രീകളെ കൂടുതലായി ടൂറിസം രംഗത്തേക്ക് ആകര്‍ഷിച്ച് കൊണ്ട് ടൂറിസം മേഖലയിലെ സ്ത്രീ പങ്കാളിത്തം ഉയര്‍ത്തുന്നതിനും, തികച്ചും സ്ത്രീ സൗഹൃദമായ ടൂറിസം കേന്ദ്രങ്ങള്‍ രൂപീകരിക്കുന്നതിനുമുള്ള വിവിധ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ കഴിഞ്ഞ കുറെ നാളുകളായി നടത്തി വരുന്നു. ഇതിന്റെ ഭാഗമായി എക്‌സ്‌ക്ലൂസീവ് വിമണ്‍ ടൂറുകള്‍ നടത്തുന്ന വിവിധ യൂണിറ്റുകള്‍ ഉത്തരവാദിത്ത ടൂറിസം മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതുപോലെ സ്ത്രീകള്‍ നയിക്കുന്ന ഹോംസ്റ്റേകള്‍, സ്ത്രീകളുടെ സുവനീര്‍ യൂണിറ്റുകള്‍ എന്നിങ്ങനെ വിവിധ സ്ത്രീ കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടത്തി വരുന്നു. ഇവയെല്ലാം ഏകോപിപ്പിച്ച്, ഒരു സ്ത്രീ സൗഹൃദ ടൂറിസം നെറ്റ്വര്ക്ക്വ രൂപീകരിക്കുന്നതിന് വേണ്ട നടപടികള്‍ നടക്കുകയാണ്. ഇതിനായി ആലോചനാ യോഗങ്ങള്‍/നെറ്റ്വര്ക്കിം ഗ് വര്‍ക്ക് ഷോപ്പുകള്‍ എന്നിവയെല്ലാം ഉത്തരവാദിത്ത ടൂറിസം മിഷനും യു.എന്‍ വിമണും ചേര്‍ന്ന് നടത്തി വരുന്നു.
2023 - 24 സാമ്പത്തിക വര്‍ഷം സംസ്ഥാന ബജറ്റില്‍ ഉത്തരവാദിത്ത ടൂറിസം മിഷന് അനുവദിച്ചിരിക്കുന്ന ഒമ്പതരക്കോടി രൂപയില്‍ 50 ശതമാനം സ്ത്രീകള്‍ക്കായി വകയിരുത്തിയിരിക്കുന്നു എന്നത് പ്രത്യേകം എടുത്ത് പറയേണ്ട ഒന്നാണ്. സ്ത്രീ സൗഹാര്‍ദ ടൂറിസം എന്നത് കേവലം ഒരു ടൂര്‍ പാക്കേജ് മാത്രമല്ല. ടൂറിസത്തിലെ വിവി മേഖലകളില്‍ സാധാസ്ത്രീകളുടെ സാന്നിദ്ധ്യം ഉറപ്പാക്കിക്കൊണ്ട് സ്ത്രീയാത്രക്കാരെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സമഗ്ര പദ്ധതിയാണ്. സ്ത്രീകള്‍ക്ക് മാത്രമായുള്ള യാത്രകള്‍ സംഘടിപ്പിക്കുന്ന നിരവധി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഇപ്പോള്‍ നിലവിലുണ്ട്. അതോടൊപ്പം, സ്ത്രീകള്‍ക്ക് വേണ്ടി സത്രീകളാല്‍ നയിക്കപ്പെടുന്ന ഒരു സമ്പൂര്‍ണ്ണ ടൂര്‍ പ്രോഗ്രാമാണ് തയ്യാറാക്കുന്നത്. ഈ പാക്കേജിന്റെ എല്ലാ ഘടകങ്ങളും സ്ത്രീകള്‍ തന്നെയായിരിക്കും നിയന്ത്രിക്കുന്നത്. ഉദാഹരണത്തിന് ഈ പാക്കേജിലെ താമസം കഴിയാവുന്നതും ഒരു വനിതയുടെ മേല്‍നോട്ടത്തിലുള്ള ഹോംസ്റ്റേയിലോ റിസോര്‍ട്ടിലോ സര്‍വീസ്ഡ് വില്ലയിലോ ഗൃഹസ്ഥലിയിലോ ആകണമെന്ന് ലക്ഷ്യമാക്കുന്നു. ഭക്ഷണം ഒരു വനിത/ വനിതകള്‍ നടത്തുന്ന എക്‌സ്പീരിയന്‍സ് എത്‌നിക് ക്യുസീന്‍ യൂണിറ്റില്‍ നിന്നായിരിക്കും. സ്ത്രീകള്‍ നടത്തുന്ന വിവിധ യൂണിറ്റുകളിലെ സന്ദര്‍ശനം, വിവിധ പരിപാടികള്‍ എന്നിവയും പ്രോഗ്രാമില്‍ ഉണ്ടായിരിക്കും. വാക്കിംഗ് ടൂര്‍ ആയോ സ്ത്രീകള്‍ ഓടിക്കുന്ന ഓട്ടോ/ടാക്‌സി എന്നിവയിലുള്ള ടൂര്‍ ആയോ കണ്‍ഡക്ട് ടൂര്‍ ആയോ ഒക്കെ പാക്കേജ് നടത്തപ്പെടുന്നു.
വനിതാ കമ്മ്യൂണിറ്റി ടൂര്‍ ലീഡര്‍മാരുടെയും ഗൈഡുകളുടെയും സ്റ്റോറിടെല്ലര്‍മാരുടെയം സേവനം അതിനായി ലഭ്യമാക്കുകയും കൂടുതല്‍ പേര്‍ക്ക് ആ മേഖലയില്‍ പരിശീലനം നല്‍കി വരികയും ചെയ്യുന്നു. സ്ത്രീകളുടെ യൂണിറ്റുകളില്‍ നിര്‍മ്മിച്ച സുവനീര്‍/ ഗിഫ്റ്റ് അതിഥികള്‍ക്ക് ടൂര്‍ പ്രോഗ്രാമിന്റെ ഭാഗമായി നല്‍കുന്നതും പാക്കേളിന്റെ ഭാഗമാണ്. ഇപ്രകാരം പൂര്‍ണമായും സ്ത്രീകള്‍ക്കു വേണ്ടി സ്ത്രീകള്‍ നടത്തുന്ന ടൂറിസം പ്രവര്‍ത്തനമായാണ് കേരളത്തിലെ സ്ത്രീ സൗഹാര്‍ദ്ദ വിനോദ സഞ്ചാര പദ്ധതി മാറുന്നത്.
ടൂര്‍ പാക്കേജുകളും മറ്റ് പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്നതിനായി വിവിധ ജില്ലകളില്‍ പ്രോഗ്രാം നടത്തുന്നതിനുള്ള സ്ത്രീകളുടെ യൂണിറ്റുകള്‍ നെറ്റ്വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇവരെല്ലാം തന്നെ നിലവില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്റെ വിവിധ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണ്. സംസ്ഥാന വ്യാപകമായി തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകള്‍ക്ക് ടൂര്‍ കോര്‍ഡിനേറ്റര്‍, സ്റ്റോറി ടെല്ലര്‍, കമ്മ്യൂണിറ്റി ടൂര്‍ ലീഡര്‍, ഓട്ടോ/ടാക്‌സി ഓടിക്കുന്നവര്‍ക്ക് ഗസ്റ്റ് ഹാന്‍ഡ്‌ലിംഗ്, ഹോം സ്റ്റേ ഓപ്പറേറ്റര്‍, സുവനീര്‍ നിര്‍മ്മാണം എന്നിങ്ങനെ വിവിധ മേഖലകളില്‍ പരിശീലനം നല്‍കിക്കൊണ്ട് പദ്ധതി എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിച്ച് കഴിഞ്ഞു. വശ്യമായ എല്ലാ അടിസ്ഥാന സൗകര്യവും ഇതിന്റെ ഭാഗമായി ഒരുക്കും. ഇതിന് മുന്നോടിയായി കേരളത്തിലെ സ്ത്രീ സൗഹൃദ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനുള്ള പഠനം യു.എന്‍ വിമനും ഉത്തരവാദിത്ത ടൂറിസം മിഷനും ചേര്‍ന്ന് നടത്തിക്കഴിഞ്ഞു. ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയ ഈ പഠനം പൂര്‍ണ്ണമായി നടത്തിയത് പരിശീലനം ലഭിച്ച വനിതകളാണ്. അവയിലൂടെ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്ന് വരുന്നു. സ്ത്രീ സൗഹൃദ വിനോദ സഞ്ചാരത്തിന്റെ ഭാഗമായുള്ള ഒരു മൊബൈല്‍ ആപ്പ് ഉടന്‍ നിലവില്‍ വരും. സ്ത്രീ സൗഹാര്‍ദ്ദ താമസ സൗകര്യങ്ങള്‍ കണ്ടെത്തുന്നതിനുള്ള പഠനങ്ങളും തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലെ ജന്‍ഡര്‍ ഓഡിറ്റും നടന്ന് കൊണ്ടിരിക്കുകയാണ്.
ഈ പദ്ധതി കേരളത്തെ സമ്പൂര്‍ണ ഉത്തരവാദിത്ത വിനോദ സഞ്ചാരകേന്ദ്രമായി മാറ്റുന്നതിനുള്ള പദ്ധതിയാണ്. പദ്ധതി ആരംഭിച്ച ശേഷം 48000 വനിതകള്‍ വിവിധ പാക്കേജുകളുടെ ഭാഗമായി കേരളത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങളും ഗ്രാമങ്ങളും സന്ദര്‍ശിച്ച് കഴിഞ്ഞു. ഇവരില്‍ പലരും രാജ്യത്തുടനീളവും രാജ്യത്തിന് പുറത്തേക്കും യാത്ര ചെയ്ത് തുടങ്ങിയിരിക്കുന്നു എന്നതും ശ്രദ്ധേയാണ്. കേരളം വിനോദ സഞ്ചാരമേഖലയില്‍ ഒരു സ്ത്രീപക്ഷ വിപ്ലവത്തിന് തയ്യാറെടുക്കുകയാണ്.
(റെസ്‌പോണ്‍സബിള്‍ ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്ററാണ് ലേഖകന്‍)
Content Highlights: women centric tourism movements in kerala
Published: 27 Sept 2023, 03:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented