ഇന്ന് ലോക വിനോദസഞ്ചാരദിനമാണ്. കുറച്ച് ലോകം കണ്ട അനുഭവത്തില്‍ നിന്നു തന്നെ കേരളം വിനോദസഞ്ചാരത്തില്‍ ഇനിയും ഏറെ ദൂരം പിന്നിടാനുണ്ടെന്ന് പറയാതെ വയ്യ. സാധ്യതകള്‍ ഏറെയുണ്ടെങ്കിലും എങ്ങിനെ ഉപയോഗിക്കണം, എന്തെല്ലാം ആസൂത്രണം ചെയ്യാം എന്ന കാര്യത്തില്‍ ഇനിയും കാഴ്ടപ്പാടുകളില്ലാത്തതാണ് നമ്മുടെ പ്രശ്നം. കേരളത്തില്‍ യാത്ര ചെയ്ത ലോകത്തെ ചില പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളും കാണാന്‍ പറ്റിയ അനുഭവത്തില്‍ നിന്നും ചിലകാര്യങ്ങള്‍ പങ്കുവെക്കുകയാണിവിടെ.

To advertise here,

മലേഷ്യയില്‍ സാരാവാക്ക് എന്നൊരിടമുണ്ട്. അവിടെ സാരാവാക്ക് വില്ലേജ് എന്നൊരു കണ്‍സെപ്റ്റും. അകത്ത് കയറികഴിഞ്ഞാല്‍ മലേഷ്യയിലെ ആദിമ ഗോത്രങ്ങള്‍ എങ്ങിനെയായിരുന്നു ജീവിച്ചിരുന്നത്. അവരുടെ ഭക്ഷണം, വസ്ത്രം, ആയുധം, വീടുകള്‍ എന്നു വേണ്ട ആ കാലത്തെ കുറിച്ചൊരു കൃത്യമായ ചിത്രം നമുക്ക് കിട്ടും. അവിടെ അവരുടെ സംഗീതവും നൃത്തവും കേള്‍ക്കാം കാണാം. അതില്‍ നമുക്കും ഭാഗഭാക്കാവാം. ഇറങ്ങുമ്പോള്‍ ഒരു പാസ്പോര്‍ട്ടും കിട്ടും. കേരളത്തില്‍ ഇരിങ്ങല്‍ സര്‍ഗാലയപോലുള്ളിടത്ത് ചെല്ലുമ്പോള്‍ എന്തുകൊണ്ട് കേരളത്തിന്റെ പഴയകാലം പുനര്‍ജനിപ്പിക്കുന്നൊരു തീം പാര്‍ക്ക് നമുക്കും ആയിക്കൂടാ എന്നു തോന്നി. ഓലപ്പുരകള്‍ മുതല്‍ എട്ടുകെട്ടുവരെ അവിടെ പുനര്‍ജനിക്കണം. ആദ്യകാലത്തെ കുലത്തൊഴിലുകള്‍ എന്താണെന്ന് മനസിലാക്കുന്നതെല്ലാം ഉണ്ടാവണം. സന്ദര്‍ശിച്ചിറങ്ങുമ്പോല്‍ ഇങ്ങനെയൊരു കേരളവും ഇവിടെയുണ്ടായിരുന്നെന്ന് വിദേശികള്‍ക്കു മാത്രമല്ല സ്വദേശികളായ പുതുതലമുറയ്ക്കും പരിചയപ്പെടാം.

ഇനി നമുക്ക് ആലപ്പുഴയിലൊന്നു പോവാം. ഇന്ന് ഏറ്റവും അധികം വിനോദസഞ്ചാരികള്‍ വരുന്നയിടമാണ്. പുരത്തോണികളാണ് മുഖ്യ ആകര്‍ഷണം. ഇവിടെ ആലപ്പുഴ-കൊല്ലം ബോട്ട് സര്‍വീസ് ഉണ്ടായിരുന്നു. സംസ്ഥാന ജലഗതാഗതവകുപ്പിന്റെ ഈ ബോട്ട് സര്‍വീസ് ധാരാളം വിദേശ സഞ്ചാരികളടക്കം ഒട്ടേറെ പേര്‍ സഞ്ചരിക്കുന്ന ബോട്ടായിരുന്നു. പണ്ട് കേരളത്തിന്റെ ചരക്കുഗതാഗതവും സഞ്ചാരവും ജലഗതാഗതത്തെ ആശ്രയിച്ചിരുന്ന ഒരു കാലത്തിന്റെ ഓര്‍മകൂടിയാണിത്. മഹാകവി കുമാരനാശാന്‍ അന്തരിച്ചത് ഈ റൂട്ടിലുണ്ടായ റെഡീമര്‍ ബോട്ട് മുങ്ങിയാണ്. അദ്ദേഹം മുങ്ങിമരിച്ചിടത്ത് ഒരു സ്മാരകമുണ്ട്. അന്ന് പത്രങ്ങളില്‍ വന്ന വാര്‍ത്തയും കൗതുകകരമായിരുന്നു. ബോട്ടപകടത്തെ പറ്റി പറഞ്ഞ് അവസാനം മരിച്ചവരുടെ കൂട്ടത്തില്‍ ആശാനും ഉണ്ടെന്ന മട്ടിലായിരുന്നു വാര്‍ത്ത. കരുമാടിക്കുട്ടന്‍, തോട്ടപ്പള്ളി വള്ളിക്കാവ്, ആലുംകടവ്, കായംകുളം കൊച്ചുണ്ണിയുടെ വിഹാരകേന്ദ്രമായിരുന്ന ഇടങ്ങള്‍ എന്നിങ്ങനെ ചരിത്രത്തിലേക്കും പഴയകാലത്തിലേക്കും സഞ്ചരിക്കാവുന്ന, ജലയാത്രയുടെ സുഖമറിഞ്ഞൊഴുകാവുന്ന ഒരനുഭവമായിരുന്നു ഈ യാത്ര. എന്നാല്‍ കോവിഡിനു മുമ്പ് നിര്‍ത്തിവെച്ച ബോട്ട് സര്‍വീസ് ഇത്രയും കാലമായിട്ടും പുനരാരംഭിക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. ബോട്ട് ചാലില്‍ വന്ന് നിറഞ്ഞ മണ്ണ് നീക്കാന്‍ ആയിട്ടില്ലെന്നതാണ് കാരണം. എന്നിരുന്നാലും വിദേശത്ത് പോയി നാം വിനോദസഞ്ചാര സാധ്യതകള്‍ പഠിച്ചുകൊണ്ടിരിക്കും.

placeholder
ആലപ്പുഴ-കൊല്ലം ബോട്ട് സര്‍വീസ്

സൗത്ത് ആഫ്രിക്കയില്‍ പോയപ്പോള്‍ അവിടെയൊരു പാലം കണ്ടു, മേല്‍പ്പാലമാണ്. പണി പാതിയായപ്പോ സാമ്പത്തിക പ്രതിസന്ധി വന്ന് നിര്‍ത്തി വെച്ചു. എങ്ങുമെത്താതെ അവസാനിച്ച ആ പാലം പോലും വിനോദസഞ്ചാരത്തിന് ഒരു സാധ്യതയാണെന്ന് സൗത്ത് ആഫ്രിക്കന്‍ ടൂറിസം പഠിപ്പിച്ചുതന്നു. ബ്രിഡ്ജ് ടു നോവേര്‍ എന്നു പേരിട്ട പാലത്തിലേക്ക് സഞ്ചാരികളെത്തുന്നു. ചായകുടിച്ചും സൊറ പറഞ്ഞും സമയം ചെലവഴിക്കുന്നു. നമുക്ക് കോഴിക്കോട്ടെ പഴയ റെയില്‍ പാലം ഓര്‍ക്കാം. ബ്രിട്ടീഷു കാലത്ത് പണിത ആ റെയില്‍ പാലം എന്തുകൊണ്ട് സംരക്ഷിച്ചുകൂടായിരുന്നു. അതൊരു വിനോദസഞ്ചാര സാധ്യതയല്ലേ. ബേപ്പൂരില്‍ മലബാറിലെ ആദ്യത്തെ റെയില്‍വേയുടെ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നില്ലേ. അതൊക്കെ ഇപ്പോ എവിടെ. പഴയകാല റെയില്‍വേ എഞ്ചിനിയറിംഗ് വിസ്മയമായിരുന്ന ചാലക്കുടി പറമ്പിക്കുളം റെയില്‍വേ നാം എടുത്തു ദൂരെ കളഞ്ഞില്ലേ. ഈ വഴി ഒരു ട്രെക്കിങ്ങ് പോലും ഇന്ന് വളരെ പാടാണ്. ഇവിടെയെല്ലാം ആളുകളുടെ എണ്ണം നിയന്ത്രിച്ചുകൊണ്ടുള്ള ടൂറിസത്തിന് ഇനിയും സാധ്യതയുണ്ടെന്നതാണ് വാസ്തവം.

placeholder
ബ്രിഡ്ജ് ടു നോവേര്‍

അതുപോലെ തന്നെ ഇടയക്കൊരു യാത്രപോയി. അച്ചന്‍കോവില്‍ വനത്തിലൂടെ. പാതിവഴിയില്‍ ചെന്നപ്പോള്‍ അവിടുത്തെ സ്ഥലനനാമം മൈക്കാമണ്‍. എന്താവും ഈ പേര് വരാന്‍ കാരണം എന്ന അന്വേഷണമാണ് പഴയകാലത്തെ അഭ്രഖനിയായിരുന്നു അവിടെന്ന അറിവിലെത്തിച്ചത്. വലിയൊരു കുളമാണ് അവിടെയിപ്പോള്‍ കാണാനുള്ളത്. അതിനെത്ര ആഴമുണ്ടെന്ന് ആര്‍ക്കും അറിയില്ല. നൂലില്‍ കല്ല് കെട്ടി അടിത്തട്ടില്‍ തട്ടിക്കാന്‍ പലരും ശ്രമിച്ചെങ്കിലും നടന്നില്ല. പണ്ട് മോട്ടോര്‍ അടിച്ച് വറ്റിച്ചുകൊണ്ടായിരുന്നു ഖനനം. അവിടെ റാംപുകള്‍ ഉണ്ടായിരുന്നു. മണ്ണ് തുരന്ന് തുരന്ന് അകത്തോട്ട് കിലോമീറ്ററുകളോളം തൊഴിലാളികള്‍ പോയിരുന്നു. മെഴുകുതിരി കൂടി കൊടുത്താണ് വിടുന്നത്. മെഴുകുതിരി കത്തിതീരുമ്പോള്‍ ജോലി സമയം കഴിഞ്ഞെന്നു മനസിലാക്കി പുറത്തിറങ്ങാം. അങ്ങിനെ കഥകള്‍ ഒരുപാടുണ്ട്. സൗത്ത് ആഫ്രിക്കയില്‍ പണി നിര്‍ത്തിയ സ്വര്‍ണഖനി ഇപ്പോള്‍ തീം പാര്‍ക്കാണ്. നമുക്ക് അകത്തേക്ക് പോവാം. ഖനനകാലം വീണ്ടും കാണാം. അതൊരു തീംപാര്‍ക്കാണ് ഇപ്പോള്‍. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ധാരാളം സഞ്ചാരികളെത്തുന്നു. ഇവിടെ നാം ഇത്തരം സാധ്യതകളേയും മണ്ണിട്ടു മൂടി ഭാവി വിനോദസഞ്ചാരത്തെ കുറിച്ച് പഠിച്ചുകൊണ്ടേയിരിക്കും.