കോടഞ്ചേരി(കോഴിക്കോട്): കുത്തിയൊഴുകുന്ന ചാലിപ്പുഴയെ സാഹസികക്കാഴ്ചകളുടെ ആവേശത്തിലാക്കി പതിനൊന്നാമത് മലബാർ റിവർ ഫെസ്റ്റിവലിന് ആവേശത്തുടക്കം. ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് മത്സരത്തിൽ അമെച്ചർ ബോട്ടർക്രോസിലൂടെ തുഴഞ്ഞ് കുതിച്ചെത്തിയ വിദേശതാരങ്ങളുൾപ്പെടെയുള്ളവരെ നിറഞ്ഞ കൈയടിയോടെ ജനം സ്വീകരിച്ചു. ഫെസ്റ്റിന്റെ ഉദ്ഘാടനം ലിന്റോ ജോസഫ് എംഎൽഎ നിർവഹിച്ചു. 

To advertise here,

കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് അധ്യക്ഷനായി. ആദ്യദിനം ഒളിമ്പിക്സ് മത്സരയിനമാണ് എക്സ്ട്രീം സ്ലാലോം മത്സരം നിശ്ചയിച്ചിരുന്നതെങ്കിലും ജലനിരപ്പ് അധികമായതിനാൽ അമെച്ചർ ബോട്ടർ ക്രോസ് മത്സരത്തോടെയാണ് തുടങ്ങിയത്. യുഎസ്എ, റഷ്യ, ഇറ്റലി, ന്യൂസിലാൻഡ്, ചിലി, യുക്രൈൻ തുടങ്ങി പത്തോളം വിദേശരാജ്യങ്ങളിൽനിന്നുള്ള കയാക്കന്മാർ മത്സരത്തിൽ മാറ്റുരയ്ക്കുന്നുണ്ട്.

ഇന്നത്തെ മത്സരം

ശനിയാഴ്ച വനിത, പുരുഷ വിഭാഗം എക്സ്ട്രീം സ്ലാലോം പ്രൊഫഷണൽ മത്സരവും പ്രൊഫഷണൽ ബോട്ടർക്രോസ് മത്സരവും പുലിക്കയത്ത് ചാലിപ്പുഴയിൽ നടക്കും. മത്സരത്തിന്റെ അവസാനദിനമായ ഞായറാഴ്ച പുല്ലൂരാംപാറ ഇരുവഞ്ഞിപ്പുഴയിൽ ഡൗൺ റിവർ മത്സരം നടക്കും