രാഷ്ട്രീയപാര്‍ട്ടികളുടെ പ്രകടനങ്ങളും ധര്‍ണകളും പകർത്തി മടുത്തപ്പോഴാണ് വ്യത്യാസമുള്ളതും അതേസമയം കൗതുകമുള്ളതുമായ ചിത്രങ്ങള്‍ എടുക്കാമെന്ന തോന്നല്‍ ഉണ്ടായത്.  ക്യാമറയുമായി തെരുവിലേക്കിറങ്ങാന്‍ തീരുമാനിച്ചു. ജീവിതം നുരയ്ക്കുന്ന തെരുവില്‍ ദൃശ്യങ്ങള്‍ എമ്പാടുമുണ്ടാവും. പകര്‍ത്താന്‍ ആരെയും പേടിക്കേണ്ടതുമില്ല. നല്ല ചിത്രങ്ങള്‍ കിട്ടുകയും ചെയ്യും, കിട്ടിയിട്ടുമുണ്ട്. അങ്ങനെ ഒരു ദിവസം നേരെ കൊല്ലം തുറമുഖത്തേക്ക് പോയി. വെളുപ്പിന് കടലില്‍ പോകുന്ന വള്ളങ്ങള്‍ ഉച്ചയ്ക്ക് മുന്‍പു തിരിച്ചെത്തും.  ഉച്ചയ്ക്ക് മുന്‍പ് നല്ല തിരക്കായിരിക്കും. വള്ളങ്ങള്‍ തീരത്തോടടുക്കുമ്പോള്‍ വള്ളങ്ങളില്‍നിന്ന് മത്സ്യം ഹാര്‍ബറിലെ ലേലത്തറയിലേക്കെത്തിക്കാനായി കാത്തുനില്‍ക്കുന്ന കൂലിതൊഴിലാളികളുണ്ട്. മത്സ്യബന്ധനം കഴിഞ്ഞെത്തിയ വള്ളങ്ങളില്‍നിന്ന് ഒഴിവാക്കിയ ചെറുമീനുകളെ പെറുക്കിയെടുത്ത് വീട്ടിലേക്ക് ഒരുനേരത്തെ ഭക്ഷണത്തിനായ് കൊണ്ടുപോവുന്നവരുണ്ട്. അതുവിറ്റ് നിത്യവൃത്തിക്കായി പണം കണ്ടെത്തുന്നവരും ഉണ്ട്.

To advertise here,

ആ തിരക്കിനിടയില്‍നിന്ന് എന്തെങ്കിലും എക്‌സ്‌ക്ലൂസീവ് തേടിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു കുഞ്ഞുപയ്യന്‍ കടലില്‍ ഇറങ്ങിനിന്ന് ചൂണ്ടയിടുന്നത് കണ്ടത്. ചൂണ്ടച്ചരടും അതിന്റെ കൊളുത്തും മാത്രമെ കയ്യില്‍ കാണാനുള്ളൂ. വള്ളത്തില്‍നിന്ന് നിന്ന് വലിച്ചെറിയുന്ന ചെറുമീനുകളെ ഇരയാക്കിയാണ് ചൂണ്ടയിടുന്നത്. കിട്ടുന്ന മീനുകളെ ആദ്യമൊക്കെ അവന്റെ ട്രൗസറിന്റെ പോക്കറ്റില്‍ തന്നെയിട്ട്‌ മീന്‍പിടിത്തം തുടര്‍ന്നുകൊണ്ടേയിരുന്നു. പോക്കറ്റില്‍ കൊള്ളാതായപ്പോള്‍ കൂടെയുണ്ടായിരുന്ന ജ്യേഷ്ഠനോട് ബക്കറ്റ് കൊണ്ടുവരാന്‍ പറഞ്ഞു. ബക്കറ്റില്‍ മത്സ്യം ശേഖരിച്ചു തുടങ്ങി. ഇടയ്ക്ക് വലിയ മീനുകള്‍ ചൂണ്ടക്കൊളുത്തു പൊട്ടിച്ച് കൊണ്ടുപോകുന്നുണ്ട്. ബക്കറ്റ് നിറഞ്ഞപ്പോള്‍ അവനും നേരെ ലേലത്തറയിലേക്ക് ബക്കറ്റും ചുമന്ന് ഓടി. മിനിറ്റുകള്‍ക്കുള്ളില്‍ ലേലം ചെയ്ത് വിറ്റു.

കടലില്‍ പോയി വരുന്ന വള്ളങ്ങളില്‍നിന്ന് മീന്‍കുട്ട ചുമടെടുക്കുന്ന അമ്മയോടൊപ്പം എത്തിയതായിരുന്നു അയ്യപ്പന്‍. വള്ളത്തില്‍നിന്ന് ഉപേക്ഷിക്കുന്ന നത്തോലി പോലുള്ള ചെറുമീനുകളെ ഇരയാക്കിയാണ് അയ്യപ്പന്‍ കടലില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നത്. വീണ്ടും ചൂണ്ടയിട്ടു വലിച്ചപ്പോള്‍ ഭാരം തോന്നി. വലിച്ചു കയറ്റിയപ്പോള്‍ കിട്ടിയത് നേരത്തെ ആരോ വലിച്ചെറിഞ്ഞ വലയില്‍ പുറ്റുപോലെ കുടുങ്ങിയ മീനുകളുടെ ശേഖരം. അതോടെ, ഹാര്‍ബറില്‍ മീന്‍ വാങ്ങാനെത്തിയവര്‍ക്ക് കൗതുകം തോന്നി കാഴ്ചക്കാരായി കൂടി. അയ്യപ്പന്റെ കുഞ്ഞുമനസ്സും കടലോളം ആവേശത്തിലായി. ചൂണ്ടയില്‍ കുടുങ്ങിയ വലയില്‍നിന്ന് അയ്യപ്പന്‍ തന്നെ മീനുകള്‍ ഊരിയെടുത്തു.  ഞാന്‍ ഹാര്‍ബറില്‍നിന്ന് പോരുന്നതിന് മുന്‍പ് മൂന്ന് തവണ അയ്യപ്പനെന്ന ആ പയ്യൻ മീന്‍വില്‍പന നടത്തി.