കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്, ഡല്‍ഹിയില്‍ കേരളത്തിലെ പ്രശസ്ത ബാന്‍ഡായ അവിയലിന്റെ ലൈവ് ഷോ നടക്കുന്നു. മൈക്ക് പിടിച്ച് കയറി വന്നത് ഒരു പെണ്‍കുട്ടിയാണ്. മലയാളികള്‍ക്ക് അന്നത്ര പരിചിതമല്ലാത്ത സ്വരത്തില്‍ അവള്‍ നീട്ടി പാടിത്തുടങ്ങി.. കറുകറെ കാര്‍മുകില്‍... കൊമ്പനാന പുറത്തേറി എഴുന്നള്ളും മൂര്‍ത്തേ.. അന്ന് നിലയ്ക്കാത്ത കൈയടികളുമായി മടങ്ങുമ്പോള്‍ ആ പെണ്‍കുട്ടി അറിഞ്ഞിരുന്നില്ല താൻ നടന്നു കയറാനൊരുങ്ങുന്നത് മലയാളിയുടെ പ്ലേ ലിസ്റ്റിലെ പകരം വെയ്ക്കാനില്ലാത്ത പാട്ടുകളുടെ ലോകത്തേക്കാണെന്ന്. ബാന്‍ഡുകളിലെ പ്രിയപ്പെട്ട പെണ്‍ സ്വരം, പിന്നണി ഗായിക, മ്യൂസിക് കമ്പോസര്‍ എന്നിങ്ങനെ പാട്ടിന്റെ ഏതു മേഖലയും തന്റെ കൈയില്‍ ഭദ്രമാണെന്ന് തെളിയിക്കാന്‍ ആ പെൺകുട്ടിയ്ക്ക് അധികസമയം വേണ്ടി വന്നില്ല. നേഹ നായര്‍ സംസാരിക്കുന്നു മലയാളികളുടെ പാട്ടുപ്പെട്ടിയിലിടം നേടിയ യാത്രയെ പറ്റി.

To advertise here,

പാട്ടിന്റെ വഴിയിലെത്തിച്ചത് അച്ഛന്‍

സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ പ്രേമിക്കുമ്പോള്‍ എന്ന പാട്ടിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. നേരത്തെ ഋതുവില്‍ പാടിയിരുന്നെങ്കിലും സിനിമയില്‍ ആ പാട്ട് ഉള്‍പ്പെടുത്തിയിരുന്നില്ല. അത് കഴിഞ്ഞാണ് സോള്‍ട്ട് ആന്‍ഡ് പെപ്പറില്‍ അവസരം ലഭിക്കുന്നത്. ഇടയ്ക്ക് ചില സംഗീതസംവിധായകര്‍ക്ക് ഡെമോ പാടി അയച്ചു കൊടുത്തിരുന്നു. അതല്ലാതെ സിനിമയില്‍ അവസരം ലഭിക്കാന്‍ പ്രത്യേകിച്ച് എഫര്‍ട്ട് ഒന്നും എടുത്തിട്ടില്ല. കിട്ടിയ അവസരങ്ങള്‍ വിനിയോഗിച്ചു. അത് മികച്ചതാക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചു. ബാക്കിയെല്ലാം അതിന്റേതായ രീതിയില്‍ വന്നു ചേര്‍ന്നതാണ്. കിട്ടുന്ന അവസരങ്ങള്‍ ഭംഗിയാക്കുന്നതിലാണ് കാര്യം. ചെറുപ്പത്തില്‍ എല്ലാ കുട്ടികളേയും പോലെ വലുതാകുമ്പോള്‍ ആരാവണം എന്നതിനെ കുറിച്ച് പല  ആഗ്രഹങ്ങളായിരുന്നു. പക്ഷേ ഞാനൊരു പാട്ടുകാരിയാകുമെന്നോ കമ്പോസറാകുമെന്നോ ഒന്നും ഒരിക്കലും ചിന്തിച്ചിട്ടില്ല. അച്ഛനാണ് പാട്ടിന്റെ വഴിയിൽ എന്നെ എത്തിച്ചത്.

അച്ഛന് ചെറുപ്പത്തില്‍ പാട്ടു പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും പഠിക്കാന്‍ കഴിഞ്ഞില്ല. ആ ആഗ്രഹത്തിനു പുറത്ത് എന്നെയും ചേച്ചിയേയും ഡാന്‍സും പാട്ടുമൊക്കെ പഠിപ്പിച്ചു. ആറു വയസ്സു മുതല്‍ കര്‍ണാട്ടിക് മ്യൂസിക് പഠിക്കാന്‍ തുടങ്ങി. മത്സരങ്ങള്‍ക്കൊക്കെ പങ്കെടുത്തു തുടങ്ങി. അപ്പോഴൊക്കെ അച്ഛന്റെ ആഗ്രഹത്തിനു പേരില്‍ പഠിക്കുന്നു എന്നല്ലാതെ പാട്ട് സീരിയസായി എടുത്തിരുന്നില്ല. എന്റെ വഴി പാട്ടാണ് എന്തായാലും ഞാന്‍ ഒരു പാട്ടുകാരിയാകും പഠിത്തത്തിന് പോലും അത്ര പ്രാധാന്യം കൊടുക്കേണ്ട എന്നായിരുന്നു അച്ഛന്‍ പറയാറുണ്ടായിരുന്നത്. സ്‌കൂള്‍ കഴിഞ്ഞ് ബി.എ. മ്യൂസിക്കിന് ചേര്‍ന്നു. ഡിഗ്രി കഴിയാറായപ്പോഴാണ് പാട്ടിനെ സീരിയസായി എടുക്കാന്‍ തുടങ്ങുന്നത്. പാട്ടാണ് എന്റെ പ്രൊഫഷന്‍ എന്ന തിരിച്ചറിവുണ്ടാകുന്നത് അപ്പോഴാണ്. പക്ഷേ ചില കമ്പോസര്‍മാര്‍ക്ക് ഡെമോ പാടി അയച്ചു കൊടുത്തു എന്നല്ലാതെ അപ്പോഴും സിനിമയിലെത്താന്‍ വലിയ ശ്രമങ്ങള്‍ ഒന്നും നടത്തിയില്ല. അവസരങ്ങളൊക്കെ എന്നിലേക്ക് വന്നുചേര്‍ന്നതാണ്. അതില്‍ ഞാന്‍ വളരെയധികം ഗ്രേറ്റ്ഫുള്ളുമാണ്. പക്ഷേ കമ്പോസിങ്ങിനെ കുറിച്ച് ഞാന്‍ ആലോചിച്ചിട്ടു കൂടിയില്ലായിരുന്നു. ലൈവ് ഗായിക ആവുക എന്നത് മാത്രമായിരുന്നു അന്നത്തെ ചിന്ത. വിദ്വാന്‍ എന്ന പേരില്‍ ഒരു ബാന്‍ഡ് ഉണ്ടായിരുന്നു. ലൈവ് ഷോസ് ഒക്കെ ചെയ്തു തുടങ്ങി.

കമ്പോസര്‍ എന്ന പ്രിയപ്പെട്ട റോള്‍

റോസ്‌ബോള്‍ ചാനലിനു വേണ്ടി ഔട്ട്കാസ്റ്റ് വോക്കല്‍സ് എന്നൊരു പ്രോഗ്രാം ചെയ്തിരുന്നു. അതില്‍ കീബോര്‍ഡ് യാക്‌സണും ഗിറ്റാര്‍ റെക്‌സ് വിജയനുമായിരുന്നു ചെയ്തിരുന്നത്. റെക്‌സേട്ടനായിരുന്നു അവിയലിന്റെ ലീഡ് ഗിറ്റാറിസ്റ്റ്. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം ലാക്മെ ഫാഷന്‍ വീക്കിനു വേണ്ടി അവിയല്‍ ഒരു ലൈവ് ഷോ ചെയ്യുന്നുണ്ടെന്നും അതിലേക്ക് ഒരു ഫീമെയില്‍ ആര്‍ട്ടിസ്റ്റിനെ വേണമെന്നും റെക്സേട്ടന്‍ പറയുന്നത്. അങ്ങനെ ആ ഷോയില്‍ ലീഡ് ഫീമെയില്‍ സിങ്ങറായി പോയി. ആ ലൈവ് ഷോയ്ക്ക് ശേഷം അവിയലിന്റെ ഭാഗമായി. പിന്നീട് ഒമ്പതു വര്‍ഷത്തോളം അവിയലിനൊപ്പം ഷോസ് ചെയ്തു.

കമ്പോസിങിലേക്കു വരുന്നത് വളരെ യാദൃച്ഛികമായാണ് അഞ്ചുസുന്ദരികളാണ് ആദ്യമായി കമ്പോസ് ചെയ്യുന്ന സിനിമ. യാക്‌സണൊപ്പം മന്ദാരക്കാറ്റേ, കാണാദൂരം എന്ന രണ്ടു പാട്ടുകള്‍ കമ്പോസ് ചെയ്തു. അതില്‍ നിന്നാണ് ഇയ്യോബിന്റെ പുസ്തകത്തിലേക്ക് വിളിക്കുന്നത്. കമ്പോസിങ്ങിലേക്ക് വരുന്നത് അപ്രതീക്ഷിതമാണെങ്കിലും ഒരു മ്യൂസിഷ്യന്‍ എന്ന നിലയില്‍ ഞാന്‍ എന്നെ തന്നെ ഏറ്റവും നന്നായി എക്സ്പ്രസ് ചെയ്യുന്നത് കമ്പോസിങ്ങിലാണ്. ഒരു പാട്ടുകാരി എന്ന റോളിനേക്കാള്‍ ഞാന്‍ കൂടുതല്‍ ആസ്വദിക്കുന്നതും കമ്പോസറുടെ റോളാണ്.കോളേജ് കഴിഞ്ഞ സമയത്ത് ഹിന്ദുവിന് വേണ്ടി ആര്‍ട്ടിക്കിള്‍സ് എഴുതിയിരുന്നു. ആ സമയത്ത് ജേണലിസം കരിയറായി എടുക്കണമെന്നൊക്കെയുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ എനിക്ക് മ്യൂസിക്കല്ലാതെ മറ്റൊരു കരിയര്‍ ചൂസ് ചെയ്യുന്നത് ആലോചിക്കാന്‍ കൂടി കഴിയില്ല.

മാറുന്ന മ്യൂസിക് ടേസ്റ്റ്

ഇന്ന് ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് ശ്രോതാക്കള്‍ക്കിടയില്‍ മികച്ച അംഗീകാരം കിട്ടുന്നുണ്ട്. പഴയതിനെ അപേക്ഷിച്ച് ആളുകളുടെ മ്യൂസിക് ടേസ്റ്റിലും മാറ്റം വന്നിട്ടുണ്ട്. അതില്‍ അവിയല്‍ വഹിച്ച പങ്ക് വലുതാണെന്ന് പറയാം. സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ ആനക്കള്ളന്‍ എന്ന അവിയലിന്റെ പാട്ടാണ് ഇത്തരത്തില്‍ സംഗീതത്തെ കുറിച്ചുള്ള പേഴ്സ്പെക്ടീവ് മാറ്റിമറിച്ച പാട്ട്. അതിലൂടെയാണ് ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് വരുന്നത്. അവിയലല്ലാതെ മറ്റു ബാന്‍ഡുകളൊന്നും അന്ന് സിനിമയില്‍ മ്യൂസിക് ചെയ്തിട്ടുമില്ല. പിന്നെ പുതിയ ധാരാളം ആളുകള്‍ മ്യൂസിക് ഫീല്‍ഡിലേക്ക് വരുന്നുണ്ട്. അപ്പോള്‍ പുതിയ സൗണ്ടിങ് ഐഡിയാസും ഉണ്ടാകും. പഴയ മ്യുസീഷ്യന്‍സ് ഇന്‍ക്രഡിബിള്‍ വര്‍ക്കുകളാണ് ചെയ്തു വെച്ചിരിക്കുന്നത് എന്നതില്‍ സംശയമില്ല. എന്നാല്‍ പുതിയ മ്യുസീഷ്യന്‍സ് ഇന്‍ഡസ്ട്രിയിലേക്കെത്തിയപ്പോള്‍ പാട്ടുകളുടെ ഒരു പുതിയ പേഴ്സ്പെക്ടീവും ലിസ്ണിങ്ങിന്റെ ഒരു അപ്ഡേറ്റഡ് വേര്‍ഷനും വന്നു. ലോക സംഗീതത്തിന്റെ എലിമെന്റ്സ് മലയാളത്തിലേക്ക് കൊണ്ടു വരുന്നത് അടിപൊളിയായിട്ടാണ് എനിക്ക് തോന്നുന്നത്. അത് ആളുകള്‍ അംഗീകരിക്കുന്നു എന്നതാണ് ഏറെ സന്തോഷം. സിനിമയിലൂടെയാണ് മ്യൂസികിനെ കുറിച്ച് ആളുകളെ എഡ്യുകേറ്റ് ചെയ്യാന്‍ പറ്റുന്നത്.

ധാരാളം ഇന്‍ഡി ബാന്‍ഡുകള്‍ നമുക്ക് ഉണ്ടെങ്കില്‍ പോലും പൊതുജനം അങ്ങനെ മ്യൂസിക് ഫെസ്റ്റിവല്‍സില്‍ പോകുന്നതും അത്തരം മ്യൂസിക് കേള്‍ക്കുന്നതും കുറവാണെല്ലോ. റേഡിയോസിലും മറ്റും പ്ലേ ചെയ്യുന്നതും സിനിമാ പാട്ടുകളാണ്. അപ്പോള്‍ സിനിമയില്‍ പുതിയ തരം മ്യൂസിക് ഇന്‍ട്രൊഡ്യൂസ് ചെയ്ത് ആളുകളുടെ ടേസ്റ്റ് മാറ്റിയെടുത്ത് അവരെ അപ്ഡേറ്റ് ചെയ്യാന്‍ പറ്റിയാല്‍ അത് മികച്ച കാര്യമാണ്. അതേസമയം കവര്‍ സോങ്ങ്സ് ഇഷ്ടപ്പെടാത്ത പ്രേക്ഷകര്‍ ഉണ്ട്. അത് തികച്ചും നോര്‍മലാണ്. സ്വന്തമായി സോങ്ങ്സ് കമ്പോസ് ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് എല്ലാവരും വരുന്നത്. എന്നാല്‍ നമ്മള്‍ സ്വന്തമായി ചെയ്യുന്ന പാട്ടുകള്‍ക്ക് മാത്രമായി കേള്‍വിക്കാരുണ്ടാകണമെന്നില്ല.അതു കൊണ്ട് തന്നെ നമുക്ക് കവര്‍ സോങ്സ് ചെയ്യേണ്ടതായി വരും. ഇപ്പോള്‍ ഞാനൊരു ലൈവ് കോണ്‍സേര്‍ട്ട് കാണാന്‍ പോയാല്‍ എനിക്ക് അറിയുന്ന പാട്ടുകള്‍ കേള്‍ക്കുമ്പോഴായിരിക്കും കൂടുതല്‍ കണക്ട് ചെയ്യാനും പെര്‍ഫോമന്‍സ് ആസ്വദിക്കാനും കഴിയുകയുള്ളൂ. കവര്‍ സോങ്സിനെ കുറച്ച് വ്യത്യസ്തമായാണ് അപ്രോച്ച് ചെയ്യാറുള്ളത്. അത് ഇഷ്ടപ്പെടാത്തവരുണ്ടാകും. അത് ഓകെയാണ്. നമുക്ക് എപ്പോഴും ഒരു ബാലന്‍സ് വേണമല്ലോ. ഒരുപാട് സ്നേഹം കിട്ടുമ്പോള്‍ അതിനൊപ്പം കുറച്ചു വിമര്‍ശനങ്ങള്‍ കിട്ടുന്നതും ഓകെയാണ്.

ഏറ്റവും പ്രിയപ്പെട്ട ഇയ്യോബിന്റെ പുസ്തകം

ഇതുവരെ ചെയ്തതില്‍ ഏറ്റവും പ്രിയപ്പെട്ടതും ഏറ്റവും മികച്ചതെന്നും പറയാനാകുന്നതും ഇയ്യോബിന്റെ പുസ്തകമാണ്. പാട്ടുകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയ ഒരു സിനിമയായിരുന്നല്ലോ അത്. ഓരോ കഥാപാത്രങ്ങള്‍ക്കും തീം മ്യൂസിക് നല്‍കിയിരുന്നു. ജാസ്, നാടന്‍, ട്രൈബല്‍ അങ്ങനെ ഓരോന്നും ഓരോ ഴോനറിലാണ് ചെയ്തതും. അതേ സമയം പക്കാ സിനിമാ സ്റ്റൈല്‍ ലവ് സോങ്ങുമുണ്ട്. മ്യൂസികില്‍ കുറേയെറെ എക്സിപിരിമെന്റ് ചെയ്ത പടമായിരുന്നു അത്.

കമ്പോസ് ചെയ്ത ഏറ്റവും പ്രിയപ്പെട്ട പാട്ട് ആര്‍ക്കറിയാം എന്ന സിനിമയിലെ ചിരമഭയമേ എന്ന പാട്ടായിരിക്കും. ഇയ്യോബിന്റെ പുസ്തകത്തിലെ മാനേ, അഞ്ചു സുന്ദരികളിലെ മന്ദാരക്കാറ്റേ ഇതൊക്കെ ഏറെ പ്രിയപ്പെട്ട പാട്ടുകളാണ്. ടോവിനോ, സൗബിന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന നടികര്‍ തിലകം എന്ന പ്രൊജക്ടാണ് ഇനി വരാനിരിക്കുന്നത്. അതിന്റെ പാട്ടുകള്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. ഷൂട്ട് ഈ മാസം അവസാനത്തോടെ തുടങ്ങും. ഹോട്ട് സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന ഒരു സീരിസിനും മ്യൂസിക് ചെയ്തു കൊണ്ടിരിക്കുകയാണ്.പിന്നെ സ്വന്തമായി ക്ലാസിക്കല്‍ മ്യൂസിക് ബേസ് ചെയ്ത് ഒരു ആല്‍ബം ചെയ്യണമെന്ന ആഗ്രഹമുണ്ട്.

വീട്ടിലെ പാട്ട്

ഒരു ടു ബി.എച്ച്.കെ. ഫ്ളാറ്റിലാണ് ഞാനും യാക്‌സണും താമസിക്കുന്നത്. അതില്‍ ഒരു റൂം സ്റ്റുഡിയോ ആയി ഞങ്ങള്‍ മാറ്റിയെടുത്തു. പക്ഷേ ലൈഫിലെ കൂടുതല്‍ സമയവും സംഗീതത്തിന് വേണ്ടി മാറ്റി വെയ്ക്കുന്നത് കൊണ്ട് തന്നെ വീട്ടില്‍ മ്യൂസിക്കിനെ കുറിച്ച് അധികം സംസാരിക്കാറില്ല. രണ്ട് പപ്പീസുണ്ട്. അവരുടെ കൂടെ കളിക്കുക, സിനിമ കാണുക, ട്രാവല്‍ ചെയ്യുക, ജീവിതം തന്നെ വര്‍ക്കായത് കൊണ്ട് വര്‍ക്കിനു പുറത്ത് ഞങ്ങള്‍ മ്യൂസിക്കിനെ പറ്റി ഡിസ്‌കസ് ചെയ്യാറില്ല.