കയ്യടികള്‍ക്കും ആര്‍പ്പുവിളികള്‍ക്കും ശേഷം ആരവങ്ങളൊഴിഞ്ഞുനിന്ന ലോസ് ആഞ്ജലീസിലെ ഡോള്‍ബി തീയ്യേറ്ററിന്റെ നടുവില്‍ സാം സ്മിത്ത് എന്ന 24-കാരന്‍ തലയുയര്‍ത്തി നിന്നു. ജിമ്മി നേപ്‌സിനൊപ്പം 88-ാം ഓസ്‌കര്‍ വേദിയില്‍ മികച്ച ഒറിജിനല്‍ സോങ്ങിനുള്ള അവാര്‍ഡും കയ്യിലേന്തി അയാള്‍ പറഞ്ഞു തുടങ്ങി.
'യഥാര്‍ഥത്തില്‍ എനിക്ക് ശ്വസിക്കാനാകുന്നില്ല. ജിമ്മി നേപ്‌സിന് നന്ദി. എല്ലാ നോമിനികള്‍ക്കും നന്ദി. നിങ്ങളെല്ലാവരും മികച്ചവരാണ്'-ഓസ്‌കര്‍ വേദിയില്‍ ജിമ്മി നേപ്‌സിനെ ചേര്‍ത്ത്പിടിച്ച് സാം സ്മിത്ത് പറഞ്ഞു.
'ഞാന്‍ കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഇയാന്‍ മക്കെല്ലന്റെ ഒരു ലേഖനം വായിച്ചു. അതില്‍ ഗേ യാണെന്ന് തുറന്നുപറഞ്ഞ ഒരാളും ഇതുവരെ ഓസ്‌കര്‍ നേടിയിട്ടില്ലെന്നാണ് അയാള്‍ പറയുന്നത്. അത് ശരിയായാലും ഇല്ലെങ്കിലും ഞാന്‍ ഈ അവാര്‍ഡ് ലോകത്തിലെ LGBT കമ്മ്യൂണിറ്റിക്ക് സമര്‍പ്പിക്കുന്നു. അഭിമാനമുള്ള ഒരു ഗേ വ്യക്തിയായാണ് ഞാനിവിടെ നില്‍ക്കുന്നത്. ഒരുദിവസം നമ്മളെല്ലാവര്‍ക്കും തുല്യരായി ഒരുമിച്ച് നില്‍ക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എല്ലാവര്‍ക്കും നന്ദി.'- സാം സ്മിത്ത് പറഞ്ഞവസാനിപ്പിച്ചു.
ജിമ്മി നേപ്‌സിനെ വാരിപ്പുണര്‍ന്നുകൊണ്ട് അവിടെ നിന്ന് തിരിച്ചുനടക്കുമ്പോള്‍ തന്റെ നിലപാട് ഉറക്കെ വിളിച്ചുപറഞ്ഞതിന്റെ തിളക്കമുണ്ടായിരുന്നു ആ കണ്ണുകളില്‍. പതിവിലും കവിഞ്ഞ ഉയര്‍ച്ചയും കൃത്യതയുമുണ്ടായിരുന്ന ആ വാക്കുകള്‍ അതിലും എത്രയോ ഉറക്കെയാണ് ലോകത്തിന് മുന്നില്‍ മുഴങ്ങിയത്. ഒരു പക്ഷേ ഇത്രയും നാള്‍ താന്‍ താണ്ടിയ കനല്‍വഴികളോരോന്നും അയാള്‍ ഓര്‍ത്തിട്ടുണ്ടാകണം. അത് നല്‍കിയ കരുത്തായിരിക്കണം ഇങ്ങനെയൊരു പ്രഖ്യാപനത്തിന് അയാള്‍ക്ക് ഊര്‍ജ്ജമായിട്ടുണ്ടാവുക. അതിനാല്‍ ആ ഭൂതകാലയോര്‍മകളെ ചേര്‍ത്തുവെക്കാതെ നീട്ടിയും കുറുക്കിയും ഈ മനുഷ്യന്‍ പാടുന്ന പാട്ടുകളൊന്നും അതിന്റെ പൂര്‍ണതയിലെത്തില്ലെന്നുറപ്പാണ്. പാട്ടുകള്‍ക്കപ്പുറം ആ ജീവിതയാത്രയിലേക്കൊന്ന് തിരിഞ്ഞുനോക്കാതെ സാമുവല്‍ ഫ്രഡറിക് സ്മിത്തെന്ന മനുഷ്യനെ ചെറുതായെങ്കിലും മനസിലാക്കിയെടുക്കാനുമാവില്ല.

ആ പാട്ടുകളുടെ ഓരം ചേര്‍ന്നു നടന്നാല്‍ നമ്മള്‍ ഇംഗ്ലണ്ടിലെ ഗ്രേറ്റ് ചിസ്ഹില്‍ എന്ന ഗ്രാമത്തിലെത്തും. അവിടെയാണ് അച്ഛന്‍ ഫ്രഡറിക് സ്മിത്തിനും അമ്മ കേറ്റ് കാസിഡിയ്ക്കുമൊത്ത് സാം സ്മിത്ത് വളരുന്നത്. ചെറുപ്പം മുതല്‍ തന്നെ നിരവധി പ്രതിസന്ധികളിലൂടെയായിരുന്നു സാമിന്റെ യാത്ര. താന്‍ ചെറുപ്പകാലത്ത് സന്തോഷവാനായിരുന്നില്ലെന്ന് സാം തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. ലണ്ടനിലെ തോമസ് മോര്‍ പ്രൈമറി സ്‌കൂളിലായിരുന്നു സാമിന്റെ പ്രൈമറി വിദ്യാഭ്യാസം. കൂട്ടുകാരുമൊത്ത് കളിച്ചും ചിരിച്ചും ഉല്ലസിച്ചും നടക്കേണ്ട സ്‌കൂള്‍ കാലഘട്ടം സാമിനെ സംബന്ധിച്ച് കഠിനമായിരുന്നു. നിരന്തരമായ കളിയാക്കലുകളാണ് കുഞ്ഞുസാമിന് നേരിടേണ്ടി വന്നത്. കൂടെ പഠിക്കുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും സാമിനെ ഇഷ്ടമല്ലായിരുന്നു. പിന്നാലെ സ്തനവളര്‍ച്ചയുടെ പേരില്‍ ക്രൂരമായ അധിക്ഷേപങ്ങള്‍ക്ക് സാം ഇരയായി. പലപ്പോഴും അത് പരിധികളെല്ലാം ലംഘിച്ചു. ദിവസേന ഇത് തുടര്‍ന്നപ്പോള്‍ അത് സാമിന്റെ ബാല്യകാലം കൂടുതല്‍ ദുഷ്‌കരമാക്കി.
ഒരിക്കല്‍ കളിസ്ഥലത്ത് വെച്ച് സഹപാഠി സാമിന്റെ നെഞ്ചില്‍ അമര്‍ത്തി പിടിക്കുകയും ചെയ്തു. കൂട്ടുകാരുടെയെല്ലാം മുന്നില്‍ വെച്ചായിരുന്നു ഇത്.കുഞ്ഞുസാമിന് ഞെട്ടിപ്പിക്കുന്നതായിരുന്നു ഈ അനുഭവം. പകച്ചുനില്‍ക്കേണ്ടി വന്ന ആ പയ്യന്‍ അതിനെ മറികടക്കാനുള്ള മാര്‍ഗങ്ങളും തേടി. 11-ാം വയസ്സില്‍ ഡോക്ടറെ കണ്ട് ചികിത്സയെക്കുറിച്ച് ആരാഞ്ഞു. ഒടുവില്‍ ലിപോസക്ഷന്‍ ശസ്ത്രക്രിയയിലൂടെയാണ് സാം ഇതിന് പരിഹാരം കണ്ടെത്തിയത്.
അതേ സമയം സംഗീതത്തോട് അടങ്ങാത്ത അഭിനിവേശമായിരുന്നു കുഞ്ഞുസാമിന്. എട്ട് വയസ് മുതല്‍ തന്നെ പാട്ടുകള്‍ പാടാന്‍ തുടങ്ങി. പാട്ടുകളോട് ഇഷ്ടം കൂടി വന്നപ്പോള്‍ പോപ് സംഗീതജ്ഞനാകണമെന്ന ആഗ്രഹമായിരുന്നു മനസില്‍. 13-ാം വയസ്സുമുതല്‍ ആ ലക്ഷ്യവും മനസില്‍പേറിയാണ് സാം മുന്നോട്ടുപോയത്. പിന്നീട് വിവിധ ജാസ്സ് ബാന്‍ഡുകളുടേയും ഒപ്പം പ്രവര്‍ത്തിച്ചു. അവിടെ നിന്ന് സംഗീതം പഠിക്കുകയും ഗാനരചനകളില്‍ ഏര്‍പ്പെടുകയും ചെയ്തു. 2007-ല്‍ ഇംഗ്ലണ്ടിലെ യൂത്ത് മ്യൂസിക് തിയേറ്ററിന്റെ ഭാഗമായി. തന്റെ അഭിരുചി സ്വയം വികസിപ്പിച്ചെടുത്ത സാം സംഗീതലോകത്ത് പതിയെ ചുവടുവെച്ചുതുടങ്ങി. 2008-ല്‍ 'ബാഡ് ഡേ ഓള്‍ വീക്ക്', 2009-ല്‍ 'വെന്‍ ഇറ്റ്‌സ് ഓള്‍റൈറ്റ്' എന്നീ പാട്ടുകള്‍ പുറത്തിറങ്ങി.
എന്നാല്‍ 18-ാം വയസ്സില്‍ തന്റെ ഗ്രാമത്തില്‍ നിന്ന് ലണ്ടന്‍ നഗരത്തിലേക്ക് സാം താമസം മാറി. തെക്ക്പടിഞ്ഞാറ് ലണ്ടനിലെ ചെറിയ അപാര്‍ട്‌മെന്റിലേക്കായിരുന്നു മാറ്റം.അപ്പോള്‍ മുതലാണ് സാമ്പത്തികമായ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. താമസിക്കുന്ന റൂമിന് വാടക നല്‍കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. അതിനായി അടുത്തുള്ള പബ്ബിലാണ് സാം ജോലി ചെയ്തത്. ആഴ്ചയില്‍ ഏഴ് ദിവസവും ജോലി ചെയ്താണ് സാം റൂമിന്റെ വാടക കണ്ടെത്തിയത്. പബ്ബില്‍ ബിയര്‍ വിതരണം ചെയ്യുകയായിരുന്നു പ്രധാന ജോലി. എന്നാല്‍ ചില ഘട്ടങ്ങളില്‍ പബ്ബിലെ കക്കൂസ് വൃത്തിയാക്കേണ്ടതായും വന്നിട്ടുണ്ട്. അപ്പോഴും കളിയാക്കലുകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ഒട്ടും കുറവുണ്ടായിരുന്നില്ല. ഇതെല്ലാം നേരിട്ടാണ് സാം തന്റെ യാത്ര തുടര്‍ന്നത്.
2012-ന് ശേഷമാണ് പ്രൊഫഷണലായുള്ള സാമുവലിന്റെ വളര്‍ച്ച ആരംഭിക്കുന്നത്. ഹൗവാര്‍ഡ്-ലോറന്‍സ് സഹോദരന്മാരുടെ 'ഡിസ്‌ക്ലോഷര്‍' ഇലക്ട്രോണിക് മ്യൂസിക്കിലെ 'ലാച്ച്' എന്ന ഗാനം ആലപിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീടങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ നിരവധി പാട്ടുകള്‍ സാം പാടി. 'നോട്ടി ബോയ്‌സി'ന്റെ 'ലാലാലാ' എന്ന പാട്ട് യുകെ സിംഗിള്‍സ് ചാര്‍ട്ടില്‍ ഒന്നാമതായി. 2014 ബ്രിട്ടീഷ് ക്രിട്ടിക്‌സ് ചോയിസ് അവാര്‍ഡ് നേടിയ സാം ബിബിസി യുടെ സൗണ്ട് ഓഫ് 2014 പോളിലും ഒന്നാമതായി.

2014-മേയ് മാസത്തില്‍ സാമിന്റെ ആദ്യത്തെ സ്റ്റുഡിയോ ആല്‍ബം 'ഇന്‍ ദ ലോണ്‍ലി അവര്‍' പുറത്തിറങ്ങി. അതിലെ 'ലെയ് മി ഡൗണ്‍', 'മണി ഓണ്‍ മൈ മൈന്‍ഡ്' പാട്ടുകള്‍ വന്‍ തരംഗമായി മാറി. 'സ്റ്റേ വിത്ത് മി' എന്ന ഗാനം യുകെ ആല്‍ബം ചാര്‍ട്ടില്‍ ഒന്നാമതും യുഎസ് ബില്‍ബോര്‍ഡ് ഹോട്ട് 100 ല്‍ രണ്ടാമതുമായി. സാമിന്റെ പാട്ടുകള്‍ രാജ്യങ്ങള്‍ കടന്ന് അലയടിച്ചു. പലരും സാമിന്റെ പാട്ടുകളുടെ ആരാധകരായി മാറി. 2014-ല്‍ ഫേവറിറ്റ് പോപ് മെയില്‍ ആര്‍ട്ടിസ്റ്റ് അവാര്‍ഡ് തേടിയെത്തി. നിരവധി അവാര്‍ഡുകളിലേക്ക് സാം സ്മിത്ത് നോമിനേറ്റ് ചെയ്യപ്പെട്ടു.
57-ാമത് ഗ്രാമി അവാര്‍ഡ് വേദിയില്‍ സാം സ്മിത്ത് അവാര്‍ഡുകള്‍ വാരിക്കൂട്ടി. ബെസ്റ്റ് പോപ് വോക്കല്‍ ആല്‍ബം, ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ്, റെക്കോഡ് ഓഫ് ദ ഇയര്‍, സോങ് ഓഫ് ദ ഇയര്‍ അവാര്‍ഡുകളുമായാണ് സാം നിറഞ്ഞുനിന്നത്. ആല്‍ബം ഓഫ് ദ ഇയര്‍, ബെസ്റ്റ് പോപ് സോളോ പെര്‍ഫോമന്‍സ് അവാര്‍ഡുകളിലേക്ക് നോമിനേറ്റും ചെയ്യപ്പെട്ടു. ആ വേദിയില്‍ വെച്ച് സാം സ്മിത്ത് തന്റെ പങ്കാളിക്ക് നന്ദിയും രേഖപ്പെടുത്തി.

ഒടുക്കം വിനോദമേഖലയില്‍ നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമായ ഓസ്‌കര്‍ അവാര്‍ഡും സാമിനെ തേടിയെത്തി. 2015-ലാണ് അയാള്‍ വീണ്ടും ലോകത്തിന് മുന്നില്‍ തരംഗമായി മാറിയത്. ജെയിംസ് ബോണ്ട് ചിത്രമായ സ്‌പെക്ട്രെയിലെ 'റൈറ്റിങ്‌സ് ഓണ്‍ ദ വാള്‍' എന്ന പാട്ടിനാണ് സാം സ്മിത്ത് ജിമ്മി നേപ്‌സിനൊപ്പം ഓസ്‌കര്‍ അവാര്‍ഡ് കരസ്ഥമാക്കിയത്. ഓസ്‌കര്‍ വേദിയില്‍ വെച്ച് താന്‍ ഗേയാണെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി. പിന്നാലെ 2017-ല്‍ സാമിന്റെ രണ്ടാമത്തെ സ്റ്റുഡിയോ ആല്‍ബമായ 'ദ ത്രില്‍ ഓഫ് ഇറ്റ് ഓള്‍' പുറത്തിറങ്ങി. ഇത് യുകെ, യുഎസ് ആല്‍ബം ചാര്‍ട്ടുകളില്‍ മുന്നിലുമെത്തി. യൂട്യൂബില്‍ സാമിന്റെ ചില പാട്ടുകള്‍ക്ക് ഒരു ബില്ല്യണിലധികം കാഴ്ചക്കാരുണ്ടായി.
പിന്നീടങ്ങോട്ട് സാമിന്റെ പാട്ടുകളെല്ലാം രാജ്യങ്ങള്‍ കടന്ന് മുഴങ്ങി. യുവാക്കള്‍ ആ പാട്ടുകള്‍ക്കൊപ്പം ഒഴുകിനടന്നു. പ്രണയിക്കുന്നവര്‍ക്കും പ്രണയനഷ്ടത്താല്‍ തിരിഞ്ഞുനടക്കുന്നവര്‍ക്കുമെല്ലാം അയാളുടെ ചുണ്ടനക്കങ്ങള്‍ വേറിട്ടൊരു അനുഭൂതി നല്‍കി. അവര്‍ അതില്‍ ലയിച്ചുചേര്‍ന്നു. കോടിക്കണക്കിന് മനുഷ്യരുടെ വികാരങ്ങള്‍ക്കൊപ്പം ചേര്‍ന്നൊഴുകിയ ആ പാട്ടുകളുടെ അലയൊലികള്‍ ഒരര്‍ഥത്തില്‍ ചിതറിത്തെറിച്ച സ്വപ്നങ്ങള്‍ പേറുന്ന നിസ്സഹായരായ മനുഷ്യരുടെ പ്രതിബിംബം കൂടിയായിരുന്നു. ലോകത്തില്‍ മറ്റൊരാള്‍ക്കും ഒരു പക്ഷേ ഇത്രയാഴത്തില്‍ വിരഹത്തെ പാട്ടിലൂടെ പ്രതിഫലിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടാകില്ല. 'ടൂ ഗുഡ് അറ്റ് ഗുഡ്‌ബൈസ്' എന്ന പാട്ട് കേള്‍ക്കുമ്പോള്‍ വിടപറഞ്ഞുപോയ മനുഷ്യരേയാണ് ഓര്‍മവരിക എന്നാരോ എഴുതിയിട്ടുണ്ട്. ഇത്രയും സന്തോഷത്തോടെ എങ്ങനെയാണ് നിങ്ങള്‍ക്കിങ്ങനെയുള്ള പാട്ടുകളെഴുതാന്‍ സാധിക്കുന്നതെന്ന ചോദ്യത്തിന് താന്‍ അതിന് പൂര്‍ണസന്തോഷവാനല്ലല്ലോയെന്ന് മറുപടിയാണ് സാം നല്‍കുന്നത്.
പാട്ടുകളും അവാര്‍ഡുകളും കൊണ്ട് സമ്പന്നമായ സാം സ്മിത്ത് പക്ഷേ വ്യക്തി ജീവിതത്തില്‍ ഏറെ പ്രതിസന്ധികളിലൂടെയായിരുന്നു കടന്നുപോയത്. ജീവിതകാലം മുഴുവന്‍ താന്‍ തന്റെ ജെന്‍ഡറുമായി പോരാട്ടത്തിലായിരുന്നുവെന്ന് സാം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. 2017-ല്‍ മറ്റൊരു വെളിപ്പെടുത്തലും അദ്ദേഹം നടത്തി. ഒരു പുരുഷനേപ്പൊലെ തന്നെ സ്ത്രീയായും തനിക്ക് തോന്നുന്നുണ്ടെന്നായിരുന്നു ഒരഭിമുഖത്തില്‍ സാം അഭിപ്രായപ്പെട്ടത്. ജീവിതത്തില്‍ പുരുഷന്മാര്‍ ധരിക്കുന്ന വസ്ത്രങ്ങളൊന്നും ഇല്ലാതിരുന്ന ഘട്ടം പോലും ഉണ്ടായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ സാം ബാറില്‍ ജോലി ചെയ്യുന്ന സമയത്ത് അതിക്രമങ്ങള്‍ നേരിടേണ്ടിവന്നതായും കൂട്ടിച്ചേര്‍ത്തു. താന്‍ വളര്‍ന്നുവന്ന സാഹചര്യങ്ങള്‍ തന്നെ ഫെമിനിസ്റ്റാക്കി മാറ്റിയെന്നും സാം കരുത്തോടെ പറഞ്ഞുവെക്കുന്നു.

'തെറി വിളിക്കുന്നത് എന്നെ ഒരിക്കലും ബാധിക്കില്ല. അതിനേക്കാള്‍ ഒരാള്‍ തടിയനെന്ന് വിളിക്കുന്നതാണ് എന്നെ ബാധിക്കുക. ഗേ എന്ന് വിളിച്ചാല്‍ അത് എനിക്ക് അഭിമാനമാണ്. അതില്‍ ഒരു പ്രശ്‌നവുമില്ല. എന്നാല്‍ തടിയനെന്ന് വിളിച്ചാല്‍ അങ്ങനെയല്ല. അതില്‍ മാറ്റം കൊണ്ടുവരാനാണ് ഞാന്‍ ശ്രമിക്കുന്നത്.'- സാം ഒരു അഭിമുഖത്തില്‍ ഇങ്ങനെയാണ് പറഞ്ഞത്.
പ്രണയവും വിരഹവും ചാലിച്ച ചുണ്ടനക്കങ്ങളിലൂടെയല്ല ഇടര്‍ച്ചയില്ലാത്ത കരുത്തുറ്റ നിലപാടുകളിലൂടെയാണ് യഥാര്‍ഥത്തില്‍ സാമുവല്‍ ഫ്രഡറിക് സ്മിത്തെന്ന മനുഷ്യനെ അടയാളപ്പെടുത്തേണ്ടത്. കളിയാക്കലുകളും അധിക്ഷേപങ്ങളും കൊണ്ട് വേട്ടയാടപ്പെട്ട ആ കൗമാരക്കാരന്‍ അപ്രാപ്യമെന്ന് തോന്നിയേക്കാവുന്ന ദൂരങ്ങളത്രയും താണ്ടുന്നത് അചഞ്ചലമായ മനക്കരുത്തോടെയാണ്. പബ്ബിലെ കക്കൂസ് വൃത്തിയാക്കുമ്പോള്‍ ജീവിതത്തില്‍ വിജയിക്കുമോയെന്ന് തോന്നിയിരുന്നോ എന്ന് ഒരു അഭിമുഖത്തില്‍ സാമിനോട് ചോദിക്കുന്നുണ്ട്. ഇരുണ്ട നാളുകളില്‍ പോലും എല്ലാം ശരിയാകുമെന്ന കാര്യത്തില്‍ ഒരു ആശങ്കയുമുണ്ടായിരുന്നില്ലെന്നതായിരുന്നു മറുപടി. അയാള്‍ അങ്ങനെയാണ് ഒരു പോരാട്ടത്തിന്റെ പ്രതീകമാവുന്നത്. അയാള്‍ പാടിയ പാട്ടുകളേയല്ല, പകര്‍ന്ന പാഠങ്ങളേയാണ് നാം ജീവിതത്തില്‍ എപ്പോഴും ഓര്‍ത്തിരിക്കേണ്ടത്.
Content Highlights: life story of oscar winner sam smith
Published: 21 Jun 2023, 10:45 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented