മാപ്പിളപ്പാട്ടുവഴിയില്‍ പുതിയ ഭാവുകത്വം പകര്‍ന്ന കലാകാരിയാണ് വിളയില്‍ ഫസീല. മലപ്പുറത്തെ അരീക്കോടിനടുത്ത വിളയില്‍ എന്ന കൊച്ചുഗ്രാമത്തില്‍നിന്ന് ഉയര്‍ന്നുവന്ന്, മാപ്പിളപ്പാട്ടുകള്‍ പാടിപ്പാടി വളര്‍ന്നു.  മാപ്പിളപ്പാട്ടിന് മലയാളക്കരയില്‍ ഒരു സുല്‍ത്താനയുണ്ടെങ്കില്‍ അത് വിളയില്‍ ഫസീലയാണ്. 

To advertise here,

മലയാളത്തില്‍ ഇപ്പോഴും പൊലിമയോടെ കേട്ടിരിക്കാന്‍ പറ്റുന്ന പഴയ മാപ്പിളപ്പാട്ടുകളെടുത്താല്‍, മുന്‍നിരയില്‍ത്തന്നെയുണ്ടാകും വിളയില്‍ ഫസീലയുടെ പാട്ടുകള്‍. കിരികിരി ചെരിപ്പുമായ്, ആമിന ബീവിക്കോമന മകനായ്, ഹജ്ജിന്റെ രാവില്‍ ഞാന്‍ കഅബം കിനാവ് കണ്ടു തുടങ്ങിയ പാട്ടുകള്‍ മറക്കാനാവില്ല. പാട്ടുവഴിയില്‍ അവര്‍ വെളിച്ചം തെളിച്ചു തുടങ്ങിയിട്ട് അരപ്പതിറ്റാണ്ട് കഴിഞ്ഞു. അതിന്റെ മാധുര്യം നിറഞ്ഞ ഓര്‍മകളിലാണ്‌ ഫസീല. 

placeholder
റംല ബീഗം, കണ്ണൂര്‍ സീനത്ത്, വിളയില്‍ ഫസീല, രഹ്ന എന്നിവര്‍

കൊച്ചു ഗ്രാമത്തില്‍നിന്ന് പാട്ടിന്റെ അരങ്ങത്തേക്ക്

വി.എം. കുട്ടി എന്ന മഹാനായ മനുഷ്യനില്ലായിരുന്നെങ്കില്‍ വിളയില്‍ ഫസീല എന്ന എന്റെ പേരോ ബ്രാന്‍ഡോ ഉണ്ടാകുമായിരുന്നില്ല. 1970-ല്‍, വിളയില്‍ പറപ്പൂര്‍ വി.പി.എ.യു.പി. സ്‌കൂളില്‍ അഞ്ചാംക്ലാസില്‍ പഠിക്കുമ്പോഴാണ് എന്റെ കരിയറിന്റെ ആരംഭം എന്നു പറയാം. ആകാശവാണി കോഴിക്കോട് നിലയത്തില്‍ ബാലലോകം പരിപാടി അവതരിപ്പിക്കുന്നതിനായി വി.എം. കുട്ടി മാഷിന് കുറച്ച് കുട്ടികളെ ആവശ്യമുണ്ടായിരുന്നു. അതിന്റെ അലച്ചിലിലായിരുന്നു അദ്ദേഹം. അങ്ങനെയാണ് അദ്ദേഹം വിളയില്‍ പറപ്പൂര്‍ വി.പി.എ.യു.പി. സ്‌കൂളിലെത്തുന്നത്. കാരിക്കുഴിയന്‍ മുഹമ്മദ് കുട്ടി മാഷ് വഴി സൗദാമിനി ടീച്ചറിലെത്തുകയായിരുന്നു അദ്ദേഹം. 

സ്‌കൂളിലെത്തി സൗദാമിനി ടീച്ചറോട് അദ്ദേഹം കാര്യമവതരിപ്പിച്ചു. സ്‌കൂള്‍ സാഹിത്യ സമാജത്തിലെ സ്ഥിരം പാട്ടുകാരെ ടീച്ചര്‍ ബാലലോകത്തിനായി ഒരുക്കി. സ്‌കൂളില്‍ പാടും എന്നല്ലാതെ, അതിന്റെ മുന്‍പ് ഒരു മത്സരത്തില്‍പ്പോലും പങ്കെടുത്തതിന്റെ അനുഭവമില്ല. 'തേനൊഴുകുന്നൊരു നോക്കാലെ, തേവി നനക്ക്ണ പെണ്ണാളെ, കയറിട്ട പജ്ജിനെ കയ്ച്ചിട്ടതെന്തിന് പറയുക പൊന്നേ' എന്ന പാട്ടാണ് അന്ന് മാഷിന് പാടിക്കൊടുത്തത്. പ്രഭാകരേട്ടനും ബാലേട്ടനുംകൂടെ വീട്ടില്‍ക്കൊണ്ടുതന്ന് അവരുതന്നെ ഈണം പകര്‍ന്നുതന്ന പാട്ടാണത്. അതെഴുതിയത് ആരാണെന്ന് അറിയില്ല. ഏതായാലും ആ പാട്ടുകേട്ടാണ് മാഷ് ടീമിലേക്ക് എന്നെ സെലക്ട് ചെയ്യുന്നത്. മാപ്പിളപ്പാട്ടുവഴിയില്‍ തന്നെയെത്തിച്ചത് ആ പാട്ടാണ്. പിന്നീട് മിക്കവാറും പുളിക്കലെ വി.എം. കുട്ടി മാഷിന്റെ വീട്ടിലായിരുന്നു. അവിടെനിന്നാണ് മാപ്പിളപ്പാട്ടുകള്‍ പഠിച്ചത്. 

placeholder
റെക്കോഡിങ്ങിനിടെ വി.എം. കുട്ടി, വിളയില്‍ ഫസീല, കെ.ജെ. യേശുദാസ്, എ.ടി. ഉമ്മര്‍ എന്നിവര്‍

അറബി ഉച്ചാരണം 

കഠിനമായി പ്രയത്‌നിച്ചു തന്നെയാണ് അറബി പഠിച്ചത്. മാഷിന്റെ സ്‌നേഹിതനായിരുന്ന മുഹമ്മദ് നാലകത്ത് എന്ന അറബി മുന്‍ഷി വഴിയാണ് അറബി ഉച്ചാരണങ്ങള്‍ പഠിച്ചത്. വൈകീട്ട് സ്‌കൂള്‍ വിട്ടുവന്ന ശേഷമാണ് മാഷ് അറബി പഠിപ്പിച്ചിരുന്നത്. അറബി കവി ഇമാം ബൂസ്വീരിയുടെ പ്രവാചകന്‍ മുഹമ്മദ് നബിയെ സംബന്ധിച്ചുള്ള ആലാപന കാവ്യമായ ബുര്‍ദയാണ് അറബി പഠിക്കുന്നതിനായി പ്രധാനമായും അവലംബിച്ചിരുന്നത്. അതിലെ വ്യത്യസ്തങ്ങളായ അക്ഷരങ്ങള്‍ പറഞ്ഞു പരിശീലിപ്പിച്ചാണ് അറബി പഠിക്കുന്നത്. 

അമിന്‍ തദക്കുരിജീറാനിന്‍ ബിദീ സലമീ, മസ്സജ്ത ദംഅന്‍ ജറാ മിന്‍ മുഖ്‌ലത്തിന്‍ ബിദമീ എന്നു തുടങ്ങുന്ന നിരവധി വരികള്‍ ആലപിച്ചു പരിശീലിച്ചതുവഴി അറബിയക്ഷരങ്ങള്‍ നന്നായി വഴങ്ങി. അക്കാലത്ത് മാപ്പിളപ്പാട്ടുകള്‍ പാടുംമുന്നേ അറബി കാവ്യങ്ങള്‍ ആലപിക്കുന്ന പതിവുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മാപ്പിളപ്പാട്ടു ഗായകര്‍ക്ക് അറബി അക്ഷരശുദ്ധി നിര്‍ബന്ധമായിരുന്നു.

മലയാളത്തിലെ 'ഹ' എന്ന അക്ഷരംതന്നെ അറബിയില്‍ രണ്ടു രീതിയില്‍ ഉച്ചരിക്കും. തൊണ്ടയുടെ താഴ്ഭാഗത്തുനിന്നുവരുന്ന വിധത്തിലും തൊണ്ടയുടെ മുകള്‍ ഭാഗത്തുനിന്നുവരുന്ന വിധത്തിലുമാണത്. പുറത്തേക്കുള്ള കേള്‍വിയില്‍ സൂക്ഷിച്ച് ശ്രദ്ധിച്ചാലേ ആ മാറ്റം തിരിച്ചറിയൂ. അത്തരം അക്ഷരങ്ങളെക്കുറിച്ചും മറ്റുമുള്ള പഠനങ്ങള്‍ക്ക് 'തജ്‌വീദ്' എന്നാണ് പറയുക. അതെല്ലാം മാഷ് നന്നായി പഠിപ്പിച്ചു തന്നിരുന്നു. അക്കാലത്തെ മാപ്പിളപ്പാട്ടുകള്‍ക്ക് മുന്‍പ് അറബി വാക്യങ്ങള്‍ പ്രത്യേക ഈണത്തില്‍ ആലപിക്കേണ്ടിയിരുന്നതിനാലും അറബി പഠനം നിര്‍ബന്ധമായി.

placeholder
വി.എം. കുട്ടിക്കും വിളയില്‍ ഫസീലയ്ക്കും ദുബായില്‍ നല്‍കിയ സ്വീകരണത്തിനിടെ

30 ദിവസവും പരിപാടി

പരിപാടികള്‍ക്ക് ഇപ്പോഴും പോകാറുണ്ട്. നമ്മെ ആവശ്യമുള്ളവരൊക്കെ ഇപ്പോഴും വിളിക്കും. 1970 മുതല്‍ തുടങ്ങിയ പരിപാടിയാണല്ലോ. മാഷെ കൂടെ പാടിത്തുടങ്ങിയ കാലത്ത് 30 ദിവസവും പരിപാടിയുള്ള മാസമൊക്ക ഉണ്ടായിരുന്നു. അതില്‍ത്തന്നെ ഒരു ദിവസം കാസര്‍ക്കോട്ടും തിരുവനന്തപുരത്തും പരിപാടികളുണ്ടായിരുന്ന കാലവുമുണ്ട്. അന്ന് സ്റ്റേജില്‍നിന്ന് സ്റ്റേജിലേക്ക് എന്ന കണക്കില്‍ നിരന്തരം പരിപാടിയായിരുന്നു.

വി.എം. കുട്ടിയെ സംബന്ധിച്ച ഓര്‍മ

നേരത്തേ പറഞ്ഞല്ലോ, വി.എം. കുട്ടി മാഷ് എന്നയാള്‍ ഇല്ലെങ്കില്‍ ഇന്നീ കാണുന്ന ഫസീലയും ഇല്ല. പാടിയ പാട്ടുകളില്‍ മുക്കാല്‍ ഭാഗവും അവര്‍ക്കൊപ്പമായിരുന്നു. ഫസീല എന്ന പാട്ടുകാരിയെ രൂപപ്പെടുത്തിയതുപോലെ, ഇന്നീ കാണുന്ന സ്വഭാവം രൂപവത്കരിച്ചതിലും അദ്ദേഹത്തോട് വലിയ കടപ്പാടുണ്ട്. സ്‌റ്റേജ് ഷോകളില്‍ പോകുമ്പോള്‍ നമ്മെ ഇഷ്ടപ്പെട്ടു വരുന്നവരെ പരിഗണിക്കേണ്ട വിധവും, അവരോട് സ്‌നേഹമസൃണമായി പെരുമാറേണ്ട വിധവുമെല്ലാം പഠിപ്പിച്ചുതന്നത് മാഷാണ്. 

മാഷ് ഓര്‍മയായിട്ട് രണ്ട് കൊല്ലത്തോടടുക്കുന്നു. പിതാവ്‌ വിട്ടുപിരിഞ്ഞതു പോലെയാണ് മാഷിന്റെ വേര്‍പ്പാട് അനുഭവപ്പെടുന്നത്. ആ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍, പൂമുഖത്ത് ആളൊഴിഞ്ഞു നില്‍ക്കുന്ന കസേര കാണുമ്പോള്‍ത്തന്നെ സങ്കടം വരും. മുന്നില്‍ത്തന്നെയുള്ള ആടുന്ന ഒരു കസേരയാണത്. മാഷ് അവിടെ ഉണ്ടായിരുന്നപ്പോഴൊക്കെ അതില്‍ ഇരിക്കുന്നത് കാണാമായിരുന്നു. അതില്‍ ഇനി ആ ആളെക്കാണാനാവില്ലല്ലോ എന്ന വേദനയുണ്ടിപ്പോള്‍. മാഷ് വല്ലാത്തൊരു പോക്കാണ് പോയത്. 

യേശുദാസിന്റെ നേതൃത്വത്തിൽ തരംഗിണി സ്റ്റുഡിയോയിൽനിന്ന് നിരന്തരം കാസെറ്റുകൾ ഇറങ്ങിയ എൺപതുകളിലാണ് മാപ്പിളപ്പാട്ടുകൾ അക്കാലത്തെ സാങ്കേതികതയുമായി യോജിപ്പിച്ച് പുറത്തിറങ്ങുന്നത്. രണ്ടോ മൂന്നോ വോള്യം മാപ്പിളപ്പാട്ടുകൾ തരംഗിണിയിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇതോടെ മിക്കവാറും എല്ലാ വീടുകളിലും ഞങ്ങളുടെ പേരുകളും സുപരിചിതമായി. വി.എം. കുട്ടി മാഷിന്റെ നേതൃത്വത്തിൽ യേശുദാസാണ് പാട്ടുകൾ കൂടുതൽ പാടിയതെങ്കിലും ഞാനും അതിന്റെ ഭാഗഭാക്കായി.

ബാംഗ്ലൂരോര്‍മ

വീണ്ടുമൊരു പെരുന്നാള്‍ വരികയാണല്ലോ. മാഷെ വീട്ടില്‍ത്തന്നെ നിന്നുകൊണ്ട് പഠിച്ചിരുന്നതിനാല്‍ അവിടെ പെരുന്നാളിനൊക്കെ കൂടിയിരുന്നു. അക്കാലത്ത് പെരുന്നാളിന് ബാംഗ്ലൂരിലായിരിക്കും മിക്കവാറും പരിപാടിയുണ്ടാവുക. ഇവിടത്തെ പെരുന്നാളിന്റെ പിറ്റേന്നായിരിക്കും ബാംഗ്ലൂരിലെ പെരുന്നാള്‍. അപ്പോള്‍ പെരുന്നാള്‍ ദിനത്തില്‍ മാഷെ വീട്ടില്‍ സുപ്രയൊക്കെ വിരിച്ച് എല്ലാവരും ഒന്നിച്ചിരുന്ന് പെരുന്നാള്‍ ഭക്ഷണം കഴിക്കും. പിന്നീട് അന്ന് വൈകുന്നേരംതന്നെ ബാംഗ്ലൂരിലേക്ക് തിരിക്കും. 

പുലര്‍ച്ചെ ബാംഗ്ലൂരിലെത്തുമ്പോള്‍ അവിടെയും പെരുന്നാളായിരിക്കും. കൊണ്ടോട്ടിക്കാരനായ മുഹമ്മദ്ക്ക എന്നയാളുടെ റെയിന്‍ബോ ഹോട്ടലിലാണ് ബാംഗ്ലൂരെത്തിയാല്‍ സ്ഥിരമായി താമസിക്കാറ്. മാഷും കൂട്ടരും അവിടെയെത്തിയ ക്ഷീണത്തില്‍ റെയിന്‍ബോ ഹോട്ടല്‍ മുറിയില്‍ വിശ്രമിക്കും. ഞാന്‍ പക്ഷേ, ഉറങ്ങില്ല. അവിടത്തെ ആളുകള്‍ പെരുന്നാള്‍ നിസ്‌കാരത്തിനും സുബ്ഹി നിസ്‌കാരത്തിനുമായി പുലര്‍ച്ചെ അഞ്ചുമണിക്ക് പള്ളിയില്‍ പോകുന്ന കാഴ്ച ജനലില്‍ക്കൂടി നോക്കിയിരിക്കും. നിസ്‌കാരശേഷം അവര്‍ പരസ്പരം ആശ്ലേഷിക്കുന്നതും പെരുന്നാള്‍ സന്ദേശം കൈമാറുന്നതും കാണാന്‍ നല്ല രസമാണ്. 

placeholder
കെ.ജെ. യേശുദാസ്, വി.എം. കുട്ടി, ആന്റപ്പന്‍, വിളയില്‍ ഫസീല, ആലപ്പി രംഗനാഥ്, ജോര്‍ജ് എന്നിവര്‍

പേരിലെ 'വിളയില്‍'

പാട്ടിന്റെ ഭാഗമായി നാടുവിട്ട് പലയിടത്ത് താമസിക്കേണ്ടി വന്നപ്പോഴും, പേരിലെ വിളയില്‍ എന്ന ഐഡന്റിറ്റി ഒരിക്കലും മാറ്റിയിട്ടില്ല. ജനിച്ചുവളര്‍ന്ന നാടല്ലേ. പുളിക്കലേക്കും അവിടെനിന്ന് കോഴിക്കോട്ടേക്ക് മാറിയപ്പോഴും, പയ്യന്നൂര്‍ സ്വദേശിയായ ടി.കെ.പി. മുഹമ്മദലിയെ 1986-ല്‍ വിവാഹം കഴിച്ചപ്പോഴുമൊന്നും പേരിലെ വിളയില്‍ എന്ന ഐഡന്റിറ്റി ഒഴിവാക്കിയിട്ടില്ല.

വിളയിലുമായി ഇപ്പോഴും നല്ല സ്‌നേഹബന്ധമാണ്. സഹോദരന്റെ വീട്ടില്‍ ഇടയ്ക്കിടെ പോകാറുണ്ട്. നാട്ടുകാരും കുടുംബക്കാരും ബന്ധുക്കളും വിളിക്കുന്ന പരിപാടികള്‍ക്കെല്ലാം ഇപ്പോഴും പോകാറുണ്ട്. സഹോദരന്റെ പിറന്നാളിനോടനുബന്ധിച്ച് കഴിഞ്ഞയാഴ്ച പോലും പോയിട്ടുണ്ട്. മക്കളെയൊക്കെക്കണ്ട് അവരുടെകൂടെ ആഘോഷപ്പരിപാടികളിലൊക്കെ പങ്കെടുത്തു.